"എനിക്ക് തോന്നാറുണ്ട് എന്റെ തറവാട് മലബാറാണെന്ന്"
അന്തരിച്ച ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ വി.എം മൂസ മൗലവിയുമായി സത്യധാര പ്രതിനിധി നേരത്തെ നടത്തിയ അഭിമുഖം.
വടുതല വി.എം മൂസ മൗലവി/ അബ്ദുസ്സമദ് ടി കരുവാരകുണ്ട്
1960ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നടന്ന ആ സംഭവം മഹാ പണ്ഡിതനായ മൂസ മൗലവി സംസാരത്തിനിടയില്‍ ഓര്‍ത്തെടുത്തപ്പോള്‍ അല്‍പം കൗതുകവും ജിജ്ഞാസയും തോന്നി. തബ്‌ലീഗ് ജമാഅത്ത് സജീവമായി തുടങ്ങുന്ന കാലം. ബാഖിയാത്തിന്റെ അമരത്ത് ശൈഖ് ആദം ഹസ്‌റത്തുള്ള സമയം. അന്ന് തബ്‌ലീഗുകാര്‍ നടത്തുന്ന ഒരു ജമാഅത്തിന്റെ ഭാഗമായി ഒരു അറബി ബാഖിയാത്തില്‍ വന്നു. അയാളും ആദം ഹസ്‌റത്തും തമ്മില്‍ ഒരു ആയത്തിന്റെ കാര്യത്തില്‍ ചില സംസാരങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായി. അന്നേരം അറബി ആദം ഹസ്‌റത്തിനെ പരിഹസിക്കുന്ന രീതിയില്‍ ചില പദപ്രയോഗങ്ങള്‍ നടത്തി. പില്‍കാലത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായി വന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഈ ചര്‍ച്ച അല്‍പം അപ്പുറത്ത് കേട്ടു നില്‍ക്കുന്നുണ്ടായിരുന്നു. അന്നദ്ദേഹം മുഖ്തസര്‍ വിദ്യാര്‍ത്ഥിയായിരുന്നു. മറുഭാഗത്ത് മൂസ മൗലവിയും സംസാരം കേള്‍ക്കുന്നുണ്ട്. അറബി ആക്ഷേപ സ്വരം ഉയര്‍ത്തിയപ്പോള്‍, പിടിയെടാ അവനെ എന്നു പറഞ്ഞ് ഉച്ചത്തില്‍ അയാള്‍ക്കു നേരെ ഓടിയടുക്കുകയാണ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. മറുഭാഗത്തു നിന്ന് മൂസ മൗലവിയും. ശബ്ദം കേട്ട് വിദ്യാര്‍ത്ഥികള്‍ ഓടിക്കൂടി. ഗുരുവിനെ നിന്ദിച്ചവനെതിരെ എല്ലാവരും തിരിഞ്ഞു. ജീവന്‍ രക്ഷാര്‍ത്ഥം അയാള്‍ അവിടെ നിന്ന് ഓടിപ്പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്ന് മൂസ മൗലവി ഏറെ ആശ്ചര്യത്തോടെ ഇന്നും ഓര്‍മ പറയുന്നുണ്ട്.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും മുഫ്തിയും മഹാജ്ഞാനിയും വലിയൊരു തലമുറയുടെ ഗുരുവര്യനുമായ വടുതല വി.എം മൂസ മൗലവിയുടെ ഓര്‍മകളില്‍ ഇങ്ങനെ നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകളില്‍ എന്നും വലിയ സ്ഥാനം അലങ്കരിച്ച് പ്രസ്ഥാനമാണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. മലബാറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും തെക്കന്‍ കേരളത്തില്‍ തിരുകൊച്ചി ജംഇയ്യത്തുല്‍ ഉലമയായി തുടങ്ങി, ഐക്യ കേരള രൂപീകരണ ശേഷം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയായി മാറിയ പ്രസ്ഥാനവും സമൂഹത്തില്‍ വലിയ സ്വീകാര്യത നേടി. മൗലാനാ ഖുത്വുബി മുഹമ്മദ് മുസ് ലിയാരുടെ ആശീര്‍വാദം സമസ്തയെ പോലെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമക്കും ഉണ്ടായിരുന്നുവെന്നത് ചരിത്രത്തില്‍ മികച്ചു നില്‍ക്കുന്ന അധ്യായങ്ങളാണ്. 1955 നവംബര്‍ 12,13 തിയ്യതികളില്‍ ദക്ഷിണയുടെ ഒരു സംഘടനാ വിപിലീകരണ യോഗം ചങ്ങണാശ്ശേരിയില്‍ വച്ചു നടന്നു. ആ യോഗത്തില്‍ മൗലാനാ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നതായി ദക്ഷിണയുടെ ചരിത്രത്തില്‍ കാണാവുന്നതാണ്. ഇടക്കാലത്ത് വെച്ച് ഇരു സംഘടനകള്‍ക്കിടയിലും ചില ആശയപരമായ അകല്‍ച്ചകളുണ്ടായി. പ്രധാനമായും തബ്‌ലീഗ് ജമാഅത്തിനോടു പുലര്‍ത്തേണ്ട സമീപനമായിരുന്നു അകല്‍ച്ചക്ക് ആക്കം കൂട്ടിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തബ്‌ലീഗിനെ നിശിതമായി വിമര്‍ശിച്ച് തീരുമാനം കൈകൊണ്ടപ്പോള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തബ്‌ലീഗ് വിഷയത്തില്‍ തവഖുഫ് മതിയെന്ന നിലപാടിലായിരുന്നു. സമസ്ത മുശാവറ തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് പഠിച്ച് തീരുമാനമെടുത്തത് മൗലാന ഖുത്വുബി എഴുതിയ ഒരു കത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നത് മറ്റൊരു ചരിത്രം. ദക്ഷിണ കേരള ജംഇത്തുല്‍ ഉലമയുടെ ഉറച്ച ശബ്ദവും ആത്മീയ സാന്നിധ്യവുമാണ് മൂസ മൗലവി. പണ്ഡിത സഭയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും അനുഭവ സമ്പന്നനും അനുഭവ ജ്ഞാനിയുമാണദ്ദേഹം. പുതിയ കാലത്ത് ദക്ഷിണ കേരള ജംഇത്തുല്‍ ഉലമയുടെ ആലോചനകളും സമസ്ത കേരള ജംഇത്തുല്‍ ഉലമയുമായുള്ള അതിന്റെ ബന്ധങ്ങളും സംഘടന നേരിടുന്ന വെല്ലുവിളികളും പങ്കുവെക്കുകയാണദ്ദേഹം.
താങ്കള്‍ അദ്ധ്യക്ഷനായ ദക്ഷിണ കേരള ജംഇത്തുല്‍ ഉലമയെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാം. എന്തായിരുന്നു ദക്ഷിണയുടെ രീപീകരണ പശ്ചാത്തലം?
മലബാറിനെപ്പോലെത്തന്നെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുസ്‌ലിംകളാണ് തെക്കന്‍ കേരളത്തിലുമുള്ളത്. കേരളത്തിലെത്തിയ ആദ്യ പ്രബോധക സംഘം തെക്കന്‍ കേരളത്തിലെ കൊല്ലത്തും വിഴിഞ്ഞത്തും കന്യാകുമാരിക്കടുത്ത പൂവാറിലും എത്തിയതായി ചരിത്രത്തില്‍ കാണാവുന്നതാണ്. കൂടാതെ തെക്കന്‍ കേരളത്തിലേക്കുള്ള മുസ്‌ലിം കുടിയേറ്റത്തിന്റെ ചരിത്രം തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തിലൂടെയും തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷണപ്രകാരമെത്തിയ സൈന്യങ്ങള്‍ മുഖേനയും കച്ചവടാവശ്യാര്‍ത്ഥം വന്ന വണിക്കുകകള്‍ മുഖേനയുമായിരുന്നു. മുഖ്യധാരാ മുസ്‌ലിംകള്‍ക്കെതിരെ ഉടലെടുത്ത പുത്തന്‍വാദത്തിനെതിരെ മലബാര്‍ ഉലമാക്കള്‍ സംഘടിച്ച് സമസ്തക്ക് രൂപം നല്‍കിയത് 1925നു ശേഷമാണ്. സുന്നത്തുജമാഅത്തിന്റെ ഭദ്രമായ നിലനില്‍പ്പിന് അന്ന് അത്തരമൊരു സംഘടയുടെ രൂപീകരണം നിര്‍ബന്ധമായിരുന്നു. തെക്കന്‍ കേരളത്തിലെ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇത്തരമൊരു ആശയം ഉടലെടുക്കുന്നത് 1950നു ശേഷമാണ്. ഈ ആശയം മുന്നോട്ടു വെച്ച മിക്ക പണ്ഡിതരും മലബാറില്‍ പഠനം നടത്തിയവരോ മലബാറുമായി ബന്ധമുള്ളരോ ആയിരുന്നു. സമസ്തയുടെ പ്രവര്‍ത്തനം മലബാറില്‍ പരിമിതപ്പെടുകയും സുന്നത്ത്ജമാഅത്തിന്റെ പ്രവര്‍ത്തനം തിരുകൊച്ചിയില്‍ സജീവമാക്കേണ്ടതിന്റെ സാഹചര്യം സംജാതമാവുകയും ചെയ്തപ്പോഴാണ് ദക്ഷിണയുടെ പഴയ രൂപമായ തിരുകോച്ചി ജംഇത്തുല്‍ ഉലമ രൂപീകരിക്കപ്പെടുന്നത്. 1955 ജൂണ്‍ 26ന് കൊല്ലം ജോനകപ്പുറം കൊച്ചുപള്ളിയില്‍ ചേര്‍ന്ന പണ്ഡിതന്‍മാരുടെ യോഗമാണ് സംഘടനയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്. പ്രമുഖ പണ്ഡിതനായിരുന്ന ഹാജി. പി.കെ യൂനുസ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റഈസുല്‍ ഉലമ എം. ശിഹാബുദ്ധീന്‍ മൗലവി, കായംകുളം ഉമര്‍കുട്ടി മൗലവി, കോട്ടക്കര ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, അലവിക്കുഞ്ഞ് മുസ്‌ലിയാര്‍, ഫരീദ് മൗലവി, അഹ്മദ് ആലിം സാഹിബ് തുടങ്ങിയവരായിരുന്നു അതിന്റെ സ്ഥാപക നേതാക്കള്‍. ഈ പ്രമുഖരുമായി എനിക്ക് വലിയ വ്യക്തിബന്ധങ്ങളുണ്ടായിരുന്നു.
ബഹുമുഖ പദ്ധതികളോടെ തുടങ്ങിയ ജംഇയ്യത്തിനു കീഴില്‍ ഇന്ന് വിവിധ കീഴ്ഘടകങ്ങളും സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ്, ജമാഅത്ത് ഫെഡറേഷന്‍, യുവജന ഫെഡറേഷന്‍, സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ലജ്‌നത്തുല്‍ മുഅല്ലിമീന്‍, അന്നസീം വാരിക, അല്‍ബുസ്താന്‍ മാസിക, വര്‍ക്കല മന്നാനിയ്യ തുടങ്ങിയവ സംഘടന നേരിട്ട് ഇടപെട്ട് നടത്തുന്ന സംരംഭങ്ങളാണ്.
മലബാറില്‍ ഉലമാക്കളും ദക്ഷിണ കേരളത്തിലെ ഉലമാക്കളും തമ്മിലുണ്ടായിരുന്ന ബന്ധങ്ങളെ എങ്ങനെ കാണുന്നു. താങ്കള്‍ അതില്‍ വലിയൊരു കണ്ണിയാണല്ലോ?
