സുവര്‍ണ കേരള മൂഡബിദ്രിയില്‍നിന്ന്
കേരളയുടെ കാലിയായ മെഡല്‍ ബാസ്‌ക്കറ്റിലേക്ക് മൂന്നാം ദിനത്തില്‍ എത്തിയത് ഇരട്ട സ്വര്‍ണവും ഒരു വെങ്കലവും. കാലിക്കറ്റിന് രണ്ടു വെള്ളി. എം.ജിയുടെ സമ്പാദ്യം രണ്ടു വെള്ളിയും നാലു വെങ്കലവും.
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് മൂന്നു ദിനം പിന്നിട്ടപ്പോള്‍ കേരളത്തിന്റെ കായിക കളരികളായ മൂന്നു സര്‍വകലാശാലകളുടെയും ആകെ മെഡല്‍ സമ്പാദ്യം പത്ത്. 400 മീറ്ററില്‍ ഒ.പി സയനയിലൂടെയായിരുന്നു കേരള സര്‍വകലാശാലയുടെ ആദ്യ സ്വര്‍ണം. തൊട്ടുപിന്നാലെ പുരുഷന്മാരുടെ 4-100 റിലേയിലും കേരള പൊന്നണിഞ്ഞു. വനിതകളുടെ റിലേയില്‍ നേട്ടം വെങ്കലത്തിലൊതുങ്ങി. പുരുഷ റിലേയില്‍ കാലിക്കറ്റും വനിതകളില്‍ എം.ജിയും വെള്ളി നേടി. വനിതാ ഹൈജംപില്‍ രണ്ടു മെഡലുകളും മലയാളത്തിന്. കാലിക്കറ്റിന്റെ എം. ജിഷ്ണ വെള്ളിയും എം.ജിയുടെ ഗായത്രി ശിവകുമാര്‍ വെങ്കല പതക്കവും സ്വന്തമാക്കി. പുരുഷ വിഭാഗം ലോങ്ജംപില്‍ എം.ജിയുടെ ടി.വി അഖിലിനാണ് (7.46) വെങ്കലം. മദ്രാസ് സര്‍വകലാശാലയുടെ ആര്‍. സ്വാമിനാഥന്‍ (7.78) സ്വര്‍ണം നേടി. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ പുനെ സാവിത്രി ഭായ് ഫൂലെ സര്‍വകലാശാലയുടെ ജഗ്ദലെ കോമള്‍ (10:23.66) റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 2018 ല്‍ മംഗളൂരു സര്‍വകലാശാലയുടെ ബി. ശീതള്‍ സമാജിയുടെ (10:34:53) റെക്കോര്‍ഡാണ് തകര്‍ത്തത്. ചാംപ്യന്‍ഷിപ്പിന്റെ നാലാം ദിനമായ ഇന്ന് പത്തിനങ്ങളിലാണ് ഫൈനല്‍.
