ചെലവ് കുറഞ്ഞ സുരക്ഷിത പാര്‍പ്പിടം ഒരുക്കി ഇടം പദ്ധതി
കൊല്ലം: കുണ്ടറയിലെ പാലക്കട ജയന്തി കോളനിയിലെ താമസക്കാരായ സോമന്ലീല ദമ്പതികളുടെ ഓട്ടിസം ബാധിച്ച മകന് ബിജുവിന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിവെട്ടം കാണാമിപ്പോള്‍. രോഗം ബാധിച്ച മകനെ പരിചരിക്കാന്‍ വീടിന്റെ സുരക്ഷയൊരുങ്ങുന്നതിന്റെ സന്തോഷമാണ് രക്ഷിതാക്കള്‍ക്ക്. കുണ്ടറ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സംയോജിത വികസന മാതൃകയായ ഇടം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ചെലവ് കുറഞ്ഞ വീടുകളില്‍ ആദ്യത്തേതാണ് ഈ കുടുംബത്തിനായി ഒരുങ്ങുന്നത്.
വീടിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഇവിടെയെത്തിയ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അര്‍ഹതയുള്ള 100 പേര്‍ക്ക് ഇതേ മാതൃകയില്‍ താമസസൗകര്യം ഒരുക്കുമെന്ന് അറിയിച്ചു. പിന്നീട് ആവശ്യകത അനുസസരിച്ച് വീടുകള്‍ നല്‍കുന്നത് പരിഗണിക്കും. എല്ലാവര്ക്കും വീടൊരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്റെ ഭാഗമായാണ് വീടുകള്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ടി.കെ.എം ട്രസ്റ്റാണ് ഇവിടെ വീടു നിര്‍മിച്ചു നല്‍കുന്നത്. ആധുനിക നിര്‍മാണ രീതി ഉപയോഗിച്ച് ചെലവ് കുറച്ച് നിര്‍മിക്കുന്ന വീടിന് 400 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. ശുചിമുറിയോടെയുള്ള കിടപ്പ് മുറിയടക്കം നാലു മുറികള്‍ ഉണ്ടാകും.
മൂന്നര ലക്ഷം രൂപ മാത്രം ചെലവുള്ള നാലു മുറി വീടിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് ടി.കെ.എം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ എസ്. അയൂബാണ്.
ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ സിവില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പ്രോജക്ട് ആയാണ് വീടു നിര്‍മാണം. ആസിഫ് അയൂബ് നേതൃത്വം നല്കുന്ന സംഘത്തില്‍ അക്ഷയ് സുനില്‍, അക്ബര്‍ ബഷീര്‍, പി.എ ഹരികൃഷ്ണന്, ബിന്നു ജേക്കബ്, അര്‍ഷക് സലാവുദീന് എന്നിവരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."