ദലിത്-ആദിവാസി- ബഹുജന കണ്‍വന്‍ഷന്‍ 24 ന് ജിഗ്നേഷ് മേവാനി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും
കോട്ടയം: ഭൂമി, പൗരാവകാശം, അധികാരം എന്നീ പ്രസക്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി ദലിത്-ആദിവാസി സംഘടനകളും ജനാധിപത്യ പ്രസ്ഥാനങ്ങളും സംയുക്തമായി ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ബഹുജന കണ്‍വന്‍ഷനും സമരപ്രഖ്യാപനവും 24 ന് രാവിലെ 11 ന് തിരുവനന്തപുരം ഭാഗ്യമാല ഹാളില്‍ നടക്കും . ദലിത് സമരനേതാവ് ജിഗ്നേഷ് മേവാനി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ഭൂ അധികാര സംരണക്ഷണ സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു. ദലിത്-ആദിവാസികള്‍ക്കെതിരായ അതിക്രമത്തെ തടയുന്ന നിയമങ്ങള്‍ ലഘൂകരിച്ച കോടതി വിധിയ്‌ക്കെതിരേ കഴിഞ്ഞ രണ്ടിന് നടന്ന ഭാരത ബന്ദിലും അന്നത്തെ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ 9ന് നടന്ന ഹര്‍ത്താലിലും ദലിത്- ആദിവാസികളുള്‍പ്പെടെയുള്ള അധസ്ഥിത ജനവിഭാഗങ്ങളുടെ കൂട്ടായ്മയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഈ കൂട്ടായ്മകള്‍ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതായും ഇതിന്റെ ഭാഗമാണ് 24 ന് നടക്കുന്ന പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.ഹാരിസണ്‍ കേസ് കേരളാ ഹൈക്കോടതിയില്‍ നിന്നു മാറ്റണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും ഭൂ രഹിതര്‍ നടത്തുന്ന മുറവിളി കേള്‍ക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ല. ഈ കലുഷിതമായ സാമൂഹിക സാഹചര്യത്തിലാണ് ഭൂമി, പൗരാവകാശം, അധികാരം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പുതിയ കൂട്ടായ്മകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും തുടക്കമിടുന്നത്.
24 ന് തിരുവനന്തപുരത്ത് വിപുലമായ കണ്‍വന്‍ഷനും സമരപ്രഖ്യാപനവും നടത്തും. ദലിത്-ആദിവാസി അവകാശ യാത്ര, രാജ്ഭവനിലേയ്ക്ക് സംയുക്ത റാലി തുടങ്ങിയ സമരപരിപാടികള്‍ കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും. അശോക് കുമാര്‍, ഭീം ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് നാര്‍വാള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പി ജെ തോമസ്, പി എം വിനോദ്, സി ജെ തങ്കച്ചന്‍ എന്നിവരും സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."