പ്ലസ്വണ് ക്ലാസുകള്‍ ജൂണ്‍ 30ന് തുടങ്ങും
ട്രയല്‍ അലോട്ട്മെന്റ് 13ന് ഫസല്‍ മറ്റത്തൂര്‍
മലപ്പുറം: ഏകജാലക സംവിധാനത്തിലൂടെ സംസ്ഥാനത്തെ പ്ലസ്വണ് പ്രവേശനത്തിനുള്ള തിയതികള്‍ പുനഃക്രമീകരിച്ചു. വിവിധഘട്ടങ്ങളിലുള്ള അലോട്ട്മെന്റ്, ക്ലാസ് തുടങ്ങുന്ന തിയതി എന്നിവയിലാണു മാറ്റംവരുത്തിയത്.
ഓണ്‍ലൈന്‍ അപേക്ഷപ്രകാരം ഈ മാസം മൂന്നിന് ട്രയല്‍ അലോട്ട്മെന്റ് നടത്താനായിരുന്നു നേരത്തേ തീരുമാനം. സി.ബി.എസ്.ഇ ഫലം ഉള്‍പ്പെടെ വൈകിയതിനെ തുടര്‍ന്ന് ജൂണ്‍ നാലുവരെ അപേക്ഷ സ്വീകരിക്കല്‍ തുടര്‍ന്നിരുന്നു. പുനഃക്രമീകരിച്ച ഷെഡ്യൂള്‍ പ്രകാരം ഈ മാസം 13നാണ് ട്രയല്‍ അലോട്ട്മെന്റ് നടക്കുക. ഈ അവസരത്തില്‍ അപേക്ഷ ഓണ്‍ലൈനായി പരിശോധിച്ചു തെറ്റുകളും മാറ്റങ്ങളുമുണ്ടെങ്കില് അപേക്ഷ നല്കിയ സ്കൂളില്‍ പോയി അവ ബോധിപ്പിക്കാനുള്ള സമയമാണ്. ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ കൂട്ടുകയും കുറയ്ക്കുകയും മാറ്റം വരുത്തുകയും ചെയ്യാം. 20നാണ് ആദ്യ അലോട്ട്മെന്റ്.
ആദ്യ ഓപ്ഷനില്‍ തന്നെ അഡ്മിഷന് കിട്ടിയവര്‍ ഫീസടച്ച് കോഴ്സിനു ചേരണം. മറ്റ് ഓപ്ഷനുകളില്‍ അഡ്മിഷന് കിട്ടിയവര്‍ക്ക് ഇതര ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് കോഴ്സിനു ചേരുകയോ ഫീസടയ്ക്കാതെ അഡ്മിഷനെടുത്ത് അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കുകയോ ചെയ്യാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ അപേക്ഷകള്‍ പിന്നീടു പരിഗണിക്കില്ല. രണ്ടുതവണകളിലായി മുഖ്യ അലോട്ട്മെന്റ് നടത്താനാണ് ഇത്തവണത്തെ തീരുമാനം. 29നു മുഖ്യ അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാക്കി 30നാണ് ഈ വര്‍ഷത്തെ പ്ലസ്വണ് ക്ലാസുകള്‍ ആരംഭിക്കുക. ഇതിനുശേഷം അഡ്മിഷന് കിട്ടിയ കുട്ടികള്‍ക്ക് സ്കൂളുകളും കോഴ്സുകളും മാറാനുള്ള അവസരം ലഭിക്കും. ഇതിനു ശേഷമാണു ബാക്കിയുള്ള സീറ്റുകളിലേക്ക് അഡ്മിഷന് ലഭിക്കാത്ത വിദ്യാര്‍ഥികളില്‍ നിന്ന് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ക്ഷണിക്കുക. ഓഗസ്റ്റ് ഒന്‍പതോടെ ഈ വര്‍ഷത്തെ പ്ലസ്വണ് പ്രവേശന നടപടികള്‍ അവസാനിപ്പിക്കാനാണ് ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം. അതേസമയം, കമ്യൂനിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ്, സെലക്ട് റാങ്ക് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിക്കുന്നതു മുഖ്യഘട്ടത്തിലെ അവസാന അലോട്ടമെന്റ് പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രമേ പാടുള്ളൂവെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സ്പോര്‍ട്സ് ക്വാട്ടകളിലേക്കുള്ള രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്ട്രേഷന് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. പുതുക്കിയ തിയതിപ്രകാരം ഇതു പത്തിന് അവസാനിക്കും. സ്പോര്‍ട്സ് ക്വാട്ട ഒന്നാം സ്പെഷല്‍ അലോട്ട്മെന്റ് 15നും അവസാന അലോട്ട്മെന്റ് 20നും നടത്തി 21നു തന്നെ സ്പോര്‍ട്സ് ക്വാട്ട പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടുന്നതിനായി വിവിധ ജില്ലകളില്‍ നിന്ന് 5,18,410 വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."