ക്രിസ്റ്റ്യാനോ രക്ഷകന്‍; മുഖം രക്ഷിച്ച് റയല്‍
മാഡ്രിഡ്: സ്വന്തം തട്ടകത്തില്‍ നണംകെട്ട തോല്‍വിയിലേക്ക് നീങ്ങിയ റയല്‍ മാഡ്രിഡിനെ രക്ഷപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണാബുവില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിട്ട റയല്‍ 1-1ന് സമനില പിടിച്ചെടുത്താണ് മുഖം രക്ഷിച്ചത്. കളിയുടെ 14ാം മിനുട്ടില്‍ ഇനകി വില്ല്യംസിന്റെ ഗോളില്‍ റയലിനെ ഞെട്ടിച്ച ബില്‍ബാവോ പിന്നീട് അവരെ ഗോളടിക്കാന്‍ അനുവദിക്കാതെ കടുത്ത പ്രതിരോധം തീര്‍ത്തു. മത്സരത്തില്‍ റയല്‍ തോല്‍വിയിലേക്ക് നീങ്ങവേയാണ് 87ാം മിനുട്ടില്‍ ലൂക്ക മോഡ്രിചിന്റെ അസിസ്റ്റില്‍ നിന്ന് ക്രിസ്റ്റ്യാനോ ഗോള്‍ കണ്ടെത്തി ടീമിനെ രക്ഷിച്ചത്. 33 മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്ത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയ വഴിയില്‍
ലണ്ടന്‍: എവേ പോരാട്ടത്തില്‍ ബേണ്‍മൗത്തിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ വിജയ വഴിയില്‍ തിരിച്ചെത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്റെ വിജയം. പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി ഉറപ്പിച്ച സാഹചര്യത്തില്‍ രണ്ടാം സ്ഥാനമെങ്കിലും കൈമോശം വരാതിരിക്കാനുള്ള ശ്രമമെന്ന നിലയില്‍ പ്ലയിങ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് മൗറീഞ്ഞോ ടീമിനെ ഇറക്കിയത്. അത് മത്സര ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ക്രിസ് സ്മാളിങ് 28ാം മിനുട്ടിലും റൊമേലു ലുകാകു 70ാം മിനുട്ടിലും ടീമിനായി വല ചലിപ്പിച്ചു. 34 മത്സരങ്ങളില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 74 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാമത്.
കിരീടത്തിനായി യുവന്റസും നാപോളിയും ഇഞ്ചോടിഞ്ച്
മിലാന്‍: അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കേ ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തുള്ള യുവന്റസും രണ്ടാമതുള്ള നാപോളിയും തമ്മില്‍ കിരീടപ്പോര് മുറുകി. കഴിഞ്ഞ ദിവസം യുവന്റസിനെ ക്രോടോണ്‍ 1-1ന് സമനിലയില്‍ പിടിച്ചപ്പോള്‍ നാപോളി സ്വന്തം തട്ടകത്തില്‍ 4-2ന് ഉദീനിസയെ വീഴ്ത്തിയതാണ് സീരി എ പോര് വീണ്ടും മുറുകാന്‍ കാരണം. 33 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 85 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത്. ഇത്രയും കളികളില്‍ നിന്ന് 81 പോയിന്റുമായി നാപോളി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇരു ടീമുകള്‍ക്കും മറ്റൊരു ടീമിന്റെയും ഭീഷണിയില്ലാത്തതിനാല്‍ കിരീടം രണ്ടില്‍ ആര്‍ക്കെന്നത് മാത്രമാണ് സീരി എയിലെ ഇത്തവണത്തെ ഹൈ ലൈറ്റ്. നാല് പോയിന്റിന്റെ മാത്രം വ്യത്യാസമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍ തമ്മില്‍ എന്നതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകം.
ക്രോടോണിനെതിരേ അലക്‌സ് സാന്‍ഡ്രോയുടെ ഗോളില്‍ 16ാം മിനുട്ടില്‍ മുന്നിലെത്തിയ യുവന്റസിനെ 65ാം മിനുട്ടില്‍ നുവാന്‍ക്വോ നേടിയ ഗോളിലാണ് ക്രോടോണ്‍ സമനിലയില്‍ തളച്ചത്.
സ്വന്തം തട്ടകത്തില്‍ രണ്ട് തവണ പിന്നിലായ ശേഷമാണ് നാപോളിയുടെ തിരിച്ചുവരവ്. ഉദീനിസെ ലീഡെടുത്ത് തുടങ്ങിയ പോരാട്ടത്തില്‍ ഇന്‍സിനെ, അല്‍ബിയോള്‍, മിലിക്, ടോണെലി എന്നിവരുടെ ഗോളിലാണ് നാപോളി 4-2ന് മത്സരം വിജയിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന് തുടങ്ങിയ നാപോളി സമനില പിടിച്ചെങ്കിലും രണ്ടാം ഗോളും വലയിലെത്തിച്ച് ഉദീനിസെ അവരെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് മൂന്ന് ഗോളുകള്‍ അടിച്ച് നാപോളി ഉജ്ജ്വല വിജയം സ്വന്തമാക്കുയായിരുന്നു. മറ്റ് മത്സരങ്ങളില്‍ ലാസിയോ 4-3ന് ഫിയോരെന്റിനയേയും റോമ 2-1ന് ജെനോവയേയും പരാജയപ്പെടുത്തി. ടൊറിനോ- എ.സി മിലാന്‍ പോരാട്ടം 1-1ന് സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."