ലോക ക്വിസ് ചാംപ്യന്‍ഷിപ്പിന് തുടക്കമായി
കോഴിക്കോട്: അന്താരാഷ്ട്ര ക്വിസിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക ക്വിസിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ജില്ലാ ഭരണകൂടവും ക്വിസ് കേരളയും സംയുക്തമായാണ് ക്വിസ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ വിവിധ നഗരങ്ങളിലായി നടക്കുന്ന ലോക ക്വിസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ കേരളത്തിലെ ഏകവേദിയാണ് കോഴിക്കോട്. ഇന്നലെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള റിവര്‍ബറേറ്റ് ക്വിസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
കുട്ടികള്‍ക്കായുള്ള 'കുഞ്ഞിരാമായണം' എന്ന ക്വിസ് മത്സരമായിരുന്നു ഫെസ്റ്റിവലിലെ ആദ്യത്തെ ഇനം. തേഞ്ഞിപ്പലം സെന്റ് പോള്‍സ് ഇ.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ മാധവ് ബാബു, അമിത് ജിയോ ജോസ് എന്നിവരടങ്ങിയ ടീം ഒന്നാംസ്ഥാനവും റോഷന്‍ പോള്‍ വര്‍ഗീസ്, നിഖില്‍ സുന്ദര്‍ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി. പൊതുജനങ്ങള്‍ക്കായി നടത്തിയ 'എന്തിരന്‍' സയന്‍സ് ക്വിസ് മത്സരത്തില്‍ ചന്ദ്രകാന്ത് നായര്‍, അജയ് പരമേശ്വരന്‍ ടീം ഒന്നാംസ്ഥാനവും മാളവിക, സൈനബ് ഉമര്‍ ഫാറൂഖ് ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ജനറല്‍ ക്വിസ് മത്സരത്തില്‍ നീരജ്.പി.എസ്, മുഹമ്മദ് ഫസീല്‍ ടീം ഒന്നാംസ്ഥാനവും അഭിരാമി ഗിരിഷ്, അലോക് റിയോന്‍ ടീം രണ്ടാംസ്ഥാനവും നേടി.
പൊതുജനങ്ങള്‍ക്കായുള്ള സ്‌പോര്‍ട്‌സ് ക്വിസ് മല്‍സരവും ഇന്നലെ നടന്നു. ഫെസ്റ്റിവല്‍ ഇന്നും നാളെയും തുടരും. ഇന്ന് രാവിലെ 9.30 മുതല്‍ പൊതുജനങ്ങള്‍ക്കായി ഇന്ത്യ ക്വിസ്, ജനറല്‍ ക്വിസ്, കേരള ക്വിസ് എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."