തീര്‍ച്ചയായും. എനിക്ക് തോന്നാറുണ്ട് എന്റെ തറവാട് മലബാറാണെന്ന്. എന്റെ അഭിവന്ദ്യ ഗുരു സയ്യിദ് അസ്ഹരി തങ്ങളുമായുള്ള എന്റെ ബന്ധവും ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ആത്മീയ ബന്ധങ്ങളും ഓര്‍ത്തെടുക്കുമ്പോള്‍ മലബാറുമായുള്ള പൊക്കില്‍കൊടി ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. എനിക്കു മാത്രമല്ല. ദക്ഷിണ കേരളത്തിലെ പല പണ്ഡിതന്‍മാര്‍ക്കും മലബാറുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവരാണ്. പലരും എന്നെപ്പോലെ മലബാറില്‍ വന്ന് പഠിച്ച് വെല്ലൂരില്‍ പോയവരാണ്. മലബാറില്‍ പോകാത്തവരാണെങ്കില്‍ ബാഖിയാത്തില്‍ വെച്ച് മലബാരികളുമായി ആത്മബന്ധം രൂപപ്പെട്ടവരായിരിക്കും അധികവും. മലബാറിലുള്ള പല പ്രമുഖരും തെക്കന്‍ കേരളത്തില്‍ വന്ന് ദര്‍സ് നടത്തിയവരുണ്ട്. ആ ഗുരുശിഷ്യ ബന്ധം മുഖേനയും മലബാര്‍ദക്ഷിണ ബന്ധങ്ങള്‍ക്ക് നീണ്ട കാലത്തെ ചരിത്രം പറയാനുണ്ടാകും. ഞാനെന്റെ കാര്യം പറയാം: മലബാറിലെ മിക്ക പണ്ഡിതരുമായും എനിക്ക് വ്യക്തി ബന്ധമുണ്ടായിട്ടുണ്ട്. 195657കാലത്താണ് ഞാന്‍ മലബാറിലെത്തുന്നത്. അന്ന് തലക്കടത്തൂരില്‍ ദര്‍സ് നടത്തിയിരുന്ന അസ്ഹരി തങ്ങളുടെ അടുത്ത് ഓതാനാണ് ഞാനെത്തിയത്. രണ്ടു വര്‍ഷം അവിടെ ഓതിത്താമസിച്ചു. ജീവിതത്തില്‍ ഇന്നേവരെ അനുഭവിക്കാത്ത സുകൃതങ്ങളായിരുന്നു തലക്കടത്തൂരിലെ രണ്ടു വരഷം. പല അമൂല്യമായ ജ്ഞാന ശാഖകളും പരിചയപ്പെട്ടത് തങ്ങളില്‍ നിന്നാണ്. രണ്ടു വര്‍ഷത്തെ പഠന ശേഷം ഞങ്ങള്‍ ബാഖിയയാത്തിലേക്കും തങ്ങളവറുകള്‍ ഈജിപ്ത്തിലെ അല്‍അസ്ഹറിലേക്കും ഉപരിപഠനത്തിനായി പോയി. തങ്ങള്‍ അവിടെ നിന്ന് എനിക്ക് അറബിയില്‍ പലകത്തുകളും എഴുതിയിരുന്നു. ഞാന്‍ തിരിച്ചും. അതില്‍ അമൂല്യമായ പലതും ഞാന്‍ ഫ്രൈം ചെയ്തു വെച്ചിട്ടുണ്ട്.
ബാഖിയാത്തിലെ പഠന ശേഷം എന്നെ ശൈഖ് ഹസന്‍ ഹസ്‌റത്ത് പാപ്പിനിശ്ശേരിയിലേക്ക് മുദരിസായി ക്ഷണിച്ചു. അവിടെ രണ്ടുവര്‍ഷം മുദരിസായി സേവനം ചെയ്തു. ഹസന്‍ ഹസ്‌റത്തുമായി വളരെ നല്ല ബന്ധമായിരുന്നു. ഖുത്വുബിയെയും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെയും ജീവിത കാലത്ത് ബന്ധപ്പെട്ടിട്ടുണ്ട്. ഇ.കെ എന്റെ ഗുരുവായിരുന്ന അസ്ഹരി തങ്ങളുടെ ഉസ്താദ് കൂടിയാണ്. തങ്ങള്‍ മുഖേനയാണ് ഇ.കെയെ കൂടുതല്‍ അറിഞ്ഞത്. ഖുത്വുബിയെ വീട്ടില്‍ ചെന്നു കണ്ടിട്ടുണ്ട്. അതുപോലെ കണ്ണിയത്തവറുകള്‍. അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കി ആദരവോടെ മാറി നിന്നിട്ടുണ്ട്.