എം.എല്‍.എ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു
ഫറോക്ക്: ഉദ്ഘാടനം കഴിഞ്ഞു ഒരുവര്‍ഷം പിന്നിട്ടിട്ടും കിടത്തി ചികിത്സ ആരംഭിക്കാത്ത ഫറോക്ക് ചന്തയിലെ താലൂക്ക് ആശുപത്രി വി.കെ.സി മമ്മദ്കോയ എം.എല്‍.എ സന്ദര്‍ശനം നടത്തി. ഇവിടെ എത്രയും പെട്ടെന്ന് ഐ.പി സംവിധാനം തുടങ്ങുന്നതിനു നടപടികളെടുക്കുന്നതിനായി ഈ വരുന്ന 13ന് ഹോസ്പിറ്റല്‍ മാനേജ്മെന്റിന്റെ മീറ്റിങ് വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദേശിച്ചതായി എം.എല്‍.എ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് 11നാണ് പുതിയ ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതുവരെ ആശുപത്രിയിലേക്ക് കിടത്തി ചികിത്സക്കാവശ്യമായ ജീവനക്കാരെ നിയമിക്കുകയോ ലാബ് സൗകര്യങ്ങളൊരുക്കുകയോ ചെയ്തിട്ടില്ല. ഒരെ സമയം 24 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗര്യമുള്ള ഇവിടെ കട്ടിലുകളും കിടക്കകളും പൊടിപിടിച്ചു കിടക്കുകയാണ്. ഇ.എച്ച്.ടി വിഭാഗത്തിനായി വാങ്ങിയ പ്രത്യേക യന്ത്രവും ആശുപത്രി മൂലയിലാണ്.
ആശുപത്രിയുടെ ഈ അവസ്ഥയില്‍ നിന്നും അടിയന്തരമായി മാറ്റം വരുത്താനാണ് എം.എല്‍.എയുടെ സന്ദര്‍ശനം. ഹോസ്പിറ്റല്‍ സൂപ്രണ്ട്, ഡോക്ടര്‍മാര്‍ എന്നിവരുമായി എം.എല്‍.എ ചര്‍ച്ച നടത്തി. നിലവില്‍ ഇവിടെക്ക് ഒന്‍പത് ഡോക്ടര്‍മാരെ അനുവദിച്ചിട്ടുണ്ട്. ഇതിനനുസരിച്ചുള്ള ജീവനക്കാരില്ലാത്തതാണ് പ്രശ്നം. പുതുതായി രണ്ട് നഴ്സിങ് അസിസ്റ്റന്റ്, മൂന്ന് ലാസ്റ്റ് ഗ്രേഡ് അറ്റന്റണ്ട് എന്നിവരെ നിയോഗിച്ചാല്‍ കിടത്തി ചികിത്സ ആരംഭിക്കാമെന്നു ഹോസ്പിറ്റല്‍ സൂപ്രണ്ട് അറിയിച്ചു.
ആവശ്യമായ ജീനക്കാരെ താല്‍ക്കാലികമായെങ്കിലും നിയമിച്ചു ഉടന്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്നു എം.എല്‍.എ ഉറപ്പ് നല്കി. ഫറോക്ക് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. നുസ്റത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എം. സുധര്‍മ, എം. ഗിരീഷ്, ഇഫ്സുറഹ്മാന്‍ എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."