വരുന്നൂ.... കുട്ടികള്‍ക്കായി അവധിക്കാല ജാഗ്രതോത്സവം
തൊടുപുഴ: ശുചിത്വം, മാലിന്യനിര്‍മ്മാര്‍ജനം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് അറിവ് പകരുന്നതോടൊപ്പം പരിശീലനവും നല്‍കുന്ന ഹരിതകേരളം ജാഗ്രതോത്സവം-18 ന് മെയ് ആദ്യവാരം തുടക്കമാകും.
ഇതിന് മുന്നോടിയായി ജില്ലയിലെ എട്ട് ബ്ലോക്കുപഞ്ചായത്തുകളിലും ബ്ലോക്ക്തല പരീശീലന പരിപാടികള്‍ നടന്നുവരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിശീലകര്‍ക്കുളള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരന്‍ നീലാംബരന്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്കു പഞ്ചായത്തിനു കീഴില്‍ വരുന്ന ആറു ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള കുടുംബശ്രീ, സാക്ഷരതാ പ്രേരക്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വമിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഓരോ പഞ്ചായത്ത്തലത്തിലും പരിശീലനം നടക്കും.
ഇതിനുശേഷം ഓരോ വാര്‍ഡ്തലത്തിലും കുടുംബശ്രീ ബാലസഭകള്‍ ഉള്‍പ്പെടെയുളള അന്‍പതോളം കുട്ടികളെ പങ്കെടുപ്പിച്ചാണ് അവധിക്കാല ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. നാടന്‍ ഭക്ഷണം, നാടന്‍കളികള്‍, പഠനപ്രോജക്ടുകള്‍ ,ക്ലാസുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുളള വാര്‍ഡ്തല ദ്വിദിനക്യാമ്പില്‍ അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. എലിവാഴും കാലം, കൊതുകുകളുടെ ലോകം, ജലജന്യരോഗം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ക്ലാസുകള്‍. മെയ് ആദ്യവാരത്തില്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും അവധിക്കാല ജാഗ്രതോത്സവ ദ്വിദിന ക്യാമ്പ് നടക്കുമെന്ന് ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി.എസ് മധു അറിയിച്ചു.പ്രതിദിനം, പ്രതിരോധം, ജാഗ്രതോത്സവം എന്നതാണ് ഹരിതകേരള മിഷന്‍ ആരോഗ്യ, ശുചിത്വ പ്രവര്‍ത്തന മേഖലയുമായി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ഇതിന്റെ ആദ്യപടിയായി ഏപ്രില്‍ ആദ്യവാരം സംസ്ഥാനതലത്തില്‍ പരിശീലകര്‍ക്കുളള പരിശീലനം നടന്നിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും പരീശീലനം ലഭിച്ചവരാണ് ഏപ്രില്‍ 12,13 തീയതികളില്‍ ജില്ലാതലങ്ങളിലുളളവര്‍ക്ക് പരിശീലനം നല്‍കിയത്. ജില്ലാതലത്തിലുളളവര്‍ ബ്ലോക്ക് തലത്തിലും, ബ്ലോക്ക്തല പരിശീലകര്‍ ഗ്രാമപഞ്ചായത്ത്തലത്തിലും പരീശീലനം നല്‍കുന്നു.
ഇത്തരത്തില്‍ ഗ്രാമപഞ്ചായത്ത് തലം വരെയുളള പരീശീലനത്തിന്റെ മേല്‍നോട്ടം കിലയ്ക്കാണ്. വാര്‍ഡ്തല സാനിറ്റേഷന്‍ സമിതിയ്ക്കാണ് അവധിക്കാല ജാഗ്രതോത്സവത്തിന്റെ ചുമതല. കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, തദ്ദേശസ്വയംഭരണവകുപ്പ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഹരിതകേരളമിഷന്‍ പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."