ആട്ടിന്‍കുട്ടിയും ചെന്നായയും
ആട്ടിന്‍കുട്ടിയും ചെന്നായയും എന്ന കഥയിലെ ചെന്നായയുടെ ന്യായവാദമാണ് ഫാസിസ്റ്റുകള്‍ എന്നും തങ്ങളുടെ ഇരകള്‍ക്കെതിരെ ഉയര്‍ത്തിയിട്ടുള്ളത്. അരുവിയില്‍ നിന്ന് വെള്ളം കുടിക്കാനുള്ള ജന്മസിദ്ധമായ അവകാശം വിനിയോഗിച്ച ആട്ടിന്‍കുട്ടിക്കെതിരേ തന്റെ കുടിവെള്ളം കലക്കി എന്ന കുറ്റം ചാര്‍ത്തുന്നതിലൂടെ, അതിനെ പിടിച്ചുതിന്നാന്‍ വെറുതേയൊരു കാരണമുണ്ടാക്കിയെടുത്ത ചെന്നായയുടെ രീതി തന്നെയാണ് നാസികളടക്കമുള്ള ഫാസിസ്റ്റ് ശക്തികള്‍ കാലാകാലങ്ങളായി സ്വീകരിച്ചു പോന്നിട്ടുള്ളത്. ഹിറ്റ്‌ലറില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സംഘടിച്ച ഹിന്ദുത്വ ഫാസിസ്റ്റുകള്‍ അധികാരത്തിലെത്തിയപ്പോള്‍ അവരും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നുവെന്നത് തികച്ചും സ്വാഭാവികം. നിങ്ങള്‍ ബീഫ് കഴിക്കുമ്പോള്‍ ഞങ്ങളുടെ മതവികാരം വ്രണപ്പെടുന്നുവെന്ന് ആക്രോശിച്ചുകൊണ്ട് കുറേയാളുകളെ അവര്‍ അടിച്ചും കുത്തിയും വെട്ടിയും കൊലപ്പെടുത്തി.
എന്നാല്‍, 'ശത്രു'സംഹാരത്തിനു വേഗം കൂട്ടാനായി ഇപ്പോളവര്‍ കുഞ്ഞാണ്ടിയേട്ടന്റെ രീതിയും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഞങ്ങളുടെ നാട്ടിലെ ഏറെ കേളികേട്ട കുടിയനായിരുന്നു കുഞ്ഞാണ്ടിയേട്ടന്‍. നല്ല കുളിരുള്ള ഒരു രാത്രി. ഷാപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കഥാനായകന്‍. ആടിയാടിയങ്ങനെ നടക്കുമ്പോള്‍ ഒരു ബീഡി വലിക്കണമെന്നു തോന്നി മൂപ്പര്‍ക്ക്. ബീഡിയെടുത്ത് ചുണ്ടില്‍വച്ച് തീപ്പെട്ടി തുറന്നപ്പോള്‍ അതില്‍ കൊള്ളിയില്ല. കുറച്ചു നടന്നപ്പോള്‍ എതിരേ ഒരാള്‍ വരുന്നതു കണ്ടു. അയാളുടെ കൈയില്‍ പക്ഷേ, തീപ്പെട്ടിയില്ലായിരുന്നു. ചിറി വക്രിപ്പിച്ചുകൊണ്ട് കുഞ്ഞാണ്ടിയേട്ടന്‍ പിറുപിറുത്തു. 'ഒരു തീപ്പെട്ടിക്കൊള്ളിന്റെ ഉപകാരം കൂടി ചെയ്യാണ്ട്ങ്ങനെ നടക്കുന്നു ആണാണ്ന്നും പറഞ്ഞ്, ത്ഫൂ!' ഇത്തിരി കൂടി നടന്നപ്പോള്‍ മറ്റൊരാള്‍ എതിരേ വന്നു. അയാളുടെ കൈയില്‍ തീപ്പെട്ടിയുണ്ടായിരുന്നു. ബീഡിക്കു തീപിടിപ്പിച്ച് തീപ്പെട്ടി തിരിച്ചുകൊടുക്കുമ്പോള്‍ കുഞ്ഞാണ്ടിയേട്ടന്‍ അയാളെ രൂക്ഷമായൊന്നു നോക്കി. പിന്നെ മുരണ്ടു. 'കണ്ടോര്‌ക്കൊക്കെ തീപ്പെട്ടീം കൊടുത്ത് നടക്കുന്നു മണുങ്ങൂസന്‍!'
ഉന്നാവോയിലെ ദലിത് പെണ്‍കുട്ടിയുടെ കാര്യത്തിലും കശ്മിരിലെ പിഞ്ചുബാലികയുടെ കാര്യത്തിലും സംഘികള്‍ ചെയ്തതും ഇതുതന്നെയാണ്. ഈ രണ്ട് ഇരകളും ആരുടെയും അരുവിയിലെ വെള്ളം കലക്കാന്‍ പോയിട്ടില്ല. വേട്ടക്കാരുടെ തനിനിറം തിരിച്ചറിയാനാകാതെ അവര്‍ കാണിച്ച കപടമായ സ്‌നേഹവും വാത്സല്യവും കണ്ട് തെറ്റിദ്ധരിച്ചു പോയതാണ് നിഷ്‌കളങ്കരായ ആ പെണ്‍കുട്ടികള്‍ക്കു പറ്റിയ അബദ്ധം. അതുമൂലം അവര്‍ അനുഭവിക്കേണ്ടിവന്ന ഹീനവും പൈശാചികവുമായ പീഡനങ്ങള്‍ക്ക് ചരിത്രത്തില്‍ അധികം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയില്ല. ഇത്രയും നികൃഷ്ടരും നിഷ്ഠൂരരുമായ ജന്തുക്കളെ എന്തിന് മനുഷ്യകുലത്തില്‍ ജനിപ്പിച്ചു ദൈവമേ എന്നു ചോദിച്ചു പോകാത്ത ഒരു 'മനുഷ്യ'ജീവിയുമുണ്ടാകില്ല.
