റിസര്‍വ് ബാങ്ക് മോദിക്കു നോക്കുകുത്തി
അഡ്വ. ജി. സുഗുണന്‍
9847132428#
ഭരണഘടനാ സ്ഥാപനങ്ങളോടു യാതൊരു നീതിയും മര്യാദയും പുലര്‍ത്തുന്ന സമീപനമല്ല കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍.ബി.ഐ) കേന്ദ്ര സര്‍ക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനം ഒഴിഞ്ഞുപോയതെന്നത് ഒരു യാഥാര്‍ഥ്യമാണ്. നോട്ടു നിരോധനം പോലുള്ള രാജ്യത്തെ സമ്പദ്ഘടനയുടെ അടിത്തറ തകര്‍ക്കുന്ന നടപടിപോലും ആര്‍.ബി.ഐയുമായി ആലോചിക്കാതെയാണ് കേന്ദ്രം കൈക്കൊണ്ടതെന്നു പിന്നീടു വ്യക്തമായിട്ടുമുണ്ട്. ഒരു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനം തന്നെയാണ് റിസര്‍വ് ബാങ്ക്. അതിനു രാജ്യത്തെ എക്‌സിക്യൂട്ടീവ് ആ നിലയിലുള്ള മുന്തിയ പരിഗണ നല്‍കിയില്ലെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടന തന്നെയായിരിക്കും താറുമാറാകുന്നത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അതാണുണ്ടായിരിക്കുന്നത്.
അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചൊഴിഞ്ഞിരിക്കുകയാണ്. 2019 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹം രാജിവച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതാണ്.
കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും ഏറെ നാളായി കടുത്ത വിയോജിപ്പിലായിരുന്നു. എതിര്‍പ്പു രൂക്ഷമായതോടെ ഉര്‍ജിതുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നതുമാണ്. നോട്ടു നിരോധനം, റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടല്‍ തുടങ്ങിയവയില്‍ അദ്ദേഹത്തിനു സര്‍ക്കാരുമായി വിയോജിപ്പുണ്ടായിരുന്നു. തന്റെ അറിവോടെയല്ല നോട്ടു നിരോധനം നടപ്പാക്കിയതെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ്.
സംഘ്പരിവാറില്‍ നിന്നുള്ള എതിര്‍പ്പുകളും ഉര്‍ജിതിനു നേരിടേണ്ടി വന്നിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച നേടുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ തയാറാകണമെന്നും അല്ലെങ്കില്‍ അദ്ദേഹം രാജിവച്ച് പുറത്തുപോകണമെന്നും ആര്‍.എസ്.എസ് സാമ്പത്തിക വിദഗ്ധരുടെ തലവന്‍ അശ്വനികുമാര്‍ നേരത്തെ പ്രഖ്യാപിച്ചത് പ്രശ്‌നം സങ്കീര്‍ണമാക്കിയിരുന്നു.
സംഘ്പരിവാറില്‍ നിന്നു കേന്ദ്ര സര്‍ക്കാരിനുണ്ടായ സമ്മര്‍ദമാണ് ഉര്‍ജിതിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് വളരെ വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വഴങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുകയാണ് നല്ലതെന്നായിരുന്നു സംഘ്പരിവാറിന്റെ പരസ്യമായ നിലപാട്. റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ ധനത്തിന്റെ മൂന്നിലൊന്ന് വികസനാ ആവശ്യങ്ങള്‍ക്കു വിട്ടുകിട്ടണമെന്ന സര്‍ക്കാര്‍ നിലപാട് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നത വര്‍ധിപ്പിക്കുകയും ചെയ്തു.
കരുതല്‍ ധനം വിട്ടുനല്‍കാന്‍ ആവില്ലെന്ന നിലപാട് തന്നെയായിരുന്നു ആര്‍.ബി.ഐ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. ഇതാണ് കേന്ദ്രസര്‍ക്കാരിനെയും സംഘ്പരിവാറിനെയും ചൊടിപ്പിച്ചത്. അടുത്തിടെ നടന്ന ചര്‍ച്ചകളില്‍ ഇരുകൂട്ടരും അനുരഞ്ജനത്തിന്റെ പാതയിലേക്ക് എത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെയും രാജ്യത്തെയും ഞെട്ടിച്ചുകൊണ്ട് ഉര്‍ജിത് രാജിവച്ചത്.
രഘുറാം രാജന്‍ രാജിവച്ച ഒഴിവില്‍ 2016 സെപ്റ്റംബറിലാണ് ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്. റിസര്‍വ് ബാങ്കിന്റെ നാലു ഡപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ ഉര്‍ജിത് 2013 മുതല്‍ പണ നയ അവലോകന കമ്മിറ്റിയുടെ ചുമതലയാണ് വഹിച്ചിരുന്നത്. രാജ്യത്തെ നാണയപ്പെരുപ്പത്തോത് നിശ്ചയിക്കാനുള്ള അടിസ്ഥാന ഘടകം മൊത്ത വില സൂചികയില്‍ നിന്ന് ഉപഭോക്തൃ വില സൂചികയായി നിശ്ചയിച്ചത് അദ്ദേഹമായിരുന്നു. 1991ല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടങ്ങിയ ശേഷമുള്ള സുപ്രധാനമായ മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.
ഉര്‍ജിത് രാജിവച്ചത് കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണെന്ന് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്രത്തോടുള്ള വിയോജിപ്പ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവയ്ക്കുന്നത് ചില സാഹചര്യങ്ങളെ നേരിടാന്‍ കഴിയാതെ വരുമ്പോഴാണ്. ആര്‍.ബി.ഐയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തില്‍ കേന്ദ്രം ഇടപെടുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ എത്തിയതിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുമുണ്ടായി.
നോട്ടു നിരോധനമെന്ന സാമ്പത്തിക ദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് ഉര്‍ജിതിന്റെ രാജിയെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞിട്ടുണ്ട്. വലിയ സാമ്പത്തിക കുഴപ്പത്തിലേക്കാണ് നാം പോകുന്നതെന്നും ആര്‍.ബി.ഐയുടെ സ്വയം ഭരണാധികാരം കവര്‍ന്നെടുക്കാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു നോട്ടു നിരോധനം വഴി നട്ടെല്ലൊടിഞ്ഞ ഇന്ത്യയുടെ സമ്പദ്ഘടന കൂടുതല്‍ കെടുതികള്‍ കാത്തിരിക്കുകയാണെന്നും ഐസക് പറയുകയുണ്ടായി.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ച ആര്‍.ബി.ഐ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കാന്‍ കാരണമായതെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പരസ്യമായി പറഞ്ഞതോടെയാണ് കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. 2008 മുതല്‍ 2014 വരെ സാമ്പത്തിക നില സജീവമാക്കി നിര്‍ത്താന്‍ ബാങ്കുകള്‍ വകതിരിവില്ലാതെ വായ്പ നല്‍കിയിരുന്നെന്നും റിസര്‍വ്ബാങ്ക് അതിനെതിരേ ഇടപെടല്‍ നടത്താതെ കണ്ണടച്ചെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനം. ഇതിനുള്ള പ്രതികരണമെന്ന നിലയില്‍ ആര്‍.ബി.ഐ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ നടത്തിയ പ്രസ്താവനയില്‍ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ നേരിട്ടിടപെടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ആര്‍.ബി.ഐ ചട്ടത്തിലെ വകുപ്പ് ഏഴ് ഉപയോഗിച്ച് ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനു കേന്ദ്ര സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുത്തിരുന്നില്ല. പതിവിനു വിപരീതമായി രണ്ടാമൂഴത്തിന് നില്‍ക്കാതെ രഘുറാം സ്ഥലം കാലിയാക്കുകയായിരുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ മോദിയോടും ജെയ്റ്റ്‌ലിയോടും ഏറ്റുമുട്ടലിനു നില്‍ക്കാതെ പുറത്തുപോയത് ഈ അടുത്താണ്. ആസൂത്രണ കമ്മിഷന്‍ ഉടച്ചുവാര്‍ത്തുണ്ടാക്കിയ നീതി ആയോഗിന്റെ ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയയും പാതിവഴിയില്‍ സേവനം അവസാനിപ്പിച്ചു. മോദിയുടെ വിശ്വസ്തനായി നിന്ന് നോട്ടു നിരോധനത്തിനു ചുക്കാന്‍ പിടിച്ച റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയയും സര്‍ക്കാരുമായി ഉരസിയാണ് പിരിഞ്ഞുപോയത്.
