തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം; രണ്ടാം പുതുവത്സര ദിനത്തിലും പ്രതീക്ഷ മാത്രം
കല്‍പ്പറ്റ: നാടും നഗരവും പൊലിമയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോഴും പ്രതീക്ഷകളില്ലാതെ ജില്ലയിലെ തോട്ടം മേഖല.
കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാത്ത തോട്ടം തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണ പ്രശ്‌നം ജനുവരി 10നകം പരിഹരിക്കണമെന്ന തൊഴില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശമാണ് നേരിയ പ്രതീക്ഷ. ഇതും നടപ്പായില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കാലാവധി കഴിഞ്ഞ ശമ്പള വ്യവസ്ഥയില്‍ ജോലി തുടരേണ്ടി വരും. ഡിസംബര്‍ 21ന് തിരുവനന്തപുരത്ത് നടന്ന ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്ത് പത്താമത്തെ പി.എല്‍.സി യോഗവും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് ജനുവരി 10നകം പ്രശ്‌നം പരിഹരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയത്. നേരത്തെ അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ പരമാവധി അഞ്ചു രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടില്‍ മാനേജ്‌മെന്റുകള്‍ പത്താം യോഗത്തില്‍ അയവുവരുത്തിയിരുന്നു. കൂലി വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ അംഗീകരിച്ച മാനേജ്‌മെന്റുകള്‍ 30 രൂപയുടെ വര്‍ധനവ് വരെ വരുത്താമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇത് തൊഴിലാളികള്‍ക്ക് സ്വീകാര്യമല്ല. മിനിമം വേതനം 600 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞ കാലങ്ങളില്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കൂട്ടിയ തുകയേക്കാള്‍ കൂടുതലാണ് നിലവില്‍ മാനേജ്‌മെന്റ് അംഗീകരിച്ച തുക. ഇത് അംഗീകരിച്ച് മുന്നോട്ടുപോകലാകും ട്രേഡ് യൂനിയനുകളുടേതുള്‍പ്പെടെയുള്ളവരുടെ ഒടുവിലത്തെ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ മിനിമം വേതനം അറുനൂറു രൂപയെ തൊഴിലാളികളുടെ ആവശ്യം യാഥാര്‍ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. തേയിലത്തോട്ടം മേഖലയില്‍ 30 തോട്ടങ്ങളിലായി 5518 തൊഴിലാളികളും 142 കാപ്പിത്തോട്ടങ്ങളിലായി 689, 11 ഏലത്തോട്ടങ്ങളിലായി 50 തൊഴിലാളികളും ജില്ലയിലുള്ളതായാണ് തൊഴിലും നൈപുണ്യവും വകുപ്പിന്റെ കണക്ക്. തോട്ടം തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കണമെന്നാണ് വകുപ്പ് ജില്ലാ പദ്ധതിക്കായി സമര്‍പ്പിച്ച വകുപ്പിന്റെ വികസന കാഴ്ച്ചപ്പാടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്നുണ്ടാകാത്തത് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ജനുവരി 10നും ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമായില്ലെങ്കില്‍ സംസ്ഥാനത്തെ തോട്ടം മേഖല വീണ്ടും സമരത്തിന് നിര്‍ബന്ധിതരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."