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുമായി വലിയ വ്യക്തി ബന്ധമായിരുന്നു എനിക്ക്. ഞാന്‍ എന്റെ പല ഫോട്ടോകളും പല സ്ഥലത്തും കണ്ടിട്ടുണ്ട്. അതില്‍ ഏറ്റവും അംഗീകാരമുള്ള ഒരു ചിത്രമായി എനിക്ക് തോന്നിയത്, ഒരു നിക്കാഹ് സദസ്സില്‍ നിന്ന് ആരോ എടുത്ത ചിത്രമാണ്. അതില്‍ എന്നോട് ചെറുശ്ശേരി ദുആ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ഞാന്‍ ദുആ ചെയ്യുകയും ചെയ്യുന്ന ഫോട്ടോയാണ്. അദ്ദേഹം അസുഖ ബാധിതനായി കിടക്കുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും എന്നെക്കൊണ്ട് മന്ത്രിപ്പിക്കുകയും ചെയ്തു. വഫാത്തായപ്പോഴും ഞാനവിടെ പോയിരുന്നു. വലിയ പണ്ഡിതനായിരുന്നു അദ്ദേഹം. പിന്നെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്നു കോട്ടുമല ബാപ്പു മുസ്‌ലിയാര്‍.. അങ്ങനെ പലരുമായും എനിക്ക് വ്യക്തി ബന്ധമുണ്ടായിരുന്നു. അസ്ഹരി തങ്ങള്‍ ഒരിക്കല്‍ മക്കയില്‍ വെച്ച് എന്നെ ശൈഖ് ഫാസാനിയുടെ അടുക്കല്‍ കൊണ്ടുപോയി. അദ്ദേഹത്തില്‍ നിന്ന് നിരവധി ഇജാത്തുകള്‍ വാങ്ങിത്തന്നു. ഒരിക്കല്‍ മക്കയില്‍ വെച്ചു തന്നെ കാളമ്പാടിയെ കണ്ടുമുട്ടാനിടയുണ്ടായി. അന്ന് പഴയ പല സംഗതികളും ഞങ്ങള്‍ പറഞ്ഞോര്‍ത്തു.
അഖിലയുടെ സ്ഥാപകനായിരുന്നല്ലോ ശൈഖ് ഹസന്‍ ഹസ്‌റത്ത്. അദ്ദേഹവുമായി നല്ല ബന്ധമായിരുന്നുവെന്ന് പറഞ്ഞു. അഖിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ..
ഞാന്‍ അഖിലയില്‍ ഒരംഗമായിരുന്നു. പ്രവര്‍ത്തിച്ചിട്ടില്ല. എന്നെ പോലെ മറ്റു പലരേയും അക്കാലത്ത് അഖിലയില്‍ മെമ്പര്‍മാരായി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പലരും അതില്‍ പ്രവര്‍ത്തിക്കികയോ സജീവമാവുകയോ ചെയ്തവരല്ല. ഹസ്‌റത്തുമായുള്ള ബന്ധത്തിന്റെ പേരില്‍ പലരുടേയും പേര് ചേര്‍ത്തു എന്നു മാത്രം. പിന്നീട് അഖിലയില്‍ തെക്കന്‍ കേരളത്തില്‍ നിന്നുള്ള ആരും വേണ്ട എന്ന തീരുമാനം അവര്‍ എടുത്തു. അതിന്റെ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. എന്റെ പേര് അതിലുണ്ടായിരുന്നു എന്നല്ലാതെ ഞാന്‍ അഖിലക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടൊന്നുമില്ല.
സമസ്തയുടെയും ദക്ഷിണയുടെയും പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇടക്കാലത്ത് വല്ല അകല്‍ച്ചയും ഉണ്ടായിട്ടുണ്ടോ? കാരണം?
