വിവാദ പ്രസംഗം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ വിവാദ പ്രസംഗത്തിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി.
തെരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് നിരോധിച്ച് സുപ്രിംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് നടത്തിയ ഉത്തരവിന്റെ ലംഘനമാണ് മോദിയുടെ പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തെര.കമ്മിഷനെ സമീപിച്ചത്. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബല്‍, പാര്‍ട്ടിയുടെ രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ, സത്യവ്രത് ചതുര്‍വേദി, നിയമവിഭാഗം സെക്രട്ടറി കെ.സി മിത്തല്‍ എന്നിവരാണ് കമ്മിഷന്‍ ആസ്ഥാനത്തെത്തിയത്.
സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനായി ബോധപൂര്‍വം നടത്തിയ ശ്രമമാണിതെന്നും ഇതിനെതിരേ ഉചിതമായ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്കു ശേഷം ആനന്ദ് ശര്‍മ പറഞ്ഞു.
രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. പ്രധാനമന്ത്രി ഭരണഘടനക്കും നിയമത്തിനും അതീതനല്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉചിതമായ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പരാജയപ്പെടുമെന്ന ഭീതിയിലാണ് മോദി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും ആനന്ദ് ശര്‍മ ആരോപിച്ചു. ഖബര്‍സ്ഥാന്‍ അനുവദിച്ചാല്‍ ശ്മശാനവും അനുവദിക്കണമെന്ന മോദിയുടെ പ്രസ്താവന പ്രധാനമന്ത്രിയുടെ മനസിലിരിപ്പാണു വ്യക്തമാക്കുന്നത്. ബി.ജെ.പിയുടെ മുഖംമൂടിയാണ് ഇതോടെ അഴിഞ്ഞു വീഴുന്നതെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."