അര്‍ച്ചനയ്‌ക്കൊരു കൂട്ടുവേണം...
ചെറുവത്തൂര്‍ ( കാസര്‍കോട്): പാട്ടും കളികളുമായി ഒന്നാം ക്ലാസിലെ കുട്ടികള്‍ കളിച്ചും പഠിച്ചും ചിരിച്ചും ഉല്ലസിക്കുമ്പോളും അര്‍ച്ചന ഒറ്റയ്ക്കാണ്. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെറിയാക്കര ഗവ.എല്‍.പി സ്‌കൂളില്‍ ഇക്കുറി പ്രവേശനം നേടിയത് അര്‍ച്ചന മാത്രമാണ്. കൂട്ടുകാര്‍ ആരുമില്ലാതെ മഞ്ജുള ടീച്ചര്‍ക്കൊപ്പമിരുന്നാണ് പഠനം.
നാളെ വിദ്യാലയങ്ങള്‍ക്ക് ആറാം പ്രവൃത്തിദിനമാണ്. ഈ ദിനം വരെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ പ്രവേശനത്തിന് എത്താറുണ്ട്. കൂട്ടുകാര്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കി. ഒന്നാം ക്ലാസില്‍ മാത്രമല്ല മറ്റു ക്ലാസുകളിലും കുട്ടികളുടെ എണ്ണം കുറവാണ്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി ആകെ 16 കുട്ടികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷം 26 കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ നാലാം ക്ലാസിലെ കുട്ടികള്‍ പോയതോടെ കുട്ടികളുടെ എണ്ണം വീണ്ടും കുറയുകയായിരുന്നു.
വിദ്യാലയത്തിലെ പഠനിലവാരമില്ലായ്മയോ ഭൗതിക സാഹചര്യക്കുറവോ ഒന്നുമല്ല കുട്ടികളുടെ എണ്ണം കുറയാന്‍ കാരണം. ചെങ്കുത്തായ ഇറക്കവും കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള റോഡില്ലാത്തതുമാണ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും കുട്ടികളുടെ പ്രവേശനത്തെയും ബാധിച്ചിരിക്കുന്നത്. മറ്റു വിദ്യാലയങ്ങളില്‍ നിന്നു വീട്ടുമുറ്റത്തേക്ക് വാഹനങ്ങള്‍ എത്തുമ്പോള്‍ ദുരിതം നിറഞ്ഞ വഴികളിലൂടെ ഈ വിദ്യാലയത്തിലേക്ക് സമീപപ്രദേശങ്ങളിലുള്ളവര്‍ കുട്ടികളെ അയക്കുന്നുമില്ല.
കുട്ടികള്‍ക്കായി സ്മാര്‍ട്ട് ക്ലാസ് റൂം അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ അവധിക്കാലത്ത് അധ്യാപകര്‍ കുട്ടികളെ തേടി വീടുകള്‍ തോറും എത്തിയിരുന്നു.
പക്ഷെ എത്തിയത് അര്‍ച്ചന മാത്രമാണ്. നാളേയ്ക്ക് അര്‍ച്ചനയ്ക്ക് കൂട്ടുകാരെ ആരെയെങ്കിലും കിട്ടുമോ എന്ന അന്വേഷണം അധ്യാപകര്‍ തകൃതിയായി നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."