സമസ്തയും ദക്ഷിണയും സുന്നത്ത് ജമാഅത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. സുന്നത്ത് ജമാഅത്തിലൂടെ പരിശുദ്ധ ദീനിന്റെ നിലനില്‍പ്പാണ് ഇരു സംഘടനകളും ല്ക്ഷ്യം വെക്കുന്നത്. എന്നാല്‍ ആശയപരമായി സമസ്തയുടേയും ദക്ഷിണയുടേയും പണ്ഡിതന്‍മാര്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തബ്‌ലീഗ് ജമാഅത്തിന്റെ വിഷയത്തിലാണ് ഇരു സംഘടനകള്‍ക്കിടയില്‍ വലിയ അകല്‍ച്ചയുണ്ടായി. സമസ്തയിലെ പണ്ഡിതന്‍മാര്‍ തബ്‌ലീഗ് ജമാഅത്തിനെ നിശിതമായി തന്നെ വിമര്‍ശിച്ചു. നവീന ആശയമാണെന്നു വരെ വിധിച്ചു. പക്ഷേ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തബ്‌ലീഗ് വിഷയത്തില്‍ തവഖുഫ് മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. എനിക്കും ആ നിലപാടു തന്നെയാണുള്ളത്. സമസ്ത പണ്ഡിതന്‍മാര്‍ക്കും എനിക്കുമിടയില്‍ പിണക്കമുള്ള ഒരു കാര്യം തബ്‌ലീഗ് വിഷയം മാത്രമാണ്. ഞാന്‍ തബ്‌ലീഗ് കാരനല്ല. തബി ലീഗുകാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. അത് സമസ്ത പറഞ്ഞതിനെതിരായിരിക്കും. ഞാനത് കരുതിക്കൂട്ടി ചെയ്തതല്ല. ഞാന്‍ അനുഭവിച്ച കാര്യം പറഞ്ഞെന്നു മാത്രം. ഡല്‍ഹിയിലും മറ്റും പോയി പഠിച്ച കാര്യമാണ് ഞാന്‍ എഴുതിയത്. ദയൂബന്ദ് ഉലമാക്കളെ പറ്റി എഴുതിയ ഒരു കിതാബ് : അല്‍മുഹന്നദി അലല്‍ മുഫന്നദ് അത് ഞാന്‍ പരിഭാഷപ്പെടുത്തി. അത് ഞാന്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ഞാന്‍ അവരോടു തന്നെ പറഞ്ഞു ഞാന്‍ നിങ്ങളുടെ കൂട്ടത്തിലല്ലെന്ന്. ഇന്നെനിക്ക് ആ ആശയം തീരെയില്ല. കാരണം ഇന്ന് അവരുമായി യോജിക്കാന്‍ പറ്റുന്നില്ല. ഞാന്‍ പഴയ സുന്നിയാണ്. ഉറച്ച സുന്നിയാണ്.
പ്രസ്തുത ഗ്രന്ഥം പരിഭാഷപ്പെടുത്താനുള്ള സാഹചര്യമെന്നായിരുന്നു?
ആ ഗ്രന്ഥത്തിലുള്ള പല നല്ല കാര്യങ്ങളെക്കുറിച്ചും എതിരായി ഓരോരുത്തര്‍ പറയുമ്പോള്‍, എന്നാല്‍ അതൊന്നു പരിഭാഷപ്പെടുത്താമെന്നു തോന്നി. ദയൂബന്ദ് ഉലമാഇനെ എനിക്ക് വളരെ സ്‌നേഹമാണ്. അവര്‍ ഉറച്ച ഹനഫികളാണ്. ഹനഫി ശരിയായി അവതരിപ്പിക്കാന്‍ കഴിവുള്ളവരാണവര്‍. സുന്നികള്‍ ചെയ്യുന്നതെല്ലാം അവര്‍ ചെയ്യുന്നുണ്ട്. മൗലാനാ ഹുസൈന്‍ അഹ്മദ് മദനി പതിമൂന്നു വര്‍ഷമാണ് മദീനാ പള്ളിയില്‍ ദര്‍സ് നടത്തിയത്. അവര്‍ ഉറച്ച സുന്നകളാണ്. നബിയെ പല തവണ സ്വപ്‌നം കണ്ടവരാണ്. ഹുസൈന്‍ അഹ്മദ് മദനി രചിച്ച നഖ്‌ഷേഹയാത്തില്‍ അവര്‍ എന്തുകൊണ്ട് വഹാബിസത്തിനെതിരാകുന്നു എന്ന കാര്യങ്ങള്‍ വ്യക്തമാക്കി എഴുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."