കുന്ന് നിരത്തി നിര്‍മിച്ച മതില്‍കെട്ട് വീണു; വീടുകള്‍ ഭീഷണിയില്‍
തിരൂരങ്ങാടി: പഞ്ചായത്ത് അധികൃതരെ നോക്കുകുത്തിയാക്കി കുന്നിടിച്ചുനിരത്തി നിര്‍മിച്ച കല്ഭിത്തികള് തകര്‍ന്നു. സമീപ വീടുകള്‍ ഭീഷണിയില്‍. പടിക്കല്‍ തച്ചറക്കല്‍ കുഴിമ്പാട്ടുപാറ റോഡിലാണ് സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് കെട്ടിഉയര്‍ത്തിയ മതില്‍കെട്ട് കഴിഞ്ഞദിവസത്തെ മഴയില്‍ തകര്‍ന്നുവീണത്.
കോണ്‍ക്രീറ്റ് ബെല്‍റ്റോടുകൂടി നിര്‍മിച്ചതായിരുന്നു ചുറ്റുമതില്‍. എന്നാല്‍ മഴയില്‍ താഴെമണ്ണ് ഒലിച്ചുപോവുകയായിരുന്നു. ഏതാനും മാസം മുമ്പാണ് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയും നാട്ടുകാരുടെ പ്രതിഷേധം വകവെയ്ക്കാതെയും പ്രദേശത്തെ സ്വകാര്യ വ്യക്തി ഉയര്‍ന്നപ്രദേശം ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. സംഭവം വിവാദമായാതോടെ താല്‍ക്കാലികമായി പണിനിര്ത്തിവെച്ചെങ്കിലും മൂന്നു മാസങ്ങള്‍ക്ക്ശേഷം വീണ്ടും പ്രവൃത്തി നടത്തുകയായിരുന്നു.
മതില്തകര്ന്നതോടെ തൊട്ടുതാഴെഭൂമിയിലുള്ള വീടുകളും ഭീഷണിയിലാണ്. ശക്തമായ മഴ പെയ്താല്‍ മുകളിലത്തെ ഭൂമിയില്‍നിന്നും കല്ലും മണ്ണും ഈവീടുകള്ക്ക്മുകളിലും കിണറുകളിലുംവന്നു പതിക്കുമെന്നാണ് സമീപ വാസികള്‍ ഭയക്കുന്നത്. മണ്ണെടുത്ത ഭൂമിയില്‍ പലയിടത്തും ഇതിനകംതന്നെ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.
ചിത്രം: കുന്നിടിച്ചുനിരത്തിയകാരണം പടിക്കല്‍ തച്ചറക്കല്‍ കുഴിമ്പാട്ടുപാറ റോഡിലെ സ്വകാര്യഭൂമിയില്‍ നിര്‍മിച്ച ചുറ്റുമതില്‍ തകര്‍ന്ന നിലയില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."