തങ്ങളുടെ ഉന്മൂലന സിദ്ധാന്തം എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ സംഘികള്‍ കാടത്തത്തിന്റെ ഏതറ്റം വരെ പോകാനും മടിക്കില്ലെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യനു സങ്കല്‍പിക്കാവുന്നതിനപ്പുറമുള്ള പുതിയ പുതിയ പൈശാചികതകളും മൃഗീയതകളുമായി അവരിനിയും തങ്ങളുടെ സംഹാരതാണ്ഡവം തുടരുമെന്നുറപ്പ്. നിയമപാലകരും അനുബന്ധ സംവിധാനങ്ങളും അവരുടെ ചൊല്‍പടിയിലായിരിക്കുന്നേടത്തോളം കാലം ഒരു ശിക്ഷാനടപടിയും അവര്‍ക്കെതിരെ ഉണ്ടാവുകയുമില്ല. ഓരോ സംഭവമുണ്ടാകുമ്പോഴും ഞെട്ടിയതുകൊണ്ടോ പ്രതിഷേധിച്ചതുകൊണ്ടോ ഈ കിരാതന്മാര്‍ തങ്ങളുടെ ദുഷ്‌ചെയ്തികള്‍ അവസാനിപ്പിക്കുമെന്ന് വ്യാമോഹിക്കേണ്ട.
ഭസ്മാസുരന് വരം കൊടുത്ത പോലെ ഈ ഫാസിസ്റ്റ് ഭീകരരുടെ കൈയില്‍ ഭരണചക്രം ഏല്‍പിച്ചുകൊടുത്ത നാം തന്നെയാണ് എല്ലാം വരുത്തിവച്ചത്. കൃത്യമായിപറഞ്ഞാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് പുറത്തുള്ള മഹാഭൂരിപക്ഷത്തെ ശിഥിലവും നിഷ്പ്രഭവുമാക്കിയ നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ സങ്കുചിത താല്‍പര്യങ്ങളും സ്വാര്‍ഥ മോഹങ്ങളും തന്നെയാണ് ഇങ്ങനെയൊരു ഭീകരാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിയിട്ടത്. ഇത്രയും അപകടകാരിയായ ഒരു ദുര്‍ഭൂതം വാപിളര്‍ന്ന് വിഴുങ്ങാന്‍ വരുന്നത് കണ്ടിട്ടും ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും പലടപ്പിണക്കങ്ങളും കൊതിക്കെറുവുകളും അധികാരത്തിന്റെ കുഞ്ചികസ്ഥാനത്തേറാനുള്ള ദുരയും തീര്‍ത്ത ആന്ധ്യത്തില്‍ പെട്ടുപോയ നേതാക്കന്മാര്‍ക്ക് രാജ്യത്തിന്റെയും ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും സുരക്ഷക്കു വേണ്ടിയെങ്കിലും തങ്ങള്‍ മറ്റെല്ലാം ഒന്നിച്ചേ തീരുവെന്ന് ചിന്തിക്കാന്‍ കഴിഞ്ഞില്ല. കാര്യങ്ങള്‍ ഇത്രത്തോളം വഷളായിക്കഴിഞ്ഞിട്ടും അവരുമായി നിഷേധാത്മക സമീപനത്തില്‍ മാറ്റം വന്നിട്ടില്ലെന്നതാണ് രാജ്യത്തിന്റെ ഭാവിയില്‍ ഉല്‍ക്കണ്ഠയുള്ളവരെയെല്ലാം ഭയപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതും.
എന്തൊക്കെ പ്രത്യയശാസ്ത്രങ്ങളുടെ അടിത്തറ അവകാശപ്പെട്ടാലും ശരി, ഹിന്ദുത്വത്തിനു പുറത്തുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള അന്തരം കേവലം കൊടിയുടെ നിറത്തിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം നാമംഗീകരിച്ചേ പറ്റൂ. അതിനാല്‍ തന്നെ അത്തരം പാര്‍ട്ടികള്‍ക്ക് ഐക്യപ്പെടാന്‍ ഒരു പ്രായോഗിക ബുദ്ധിമുട്ടുമില്ല. ഉള്ളത് നടേ സൂചിപ്പിച്ച സങ്കുചിത-സ്വാര്‍ഥ മോഹങ്ങളും മേല്‍ക്കോയ്മാ പ്രശ്‌നവും മാത്രം. അടുത്ത തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഈ സമയത്തെങ്കിലും നമ്മുടെ മതേതര രാഷ്ട്രീയ നേതാക്കന്മാര്‍ ഈ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ഫാസിസത്തിനെതിരായ ഈ അവസാന പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയും ചെയ്യണമെന്നത് ഈ രാജ്യത്തെ സമാധാനകാംക്ഷികളായ സര്‍വ ജനങ്ങളുടെയും ഹൃദയാന്തരാളത്തില്‍ നിന്നുയരുന്ന പ്രാര്‍ഥനയാണ്. ബന്ധപ്പെട്ടവരൊക്കെ ഈ പ്രാര്‍ഥന കേള്‍ക്കുമെന്നുതന്നെ നമുക്കു പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."