ഒടുവില്‍ ചെറിയചുണ്ടന്‍ കാടയെയും കാമറയിലാക്കി
ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: കാമറക്കണ്ണുകള്‍ക്ക് പിടികൊടുക്കാതെ മുങ്ങിനടക്കുന്ന ദേശാടനപ്പക്ഷി ചെറിയ ചുണ്ടന്‍ കാടയെ ഒടുവില്‍ പക്ഷി നിരീക്ഷകര്‍ കാമറയിലാക്കി. കേരളത്തില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഈ പക്ഷിയുടെ ഒരു ചിത്രവും ഇതുവരെ കേരളത്തില്‍ നിന്ന് പകര്‍ത്താന്‍ സാധിച്ചിട്ടില്ല. കോള്‍പാടത്ത് വച്ച് പക്ഷി നിരീക്ഷകനായ വിവേക് ചന്ദ്രനും, കൃഷ്ണകുമാര്‍ അയ്യരും ചേര്‍ന്നാണ് ചെറിയ ചുണ്ടന്‍ കാടയുടെ ചിത്രം പകര്‍ത്തിയത്. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഈ ദേശാടനപ്പക്ഷിയുടെ ചിത്രമെടുക്കാന്‍ സാധിക്കുന്നതെന്ന് പക്ഷി നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. വടക്കന്‍ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്. പ്രജനന സമയം അല്ലാത്തപ്പോള്‍ ബ്രിട്ടന്‍, യൂറോപ്പിന്റെ തീര പ്രദേശങ്ങള്‍, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ ദേശാടനത്തിന് എത്തുകയാണ് ചെയ്യുക.
പൊന്നാനി-തൃശൂര്‍ കോള്‍ നിലങ്ങളില്‍പ്പെട്ട ആലപ്പാട് പാടശേഖരത്തില്‍ പക്ഷി നിരീക്ഷണം നടത്തുന്നതിനിടെയാണ് ഈ കുഞ്ഞന്‍ പക്ഷിയെ കണ്ടെത്തുന്നത്. പാടത്തെ ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഈ പക്ഷിയെ മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരുന്നാണ് ഇവര്‍ ചിത്രം പകര്‍ത്തിയത്. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമാണ് ചിത്രം കേരളത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന ചെറിയ ചുണ്ടന്‍ കാടയാണെന്ന് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."