മോദി സര്‍ക്കാര്‍ സ്വേച്ഛാപരമായി നടപ്പാക്കിയ നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ സമ്പദ് ഘടനയില്‍ സൃഷ്ടിച്ച കെടുതികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥ, ഉപദേശകവൃന്ദത്തില്‍ വലിയ അസ്വസ്ഥത ഉണ്ടാക്കിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ മൂലധനാടിത്തറ തകര്‍ന്നത്, കിട്ടാക്കടം പെരുകിയത്, പൊതുമേഖലാ ബാങ്കുകളുടെ വ്യാപകമായ തട്ടിപ്പ് എന്നിങ്ങനെ ബാങ്കിങ് മേഖല പ്രതിസന്ധിയിലായതിന് കേന്ദ്രം റിസര്‍വ് ബാങ്കിനെയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ മാന്ദ്യം മറികടന്ന് സമ്പദ് രംഗം മെച്ചപ്പെടുന്നുവെന്ന കൃത്രിമ പ്രതീതി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നല്ലൊരു പങ്ക് കൈയടക്കാന്‍ നീക്കം തുടങ്ങിയതോടെയാണ് ഉര്‍ജിതും ഡപ്യൂട്ടി ഗവര്‍ണര്‍മാരും സര്‍ക്കാരുമായി സംഘര്‍ഷത്തിലായത്.
ആര്‍.ബി.ഐയെ അതിന്റെ സ്വയം ഭരണാവകാശമാകെ കവര്‍ന്നെടുത്ത് വെറുമൊരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്കി മാറ്റുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങള്‍. സ്വതന്ത്ര അസ്ഥിത്വമുള്ളതും സര്‍ക്കാരിനോടും ജനങ്ങളോടും പ്രതിബദ്ധതയുമുള്ളതുമായ കേന്ദ്ര ബാങ്കാണ് സുസ്ഥിര സമ്പദ് വ്യവസ്ഥയ്ക്ക് അത്യാവശ്യമായിട്ടുള്ളത്. അതിനാവശ്യമായ അധികാരങ്ങളും 'നോ' പറയാനുള്ള അവകാശവും ആര്‍.ബി.ഐക്ക് നല്‍കിയേ മതിയാകൂ.
രാഷ്ട്രീയ സാഹചര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമല്ലാതെ മാറിയ സാഹചര്യത്തിലാണ് ഉര്‍ജിതിന്റെ രാജിയുണ്ടായത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിനെ തുടര്‍ന്ന് തന്നെയാണ് ഈ രാജി ഉണ്ടായത്. നോട്ട് നിരോധനം ആര്‍.ബി.ഐയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ഏറ്റവുമൊടുവില്‍ കേന്ദ്രം കോപ്പുകൂട്ടുന്നത്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഉര്‍ജിതിന്റെ രാജിപ്രഖ്യാപനം.
എന്തായാലും ദേശീയ രാഷ്ട്രീയ രംഗത്തു വലിയ ചലനങ്ങളുണ്ടാക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ രാജി തുടരുകയാണ്. പ്രധാമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സൂര്‍ജിത് ഭല്ലയും രാജിവച്ചു. ഈ നിലയിലുള്ള രാജികള്‍ ഇനിയും തുടരുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
തെറ്റായതും ജനവിരുദ്ധവും രാജ്യത്തെ പിറകോട്ടടിക്കുന്നതുമായ സമ്പത്തിക നയങ്ങള്‍ തിരുത്തിക്കുറിക്കാന്‍ ഇനിയെങ്കിലും മോദി സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടിവരിക. ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നെങ്കിലും പാഠം പഠിക്കാന്‍ മോദിയും കൂട്ടരും ഇനിയെങ്കിലും തയാറാകണം.
(സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."