കുട്ടനാട്ടില്‍ കുടിവെള്ളം എത്തിക്കല്‍: തുക അനുവദിച്ചു
കുട്ടനാട്: കുട്ടനാട് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കാന്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി അറിയിച്ചു.
വീയപുരം പഞ്ചായത്തില്‍ 5-ാം വാര്‍ഡില്‍ ആനവിരുത്തില് മുതല്‍ പണിക്കംപറമ്പ് വരെ 9.5 ലക്ഷം രൂപയും, പുളിങ്കുന്ന് പഞ്ചായത്തില്‍ മങ്കൊമ്പ് ക്രോസിങ്ങിന് 2.40 ലക്ഷം രൂപയും അറുപതില്‍ചിറ എസ്.ഇ കോളനിയിലേയ്ക്ക് 3.25 ലക്ഷം രൂപയും, രാമങ്കരി പഞ്ചായത്തില്‍ ഗവ.എല്‍.പി.സ്കൂള്‍ മുതല്‍ ഋഷികേശമന്ദിരം വരെ 5.88 ലക്ഷം രൂപയും കൈനകരി പഞ്ചായത്ത് കൈനകരി പള്ളി മുതല്‍ തോട്ടുകടവ് വരെ 17 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും പഴയ പൈപ്പ് ലൈന്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനായി 194 കോടി രൂപയുടെ കുട്ടനാട് സമഗ്ര കുടിവെള്ളം പദ്ധതി ഗവണ്മെന്റിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇപ്രാവശ്യത്തെ ബഡ്ജറ്റില്‍ ഇതിന്റെ മുഴുവന്‍ തുകയും അനുവദിച്ചു കിട്ടുമെന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് തോമസ് ചാണ്ടി എം.എല്‍.എ പറഞ്ഞു.
ഭരണാനുമതി ലഭിച്ച പദ്ധതികള്‍ ടെണ്ടര്‍ വിളിച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് കുടിവെള്ളം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് തിരുവല്ല വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."