സയനയുടെ പ്രതികാരം
കടമ്പയില്‍ തട്ടി കൈവിട്ട പൊന്ന് ഒറ്റലാപ്പില്‍ ഓടിപ്പിടിച്ച് സയനയുടെ പ്രതികാരം. വനിതകളുടെ 400 മീറ്റര്‍ പോരാട്ടത്തില്‍ കേരള സര്‍വകലാശാലയുടെ ഒ.പി സയന മിന്നുന്ന പ്രകടനത്തിലൂടെ പൊന്നണിഞ്ഞു. ഒരു സ്വര്‍ണത്തിനായി കേരളത്തിന്റെ കാത്തിരിപ്പിന് മൂന്നാം ദിനത്തില്‍ സയനയിലൂടെ മറുപടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വീണു പോയതിന്റെ കണക്കു തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഒറ്റ ലാപ്പിന്റെ ട്രാക്കില്‍ സയന ഓടാനിറങ്ങിയത്. വെടിയൊച്ചക്കു പിന്നാലെ അഞ്ചാം ട്രാക്കിലൂടെ മികച്ച സ്റ്റാര്‍ട്ടിങുമായി കുതിച്ച സയന ഓരോ 100 മീറ്ററിലും വ്യക്തമായ ആധിപത്യം നിലനിര്‍ത്തി. അവസാന 100 മീറ്ററില്‍ ആന്ധ്രയിലെ കൃഷ്ണ സര്‍വകലാശാലയുടെ ജ്യോതികശ്രീ സയനയെ വെല്ലുവിളിച്ചു കൂടെ പാഞ്ഞു. തോല്‍ക്കാന്‍ മനസില്ലെന്ന് ഉറപ്പിച്ച് പാഞ്ഞ സയന ഉജ്വല ഫിനിഷിങിലൂടെ പൊന്നണിഞ്ഞു. 54.57 സെക്കന്‍ഡിലായിരുന്നു സയന കേരള വാഴ്‌സിറ്റിക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. 54.70 സെക്കന്‍ഡിലാണ് ജ്യോതിക വെള്ളി ഉറപ്പിച്ചത്. പഞ്ചാബ് സര്‍വകലാശാലയുടെ ഗുഗ് കൗര്‍ വെങ്കലവും (55.517) നേടി. വെള്ളിയാഴ്ച നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെഡല്‍ പ്രതീക്ഷയുമായി കുതിച്ച സയന ആറാമത്തെ ഹര്‍ഡിലില്‍ തട്ടി വീണിരുന്നു. ഉറച്ചൊരു മെഡല്‍ നഷ്ടമായതിന്റെ സങ്കടം രാത്രി മുഴുവന്‍ കരഞ്ഞു തീര്‍ത്തു. 400 മീറ്ററിന്റെ സെമിയില്‍ പുറത്താകാന്‍ പോലും സ്വയം ഉറപ്പിച്ചു. പരിശീലകന്‍ അവിനാഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഓടി. ഫൈനല്‍ റൗണ്ടിന് യോഗ്യത ഉറപ്പിച്ചതോടെ പൊന്ന് സ്വപ്നം കണ്ടു. ട്രാക്കില്‍ ഓടാന്‍ തയാറെടുക്കുമ്പോള്‍ ഹര്‍ഡില്‍സിലെ മെഡല്‍ സെറിമണിയുടെ അറിയിപ്പ് വന്നതോടെ വാശിയേറി. ഒടുവില്‍ സ്വര്‍ണത്തില്‍ കുതിപ്പ് അവസാനിപ്പിച്ചു. സ്വര്‍ണ നേട്ടത്തിന് തൊട്ടുപിന്നാലെ 4-100 മീറ്റര്‍ റിലേയിലും ഓടിയ സയന കേരളയുടെ വെങ്കല പതക്ക നേട്ടത്തിലും പങ്കാളിയായി. തിരുവനന്തപുരം നിറമണ്‍കര അമ്പാടിയില്‍ ബി. പ്രഭാകരന്റെയും ഓമനയുടെയും മകളാണ് സയന. കൊല്ലം എസ്.എന്‍ കോളജിലെ ഒന്നാം വര്‍ഷ എം.കോം വിദ്യാര്‍ഥിയാണ്. പുരുഷന്മാരുടെ 400 മീറ്ററില്‍ മദ്രാസ് വാഴ്‌സിറ്റിയുടെ ഇ. രാജേഷ് (46.93) സ്വര്‍ണം സ്വന്തമാക്കി. ഇതേ ട്രാക്കില്‍ കഴിഞ്ഞ വര്‍ഷവും രാജേഷിനായിരുന്നു സ്വര്‍ണം. സ്വര്‍ണം നേടിയ രാജേഷിനെ പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ സെലക്ടര്‍മാര്‍ പട്ടാളത്തിലേക്ക് ക്ഷണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."