ഹരിത കേരളം പദ്ധതി: തുടക്കം കുറിച്ച എരനെല്ലൂര്‍ ക്ഷേത്രക്കുളം 'കാണാനില്ല'
പനമരം: 2016 ഡിസംബര്‍ എട്ടിന് ഹരിത കേരളത്തിന്റെ വയനാട് ജില്ലാ തല ഉദ്ഘാടനം പനമരം എരനെല്ലൂര്‍ ക്ഷേത്രക്കുളം ശുചീകരണം ആരംഭിച്ചുകൊണ്ട് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുന്‍ തലമുറകള്‍ കൈമാറിയ അരുവികളുടേയും പച്ചപ്പുകളുടേയും പ്രശാന്ത സുന്ദരമായ കേരളം പുന:സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറയുകയും ചെയ്തു.
എം.എല്‍.എ ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ പദ്ധതിയെ പുകഴ്ത്തിയും പ്രഖ്യാപനങ്ങള്‍ ചൊരിഞ്ഞും ഉദ്ഘാടന മാമാങ്കം ഗംഭീരമാക്കി എല്ലാവരും പിരിഞ്ഞു. എന്നാല്‍ നഷ്ടപ്പെട്ട പച്ചപ്പ് തിരിച്ചുപിടിക്കാന്‍ ശുചീകരണം യജ്ഞം ആരംഭിച്ച പനമരം എരനെല്ലൂര്‍ ക്ഷേത്രക്കുളം ശുചീകരണ തുടങ്ങിയിടത്തു തന്നെ നിന്നു.
നിലവില്‍ ഒരാള്‍പൊക്കത്തില്‍ കാടു കയറിയ നിലയിലാണ് ക്ഷേത്രക്കുളം.
ആയിരക്കണക്കിന് ആളുകള്‍ക്ക് ശുദ്ധ ജലം ലഭ്യമാക്കാന്‍ കഴിയുന്ന കുളമാണ് ആര്‍ക്കും ഉപകാരപ്പെടാതെ ഇത്തരത്തില്‍ നശിക്കുന്നത്. എന്നാല്‍ ജല സംരക്ഷണത്തിനും ജല സ്രോതസുകളുടെ വീണ്ടെടുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തോറും ലക്ഷങ്ങളുടെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന അധികൃതരും ഉദ്ഘാടക സംഘാടകരും പിന്നീട് ക്ഷേത്രക്കുളത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടു പോലുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മണ്ണിടിഞ്ഞു നികന്നു പോയ ക്ഷേത്രകുളം സംരക്ഷിക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ വൃത്തിയക്കുന്നതിന്റെയും ഭാഗമായി ചുറ്റിലുമുള്ള കാടുകളും വെട്ടിയിരുന്നു.
മണ്ണ് എടുത്തു മാറ്റി കുളത്തിന്റെ ആഴം വര്‍ധിപ്പിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിക്ക് പിന്നാലെ വേദി വിട്ടവര്‍ പിന്നീട് കുളക്കരയുടെ ഏഴയലത്ത് പോലുമെത്തിയിട്ടില്ല. എരനെല്ലൂര്‍ ക്ഷേത്രത്തിനു മുന്നിലായി പരന്നുകിടക്കുന്ന വയലില്‍ ഒന്നര ഏക്കറോളം വിസ്തൃതിയിലാണ് നാടിന്റെ പൈതൃകം വിളിച്ചോതുന്ന കുളമുള്ളത്.
വരള്‍ച്ച പിടിമുറുക്കിയ ജില്ലയിലാണ് ഇത്രയും വലിയ കുളം കാടു കയറി നശിക്കുന്നത്. കുളത്തിന്റെ പരിസര പ്രദേശങ്ങളായ പനമരത്തും സമീപ പ്രദേശങ്ങളിലും വരള്‍ച്ച കാര്യമായി അനുഭവപ്പെട്ടിരുന്നു. എന്നിട്ടും എരനെല്ലൂര്‍ മുതല്‍ പനമരം ആര്യനെല്ലൂര്‍ വരെ ശുദ്ധജലം എത്തിക്കാന്‍ കഴിയുന്ന കുളം സംരക്ഷിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കുടിവെള്ളത്തിന് പുറമേ വയലുകളിലെ ജലസേചനത്തിനും ശുദ്ധജല മത്സ്യകൃഷിക്കും സാധ്യതകളുള്ള കുളമാണ് അധികൃതരുടെ അലംഭാവം കാരണം കാടുകയറി നശിക്കുന്നത്.
ഒരു ബൃഹത് പദ്ധതിയുടെ ഉദ്ഘാടനം നടന്ന കുളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."