ആലൂരിലെ താല്‍ക്കാലിക തടയണ തകര്‍ന്നു: ഈ വര്‍ഷവും ഉപ്പുവെള്ളം കുടിക്കേണ്ടി വരുമോ..?
ബോവിക്കാനം: കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ബാവിക്കര പദ്ധതി പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നതു തടയാന്‍ വേണ്ടി നിര്‍മിച്ച താല്‍ക്കാലിക തടയണ തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ വേനല്‍മഴയില്‍ പുഴയിലെ നീരൊഴുക്കു കൂടിയതോടെയാണ് പയസ്വിനി പുഴയിലെ ആലൂരില്‍ മൂന്നു മാസം മുമ്പു പണിത താല്‍ക്കാലിക തടയണ തകര്‍ന്നത്.
പയസ്വിനി പുഴയിലെ മുണ്ടക്കൈ വരെ ഇപ്പോള്‍ തന്നെ ഉപ്പുവെള്ളം കയറിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ശക്തമായ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വിണ്ടും പുഴയിലെ നീരൊഴുക്കു കുറയുകയും വേലിയേറ്റ സമയത്ത് ബാവിക്കര പദ്ധതി പ്രദേശത്തേക്കു കടല്‍ ജലം കയറുകയും ചെയ്യും.
ഇതോടെ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴിയുള്ള കുടിവെള്ളത്തെ ആശ്രയിക്കുന്ന ജില്ലയിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ ഈ വര്‍ഷവും ഉപ്പുവെള്ളം കുടിക്കേണ്ടി വരും.
1980ലാണ് ജല അതോറിറ്റിയുടെ താല്‍ക്കാലിക തടയണ നിര്‍മാണം ആരംഭിച്ചത്. എല്ലാ വര്‍ഷവും ആദ്യം പെയ്യുന്ന വേനല്‍ മഴയില്‍ തകര്‍ന്നു പോവുകയും ചെയ്യുന്നു. ഇതിനു വേണ്ടി ഓരോ വര്‍ഷവും പത്തുലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം ആരംഭിച്ച സ്ഥിരം തടയണയുടെ പണി ഇപ്പോഴും പാതിവഴിയിലാണ്. കഴിഞ്ഞ ബജറ്റില്‍ 27.75 കോടി രൂപ അനുവദിക്കുകയും തടയണ നിര്‍മാണത്തിനുള്ള ടെന്‍ഡറിന്റെ മുന്നോടിയായുള്ള ഫ്രീ കോളിഫിക്കേഷന്‍ ടെന്‍ഡര്‍ നടത്തുകയും ചെയ്തുവെങ്കിലും തുടര്‍ നടപടികളായില്ല.
പല തവണയായി കോടിക്കണക്കിനു രൂപ സ്ഥിരം തടയണക്കായി സര്‍ക്കാര്‍ മാറ്റിവച്ചിട്ടും ഇതു വരെ സ്ഥിരം തടയണയുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അതിനിടെ ഓരോ വര്‍ഷവും താല്‍ക്കാലിക തടയണ നിര്‍മിക്കുന്ന ആയിരക്കണക്കിനു പ്ലാസ്റ്റിക് ചാക്കുകള്‍ പുഴയില്‍ തന്നെ ഉപേക്ഷിക്കുകയാണ്. നീക്കം ചെയ്യാതെ കിടക്കുന്ന ഈ പ്ലാസ്റ്റിക്ക് ചാക്കുകള്‍ ദ്രവിച്ചു പുഴ മലിനമാകുന്നതായും പരിസരവാസികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."