കലക്ടറേറ്റ് പടിക്കല്‍ വൃക്കരോഗികളുടെ ധര്‍ണ 16ന്
കല്‍പ്പറ്റ: കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്കരോഗികള്‍ ഈമാസം 16ന് രാവിലെ 11ന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും.
കാരുണ്യ ഫണ്ടില്‍നിന്നു അനുവദിക്കുന്ന സഹായം മൂന്നു ലക്ഷം രൂപയില്‍നിന്നു 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കുക, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കുക, പോസിറ്റീവ് മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കായി ഓരോ ആശുപത്രിയിലും രണ്ടു വീതം മെഷീന്‍ മാറ്റിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നു സൊസൈറ്റി ഭാരവാഹികളായ കെ.ടി. മുനീര്‍, ടി. ബഷീര്‍, കെ.ഇ.എച്ച് അബ്ദുല്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിലെ 800ല്‍പരം വൃക്കരോഗികളില്‍ നൂറോളം പേര്‍ സമരത്തില്‍ പങ്കെടുക്കും. ആംബുലന്‍സുകളിലാണ് രോഗികള്‍ കലക്ടറേറ്റ് പരിസരത്ത് എത്തുക. കാരുണ്യ ഫണ്ടില്‍നിന്നുള്ള മൂന്നു ലക്ഷം രൂപ സഹായപരിധി കഴിഞ്ഞവരാണ് ജില്ലയിലെ നൂറിലധികം വൃക്കരോഗികള്‍. ഡയാലിസിസ് തുടരാന്‍ ഇവര്‍ ക്ലേശിക്കുകയാണ്. ഓരോ രോഗിക്കും രണ്ടു ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണം. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ നെഫ്രോളജിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തണം. ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പോലും നെഫ്രോളജിസ്റ്റിന്റെ സേവനം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."