ഹര്‍ത്താലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നിയമ സഹായം നല്‍കും: സബ് ജഡ്ജ്
കല്‍പ്പറ്റ: ഹര്‍ത്താല്‍ മൂലം നഷ്ടം സംഭവിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കുന്നതിന് നിയമസഹായം നല്‍കുമെന്ന് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പി.കെ സുനിത പറഞ്ഞു.
വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ഹര്‍ത്താല്‍ വിരുദ്ധ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഹര്‍ത്താല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമനടപടികള്‍ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് സൗജന്യമായി ചെയ്തുകൊടുക്കാന്‍ കണ്‍വന്‍ഷനില്‍ തീരുമാനിച്ചു. നഷ്ടപരിഹാരത്തിനുള്ള ക്ലെയിം ഫോമിന്റെ വിതരണോദ്ഘാടനവും യോഗത്തില്‍ നടത്തി.
ക്ലെയിം ഫോമുകള്‍ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കും. നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള സാങ്കേതിക സഹായവും ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കും. വയനാടിന്റെ സാമ്പത്തിക മേഖലക്ക് ഉണര്‍വ് നല്‍കാനുള്ള ഈ തീരുമാനവുമായി എല്ലാവരും സഹകരിക്കണമെന്നും കണ്‍വന്‍ഷനില്‍ ആവശ്യമുയര്‍ന്നു.
ഇനി വരുന്ന ഹര്‍ത്താലില്‍ സൈ്വര്യജീവിതമുറപ്പു വരുത്താന്‍ സൈന്യത്തെ വിന്യസിക്കാന്‍ കലക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ജനങ്ങളെ തെരുവില്‍ ബന്ധികളാക്കി നടത്തുന്ന ഹര്‍ത്താലുകളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പിന്മാറണമെന്നും ജനങ്ങള്‍ സ്വമേധയാ സഹകരിക്കുന്ന കാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താലുകള്‍ നടത്താവൂ എന്നും യോഗം അഭിപ്രായപ്പെട്ടു.
വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷനായി. ടി.എം റഷീദ് വിഷയം അവതരിപ്പിച്ചു. ഡോ.വി.ജെ സബാസ്റ്റ്യന്‍, വെങ്കട സുബ്രഹ്മണ്യന്‍, രഞ്ജിനി മേനോന്‍, രഞ്ജിത്, വാഞ്ചീശ്വരന്‍, സൈതലവി, കെ.എ സബാസ്റ്റ്യന്‍, ജോസ് കപ്യാര്‍മല, പി. വേണുഗോപാല്‍, മോഹന്‍ ചന്ദ്രഗിരി സംസാരിച്ചു.
വാണിജ്യമേഖലക്ക് ഹര്‍ത്താലില്‍ 80 കോടി നഷ്ടം: ചേംബര്‍ ഓഫ് കൊമേഴ്‌സ്
കല്‍പ്പറ്റ: ഹര്‍ത്താലുകള്‍ വയനാടിന്റെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് തീരുമാനിച്ചത്. ഹര്‍ത്താലുകള്‍ മൂലം വയനാടിന്റെ വ്യാപാര വാണിജ്യ മേഖലകള്‍ക്ക് ഏകദേശം 80 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തൊഴില്‍ നഷ്ടപ്പെടുന്നത് കൊണ്ട് ഉണ്ടാവുന്ന നഷ്ടങ്ങളും സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ ആവാത്തതുമാണ്. ബന്ദും ഹര്‍ത്താലുകളും ഹര്‍ത്താലിന്റെ സ്വഭാവമുള്ള പൊതു പണിമുടക്കുകള്‍ പോലും കേരള ഹൈക്കോടതി നിരോധിച്ചതാണ്. ഹര്‍ത്താലുകള്‍ ഭരണഘടനാ സംവിധാനം തകര്‍ക്കുന്നതിന് സമാനമാണെന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്. ഭരണഘടനാ സംവിധാനം തകരുന്നത് ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള കാരണമാണ്. ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഹര്‍ത്താല്‍ നടത്തി ജനജീവിതവും വ്യാപാര വാണിജ്യവും തടസപ്പെടുത്തുന്ന സംഘടനകളും സര്‍ക്കാരും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്.
ഹര്‍ത്താല്‍ ദിനങ്ങളില്‍ ജനജീവിതവും വ്യാപാരവും തടസപ്പെടാതിരിക്കാന്‍ സൈന്യത്തേയോ അര്‍ധ സൈനിക വിഭാഗത്തേയോ വിന്യസിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇതു പ്രകാരം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സാധിക്കും.ഈ വിധി സുപ്രിം കോടതി ശരിവച്ചിട്ടുമുണ്ട്. വന്‍തുക നഷ്ടപരിഹാരമായി രാഷ്ട്രീയപാര്‍ട്ടികളില്‍നിന്ന് ഈടാക്കിയെടുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുമെങ്കിലും നിയമനടപടികളെക്കുറിച്ചുള്ള അജ്ഞതമൂലവും പേടി മൂലവുമാണ് ജനങ്ങള്‍ ഇതിന് ശ്രമിക്കാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."