സഊദിയില്‍ വിദേശ എന്‍ജിനീയര്‍മാര്‍ക്ക് മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയം നിര്‍ബന്ധമാക്കി
ദമ്മാം: രാജ്യത്ത് എന്‍ജിനീയറിംഗ് മേഖലയില്‍ വിദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രവൃത്തി പരിചയം മൂന്നു വര്‍ഷമാക്കി പ്രഖ്യാപിച്ചു. എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ രജിസ്ടര്‍ ചെയ്യേണ്ട സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയറിംഗ് അക്രഡിറ്റേഷന്‍ ലഭിക്കാന്‍ മൂന്നു വര്‍ഷമാക്കി നിജപ്പെടുത്തിയത് പ്രവൃത്തി പരിചയമില്ലാതെ ഇവിടെ തൊഴിലില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
എന്‍ജിനീയര്‍മാരുടെ പ്രവൃത്തി പരിചയ കുറവ് നിര്‍മ്മാണ പദ്ധതികളുടെ ഗുണമേന്‍മയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലാണ് പുതിയ തീരുമാനത്തിനു പിന്നില്‍.
വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ഇവരുടെ അക്രഡിറ്റേഷന്‍ ലഭിക്കണമെങ്കില്‍ എഴുത്തു പരീക്ഷയും ഉന്നതാധികാരികളുടെ അഭിമുഖവും പാസാവുകയും വേണം. പുതുതായി ബിരുദം നേടിയെത്തുന്ന വിദേശ എന്‍ജിനീയര്‍മാര്‍ക്ക് യാതൊരുവിധ തൊഴില്‍ പരിചയവുമില്ലെന്നും എന്‍ജിനീയര്‍ ജോലി ചെയ്യാന്‍ ഇവര്‍ക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിചയസമ്പത്ത് നിര്‍ബന്ധമാക്കുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജമീല്‍ അല്‍ബഖ് ആവി പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെന്ന് ഉറപ്പു വരുത്തുകയും സഊദി എന്‍ജിനീയറിംഗ് കൗണ്‍സില്‍ അഭിമുഖവും പരീക്ഷയും പാസാകാതെ ഇഖാമ അനുവദിക്കരുതെന്ന് കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷന്‍ സംബന്ധമായ പരീക്ഷകള്‍, അഭിമുഖം ,ക്ലാസിഫിക്കേഷന്‍ തുടങ്ങിയ എല്ലാ നടപടികള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം സമിതികളും രൂപീകരിച്ചിട്ടുണ്ട്.
പുതിയ ക്രമീകരണം നടത്തുന്നതിന് സഊദി തൊഴില്‍ മന്ത്രാലയം സാമൂഹിക വികസന മന്ത്രാലയം അടക്കമുള്ള മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഊദി എന്‍ജിനീയറിംഗ് കൗണ്‍സില്‍ ഏകോപനത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ലഭിച്ച 2,20,000 വിദേശികള്‍ ഉള്ളപ്പോള്‍ 35,000 സ്വദേശി എന്‍ജിനീയര്‍മാര്‍ മാത്രമാണ് രാജ്യത്തുള്ളത്.
എട്ട് മലയാളി എന്‍ജിനീയര്‍മാര്‍ പിടിയില്‍
ദമ്മാം: വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എട്ട് മലയാളി എന്‍ജിനീയര്‍മാര്‍ പൊലിസ് പിടിയിലായി .ഇവര്‍ സമര്‍പ്പിച്ച സര്‍ടിഫിക്കറ്റടക്കമുള്ള രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടാണ് പൊലിസില്‍ ഏല്‍പിച്ചത്. കഴിഞ്ഞ ആറ് മാസങ്ങളിലായി ഇത്തരത്തില്‍ വ്യാജ എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ 76 ഇന്ത്യക്കാരെ പിടികൂടിയതായി സൗദി കൌണ്‍സില്‍ ഓഫ് എന്‍ജിനീയേര്‍സ് ദമാം മേധാവി അറിയിച്ചു.
ആറുമാസങ്ങള്‍ക്ക് മുമ്പ് പുതുതായി സഊദിയിലേക്ക് വന്ന എട്ട് മലയാളികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. ഇതിലുള്ള അറ്റസ്‌റ്റേഷനുകളും വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തുന്നവരെ ജയില്‍ ശിക്ഷയും പിഴയും ശേഷം നാടുകടത്തുകയുമാണ് ചെയ്യുന്നത്.
കൂടാതെ, വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരെ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും അറ്റസ്‌സ്റ്റേഷനും കണ്ടെത്തിയതിനെ തുടര്‍ന്ന് അടുകാലത്തായി പിടികൂടിയിരുന്നു. ഭൂരിഭാഗം പേരും ഫാമിലി വിസക്ക് വേണ്ടി അപേക്ഷിച്ചപ്പോള്‍ സമര്‍പ്പിച്ച രേഖകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."