'ജീവനം' പദ്ധതി പ്രഖ്യാപനം നാളെ
മാനന്തവാടി: ജില്ലാ ആശുപത്രി ഡയാലിസിസ് യന്ത്രങ്ങളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് വൃക്ക രോഗികള്‍ക്കായി നടപ്പാക്കുന്ന 'ജീവനം' പദ്ധതി പ്രഖ്യാപനവും നാളെ നടക്കും.
വടകര തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന അഞ്ച് ഡയാലിസിസ് യന്ത്രങ്ങളുടെ ഏറ്റുവാങ്ങള്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും, അറക്കല്‍ ജോയ് നല്‍കുന്ന ഡയാലിസിസ് യന്ത്രങ്ങളുടെ ഏറ്റുവാങ്ങല്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജീവനം പദ്ധതിക്ക് കൈത്താങ്ങായ അറക്കല്‍ ജോയ്, ഡോ. ഇദ്രീസ്, ജോസഫ് ഫ്രാന്‍സീസ് വടക്കേടത്ത് എന്നിവരെ ആദരിക്കല്‍ ചടങ്ങ് ജില്ലാ കലക്ടര്‍ അജയകുമാര്‍ ഐ.എ.എസ് നിര്‍വഹിക്കും. പ്രഥമ ഫണ്ട് സ്വീകരണം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജും, ജീവനം പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്ററും, ലോഗോ പ്രകാശനം സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷും നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് ചെയര്‍പേഴ്‌സന്‍ എ. ദേവകി, ജില്ലാ പഞ്ചായത്ത് അംഗം ഒ.ആര്‍ രഘു, ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ്, എച്ച്.എം.സി അംഗങ്ങളായ പി.വി.എസ് മൂസ, കേളോത്ത് അബ്ദുല്ല, ഇബ്രാഹീം കൈപ്പാണി, ഷബീര്‍ അലി, എം.പി ശശികുമാര്‍ സംബന്ധിച്ചു.
വൃക്ക രോഗികള്‍ക്ക് ആശ്വാസമായി കൂടുതല്‍ ഡയാലിസിസ് യന്ത്രങ്ങള്‍
മാനന്തവാടി: വൃക്ക രോഗികള്‍ക്ക് സഹായഹസ്തവുമായി ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും. 'ജീവനം' പദ്ധതിക്ക് രൂപം നല്‍കി ജില്ലാ പഞ്ചായത്തും ചികിത്സാ സൗകര്യം വര്‍ധിപ്പിച്ച് ജില്ലാ ആശുപത്രിയും രോഗികള്‍ക്ക് സഹായവുമായി എത്തുന്നതോടെ ചികിത്സക്കായി അയല്‍ ജില്ലകളിലെ ആശുപത്രിയില്‍ പോകുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കും. ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ മൂന്ന് ഷിഫ്റ്റുകളിലായി ഒന്‍പത് ഡയാലിസിസ് യന്ത്രങ്ങള്‍ ഉപയോഗിച്ച് 45 രോഗികള്‍ക്കാണ് ഡയാലിസിസ് നടത്തുന്നത്. നാളെ ആറ് യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കുകയും ഒരു ഷിഫ്റ്റ് കൂടി വര്‍ധിപ്പിക്കുകയും ചെയ്താല്‍ 120 രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം ഒരുക്കാന്‍ സാധിക്കും.
അറക്കല്‍ ജോയി 11.67 ലക്ഷം രൂപ ചിലവഴിച്ച് ജില്ലാ ആശുപത്രിയില്‍ ഒരുക്കിയ സ്ഥലത്ത് തണല്‍ ചാരിറ്റിബിള്‍ സൊസൈറ്റി നല്‍കിയ അഞ്ച് ഡയാലിസിസ് യന്ത്രങ്ങളും അറക്കല്‍ ജോയി നല്‍കിയ ഒന്നും സ്ഥാപിച്ച് കൊണ്ടാണ് കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം ഒരുക്കുന്നത്. ജില്ലാ പഞ്ചായത്ത് ജീവനം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പദ്ധതികളാണ് രോഗികള്‍ക്കായി നടപ്പിലാക്കുന്നത്. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന്നായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 70 ലക്ഷം രൂപ പൊതുജന പങ്കാളിത്തത്തോടെ സ്വരൂപിച്ചുമാണ് ജീവനം പദ്ധതി നടപ്പിലാക്കുന്നത്. ഡയാലിസിസ് രോഗികള്‍ക്ക് ജില്ലാ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങാന്‍ 25 ലക്ഷം രൂപയും അവയവം മാറ്റി വെച്ചവര്‍ക്കായി 25 ലക്ഷം രൂപയുടെ പദ്ധതിയും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും. കിടപ്പിലായ രോഗികളുടെ ചികിത്സക്കായി 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിന്നായി ജില്ലയിലെ എല്ലാ വാര്‍ഡുകളിലും നാട്ടുകൂട്ടം രൂപികരിക്കും. 15 പേരടങ്ങുന്ന ട്രെയിനിങ് നേടിയ വളണ്ടിണ്ടിയേഴ്‌സിന്റെ സേവനം രോഗികളെ പരിചരിക്കുന്ന കുടുംബത്തിന് ഏറെ ആശ്വാസമാകും. ആയിരം പേര്‍ക്ക് പ്രത്യക്ഷമായും 2000 കുടുംബങ്ങള്‍ക്ക് പരോക്ഷമായും ആശ്വാസമാകുന്ന 'ജീവനം' പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതിന് പൊതുജന പങ്കാളിത്തം അത്യാവശ്യമാണ്. ജില്ലയില്‍ അനുദിനം വൃക്ക രോഗികളുടെ എണ്ണം പെരുകി കൊണ്ടിരിക്കുകയാണ്. 872 രോഗികളുള്ള വയനാട്ടില്‍ ഇവര്‍ക്ക് ആവശ്യമായ ഡയാലിസിസ് സൗകര്യമില്ല. ജില്ലക്ക് പുറത്ത് പോയി ഡയാലിസിസ് ചെയ്യുന്നവരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം രോഗികളും. ഇവര്‍ അനുഭവിക്കുന്ന യാത്രാദുരിതവും സാമ്പത്തിക പ്രയാസവും വളരെ വലുതാണ്. പല കുടുംബങ്ങളും സാമ്പത്തിക അടിത്തറ നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കില്‍ എത്തിയിരിക്കുകയാണ് നിലവില്‍. ഇവരുടെ ദുരിതത്തിന് താല്‍ക്കാലികമായെങ്കിലും പരിഹാരം കാണാന്‍ ജീവനം പദ്ധതി നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."