ന്യൂനപക്ഷപദവി: സര്‍ക്കാരിന്റെ സത്യവാങ്മൂലം തയാറായി
അലിഗഡ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് പരാമര്‍ശം
ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി സംബന്ധിച്ചു സുപ്രിംകോടതിയില്‍ സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം ഏകദേശം തയാറായി. അലിഗഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്നാണ് മാനവവിഭവ ശേഷി മന്ത്രാലയം തയാറാക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നത്. അലിഗഡ് സര്‍വകലാശാലയ്ക്കു ന്യൂനപക്ഷ പദവി നിഷേധിച്ചുള്ള 1967ലെ സുപ്രിംകോടതി വിധി ഉള്‍പ്പെടുത്തിയാണ് സത്യവാങ്മൂലം.
ഞായറാഴ്ച അലഹബാദില്‍ നടക്കുന്ന ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സത്യവാങ് മൂലം കോടതിയില്‍ സമര്‍പ്പിക്കും. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ സത്യവാങ്മൂലത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ട്. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി നിലനിര്‍ത്തിയ യു.പി.എ സര്‍ക്കാരിന്റെ നിലപാടിനെ തള്ളുന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.
1967ല്‍ അസീസ് പാഷ എന്ന വ്യക്തിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ പാഷയുടെ വാദം തള്ളിയാണ് സുപ്രിംകോടതി അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നു വിധിച്ചിരുന്നത്.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല സ്ഥാപിച്ചതെന്നും അതു മുസ്‌ലിം വ്യക്തിയായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, 1981ല്‍ പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവന്ന് അലിഗഡിന് ന്യൂനപക്ഷ പദവി തിരിച്ചുനല്‍കി. 2006ല്‍ അലഹബാദ് ഹൈക്കോടതി ഇതു സ്‌റ്റേ ചെയ്തു. ഇതിനെതിരേ യു.പി.എ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയ്ക്കു പുറമേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അശോക് മേത്ത, മുതിര്‍ന്ന മന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സത്യവാങ്മൂലത്തിന്റെ കരട് തയാറാക്കിയത്. ഇതിനായി രാജ്യത്തെ മുതിര്‍ന്ന നിയമജ്ഞരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാടെടുക്കുന്നതോടെ ഈ കേസില്‍ മറിച്ചൊരു കോടതി വിധി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.
അലിഗഡിനെ ന്യൂനപക്ഷ സ്ഥാപനമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും ഒരു മതേതര സമൂഹത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ലെന്നുമാണ് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസുമാരായ ജെ.എസ് ഖേഹര്‍, എം.വൈ ഇഖ്ബാല്‍, സി.എന്‍ നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചിനെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."