വിസ്മയച്ചെപ്പ് തുറന്ന് സാമ്പിള്‍ വെടിക്കെട്ട്
തൃശൂര്‍: ആകാശം നിറയെ വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്. നീലക്കിളികളെയും ചിത്രശലഭങ്ങളെയും പറപ്പിച്ച് ശക്തന്റെ വാനില്‍ പൂരാവേശം വിരിഞ്ഞിറങ്ങി. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരിച്ചൊരുക്കിയ സാമ്പിള്‍വെടിക്കെട്ട് സ്വരാജ് റൗണ്ടിന് ചുറ്റും കൂടി നിന്ന പതിനായരങ്ങള്‍ക്ക് മതിവരാ കാഴ്ചയായി. രാത്രി 7.45ന് പാറമേക്കാവ് വിഭാഗമാണ് ആദ്യം തീകൊളുത്തിയത്.
ചെറുമഴയായി തുടങ്ങി ഓലപ്പടങ്ങളും ഗുണ്ടുകളും കുഴിമിന്നലുകളും തേക്കിന്‍കാട് മൈതാനിയ്ക്ക് മുകളില്‍ പെരുമഴയായി നിറഞ്ഞുപെയ്തപ്പോള്‍ കാഴ്ചക്കാരായി നിന്ന കുട്ടികളും സ്ത്രീകളുമടക്കമുള്ള ജനക്കൂട്ടം ആര്‍പ്പുവിളിച്ചു. അരമണിക്കൂറിനുശേഷം പാറമേക്കാവിന് മറുപടി പറഞ്ഞ് തിരുവമ്പാടിയും ആകാശത്ത് വര്‍ണങ്ങള്‍ നിറച്ച് മത്സരിച്ചതോടെ പൂരം സാമ്പിള്‍ കാണാനെത്തിയവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, പൂരം സാമ്പിള്‍ കലക്കീട്ടാ. പ്രധാന വെടിക്കെട്ടിനു ശേഷം ഇരുവിഭാഗവും വളഞ്ഞുപുളഞ്ഞ് മുന്നേറുന്ന സ്‌കോര്‍പ്പിയോണ്‍ കിങ്ങും, വെള്ളച്ചാട്ടവും സ്വര്‍ണ മഴയും പനയും തെങ്ങും തുടങ്ങി വ്യത്യസ്ഥമായ അമിട്ടുകള്‍ പൊട്ടിച്ച് മത്സരിച്ചതോടെ കണ്ടുനിന്നവരെല്ലാം അറിയാതെ ഹായ് പറഞ്ഞു. സിജി കുണ്ടന്നൂര്‍ തിരുവമ്പാടിക്കുവേണ്ടി വെടിക്കെട്ടൊരുക്കിയപ്പോള്‍ കുണ്ടന്നൂര്‍ ശ്രീനിവാസന്റെയും കുണ്ടന്നൂര്‍ സുന്ദരാക്ഷനുമാണ് പാറമേക്കാവിനുവേണ്ടി ആകാശപൂരമൊരുക്കിയത്. നാളെയാണ് തൃശൂര്‍പുരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."