അലി ബിയോണ്ട് ദ റിങ്': മുഹമ്മദലിയുടെ ജീവിതവും പോരാട്ടങ്ങളും അരങ്ങിലേക്ക്
കൊച്ചി: ഇടിക്കൂട്ടിലെ ഇതിഹാസതാരം മുഹമ്മദലിയുടെ ജീവിതവും അദ്ദേഹം നടത്തിയ പോരാട്ടങ്ങളും അരങ്ങിലെത്തുന്നു. കൊച്ചിയിലെ കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സെന്റര്‍ ഫോര്‍ കണ്ടമ്പററി ആര്‍ട്ടാണ് 'അലി ബിയോണ്ട് ദ റിങ്' എന്ന പേരില്‍ അലിയുടെ ജീവിതം അരങ്ങില്‍ എത്തിക്കുന്നത്.
27, 28, 29 തിയതികളില്‍ ഇടപ്പള്ളി പത്തടിപ്പാലം കേരള ഹിസ്റ്ററി മ്യൂസിയത്തിലെ ആംഫി തിയേറ്ററിലാണ് നാടക അവതരണം. സമകാലീന നാടകരൂപത്തില്‍ ഒരുക്കിയിട്ടുള്ള 'അലി ബിയോണ്ട് ദ റിങ്' സംഗീത നൃത്തരൂപമായാണ് അവതരിപ്പിക്കുക.
നാടകത്തില്‍ പ്രധാനമായും അലിയുടെ ജീവിത പോരാട്ടങ്ങളാണ് അവതരിപ്പിക്കുന്നത്. സൈക്കിള്‍ കട്ടവനെ ഇടിക്കാന്‍, ലോക ചാംപ്യന്‍ ആകാന്‍, വെള്ളക്കാരുടെ വര്‍ണവെറിക്കെതിരായ പോരാട്ടം, പാര്‍ക്കിന്‍സണ്‍സ് രോഗത്തിനെതിരായ പോരാട്ടം തുടങ്ങി ലോകത്തിന് വഴികാട്ടിയായ മുഹമ്മദലിയുടെ ജീവിതസമരമാണ് അരങ്ങിലെത്തുന്നത്. അലിയുടെ ജീവിതം, അദ്ദേഹം സംഗീതത്തിന് നല്‍കിയ പ്രാധാന്യം എന്നിവ പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ പി.പി ജോയ് നാടകം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
റെഗ്ഗെ, ഹിപ് ഹോപ്പ്, ജാസ് വിഭാഗത്തില്‍പ്പെടുന്ന ഗാനങ്ങള്‍ ആലപിക്കുന്ന ബാന്‍ഡ് നാടകത്തിന്റെ പ്രത്യേകതയാണ്. സംഗീതം സ്വാതന്ത്ര്യത്തിന്റെ വഴിയാണ് എന്ന അലിയുടെ നിലപാടുകളെ ഉറപ്പിച്ചുകൊണ്ട് ലോകമെമ്പാടും നടന്നിട്ടുള്ള പോരാട്ട സംഗീതങ്ങള്‍ നാടകത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. മനസുകളെ പോരാട്ട സജ്ജരാക്കാനും സംഗീതത്തിന് പ്രാപ്തിയുണ്ടെന്ന് നാടകത്തിലൂടെ ഓര്‍മപ്പെടുത്താന്‍ സംഗീത സംവിധായകന്‍ ബിജിബാല്‍ ശ്രമിക്കുന്നുണ്ട്.
ജോഷി പടമാടന്റെ നേതൃത്വത്തിലുള്ള ജോഷ്വ ട്രീ എന്ന മ്യൂസിക് ബാന്‍ഡ് നാടകത്തിന്റെ പ്രത്യേകതയാണ്. വന്‍ മുതല്‍മുടക്കോടെ നിര്‍മിക്കുന്ന നാടകത്തില്‍ കേരളത്തിലെ ഏറ്റവും പ്രഗല്‍ഭരായ അഭിനേതാക്കളാണ് ഒത്തുചേരുന്നത്. മദന്‍ ബാബുവാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
പട്ടണം റഷീദ് മേക്കപ്പും ശ്രീകാന്ത് കാമിയോ ലൈറ്റ് ഡിസൈനും നിര്‍വഹിക്കുന്നു. തിയേറ്റര്‍ കലാകാരന്‍ ഷെറില്‍ ആണ് മുഹമ്മദലിയായി അരങ്ങിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."