ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ ഐ.പി.എസ് പട്ടികയില്‍
തിരുവനന്തപുരം: പൊലിസ് ലോക്കപ്പില്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്ത പൊലിസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ ഐ.പി.എസ് പട്ടികയില്‍ ഇടം നേടി. കേരളം കേന്ദ്രത്തിന് നല്‍കിയ ലിസ്റ്റിലാണ് പ്രതിയായ എസ്.പി ഇ.കെ സാബുവിനും ഐ.പി.എസ് നല്‍കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രതികളായ പൊലിസുദ്യോഗസ്ഥര്‍ക്കെതിരേ സി.ബി.ഐ ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസം കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായിരുന്നു. 2005 സെപ്റ്റംബര്‍ 27ന് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്ന് അന്ന് സി.ഐ ആയിരുന്ന ഇ.കെ സാബുവിന്റെ നേതൃത്വത്തിലാണ് ഉദയകുമാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ പിടികൂടിയത്. തുടര്‍ന്ന് ഇ.കെ സാബു അടക്കമുള്ളവരുടെ ക്രൂരമായ ചോദ്യം ചെയ്യലിനിടയില്‍ അവശനായ ഉദയകുമാര്‍ പിന്നീട് ജനറല്‍ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
കേസിന്റെ വിചാരണ വേളയില്‍ ഇ.കെ സാബു, ടി. അജിത്കുമാര്‍ എന്നിവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ജനറല്‍ ഡയറിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തതെന്ന് ഉദയകുമാര്‍ കൊല്ലപ്പെട്ട ദിവസം ജനറല്‍ ഡയറിയുടെ ചുമതല ഉണ്ടായിരുന്ന തങ്കമണി എന്ന പൊലിസുകാരന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
തങ്കമണിയെ പിന്നീട് കോടതി മാപ്പുസാക്ഷി ആക്കുകയായിരുന്നു. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ നേരിടവെയാണ് ഇ.കെ സാബുവിന് ഐ.പി.എസ് നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം.
അതിനിടെ സംസ്ഥാനം അയച്ച പട്ടിക വീണ്ടും വ്യക്തത തേടി യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ തിരിച്ചയച്ചു. 2016ലെ പട്ടികയില്‍നിന്നു നാല് എസ്.പിമാരെ ഒഴിവാക്കണമെന്നും 32 എസ്.പിമാരില്‍ 20 പേരുടെ അപേക്ഷകളിലെ ന്യൂനത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെയും പട്ടിക മടക്കിയിരുന്നു.
എന്നാല്‍ ആരെയും ഒഴിവാക്കാതെയും ന്യൂനത പൂര്‍ണമായി പരിഹരിക്കാതെയും കഴിഞ്ഞ മാര്‍ച്ച് 24നു പട്ടിക വീണ്ടും അയച്ചു. ഇതേത്തുടര്‍ന്നാണ് വീണ്ടും വ്യക്തത തേടി ഫയല്‍ മടക്കിയത്. എസ്.പിമാരായ പി.വി ചാക്കോ, പി. കൃഷ്ണകുമാര്‍, കെ. സതീശന്‍, ബേബി ഏബ്രഹാം എന്നിവരെ ഒഴിവാക്കാനാണു നിര്‍ദേശം.
ഇ.കെ സാബുവിനെ കൂടാതെ ടി.എ സലീം, എ.കെ ജമാലുദീന്‍, യു. അബ്ദുല്‍ കരീം, കെ.എം ആന്റണി, ജെ. സുകുമാരപിള്ള, ടി.എസ് സേവ്യര്‍, പി.എസ് സാബു, സി.കെ രാമചന്ദ്രന്‍, കെ.പി വിജയകുമാരന്‍, കെ.എസ് വിമല്‍, ജയിംസ് ജോസഫ്, കെ.എം ടോമി, പി.കെ മധു, ആര്‍. സുകേശന്‍, എ. അനില്‍കുമാര്‍, കെ.ബി രവി, എസ്. രാജേന്ദ്രന്‍, സി.ബി രാജീവ്, സി.എഫ് റോബര്‍ട്ട്, കെ.എസ് സുരേഷ് കുമാര്‍, തമ്പി എസ്. ദുര്‍ഗാദത്ത്, രതീഷ് കൃഷ്ണന്‍, പി.വി ചാക്കോ, പി. കൃഷ്ണകുമാര്‍, കെ. സതീശന്‍, ടോമി സെബാസ്റ്റ്യന്‍, എന്‍. വിജയകുമാര്‍, കെ. രാജേന്ദ്രന്‍, എ.ആര്‍ പ്രേംകുമാര്‍, ബേബി ഏബ്രഹാം, ടി. രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് ഐ.പി.എസ് നല്‍കാന്‍ കേരളം ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."