മധ്യപ്രദേശ്, രാജസ്ഥാന് സര്‍ക്കാരുകള്‍ക്ക് മായവതിയുടെ മുന്നറിയിപ്പ്
ലഖ്നൗ: മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പുമായി ബി.എസ്.പി അധ്യക്ഷ മായാവതി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിന് നടന്ന ഭാരതബന്ധിനെ തുടര്‍ന്ന് നിരപരാധികളായ ജനങ്ങള്‍ക്കെതിരെ ഇരു സംസ്ഥാനങ്ങളിലും മുന്‍ ബി.ജെ.പി സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നാണ് മായാവതിയുടെ ആവശ്യം. ഇത് പരിഗണിക്കാന്‍ തയാറായിട്ടില്ലെങ്കില്‍ രണ്ട് സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ക്കുള്ള പുറമെനിന്നുള്ള പിന്തുണ പുനഃപരിശോധിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പി സര്‍ക്കാരുകള്‍ രാഷ്ട്രീയ-മത പരിഗണന അടിസ്ഥാനമാക്കിയാണ് ജനങ്ങള്‍ക്കെതിരേ കേസെടുത്തിരുന്നത്. അനാവശ്യമായി എടുത്ത കേസുകള്‍ രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ഉടന്‍ പിന്‍വലിക്കണം. ഇതിന് തയാറായിട്ടില്ലെങ്കില്‍ ഇരുസംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ക്ക് നല്കുന്ന പിന്തുണ പുനഃപരിശോധിക്കുമെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കിയത്.
230അംഗ മധ്യപ്രദേശ് നിയമസഭയില്‍ ബി.എസ്.പിക്ക് രണ്ട് അംഗങ്ങളാണ് ഉള്ളത്. 200അംഗ രാജസ്ഥാന് സഭയില്‍ ബി.എസ്.പിക്ക് ആറ് അംഗങ്ങളുമുണ്ട്. ഇരുസംസ്ഥാനങ്ങളിലും ബി.എസ്.പി പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത് മുന്‍ ബി.ജെ.പി സര്‍ക്കാരിനെ പോലെ പ്രവര്‍ത്തിക്കാനല്ല. തൊഴില്‍ രഹിതരുടെയും കര്‍ഷകരുടെയും താല്പര്യം സംരക്ഷിക്കാന്‍ തയാറായിട്ടില്ലെങ്കില്‍ ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വലിയ വിലനല്‍കേണ്ടി വരുമെന്നും മായാവതി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."