HOME
DETAILS
MAL
ഗവര്‍ണറുടെ പ്രതികരണങ്ങള്‍ പദവിക്ക് നിരക്കാത്തത്: ഉമ്മന്‍ചാണ്ടി
backup
January 11 2020 | 03:01 AM
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണങ്ങള്‍ പദവിക്ക് നിരക്കാത്തതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ക്ക് ഇല്ലാത്ത അത്യുത്സാഹമാണ് പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുന്നതില്‍ കേരള ഗവര്‍ണര്‍ക്കുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍ രാജ്ഭവനു മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ സംരക്ഷകന്‍ എന്നവകാശപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പദവി മറന്നുള്ള പ്രതികരണങ്ങള്‍ ഗവര്‍ണര്‍ തുടരുകയാണെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം അദ്ദേഹത്തെ നേരിട്ട് അറിയിക്കണം. ഇതിനായി വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഗവര്‍ണറെ നേരില്‍ കാണണം.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന സമരം ജയിച്ചേ മതിയാകൂ. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണിത്. ഇതില്‍ തോറ്റാല്‍ ഇന്ത്യ മഹാരാജ്യവും 130 കോടി ജനങ്ങളുമാണ് തോല്‍ക്കുന്നത്.
പോരാടി നേടിയ സ്വാതന്ത്ര്യം മോദിക്കും അമിത്ഷായ്ക്കും മുന്നില്‍ അടിയറവ് വയ്ക്കാനുള്ളതല്ല. ജനങ്ങളെ തമ്മിലടിപ്പിച്ച് ഇന്ത്യയെ വിഭജിക്കാനാണ് മോദിയും അമിത്ഷായും ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ചും വിയോജിച്ചും പല നിയമങ്ങളും സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുണ്ട്.
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ എതിര്‍പ്പാണ് ജനങ്ങള്‍ക്കിടയില്‍നിന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉയര്‍ന്നുവന്നത്. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാരണം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എതിര്‍ശബ്ദങ്ങളെ അക്രമികളെക്കൊണ്ട് അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം, ഡോ.ഗബ്രിയല്‍ മാര്‍ ഗ്രിഗോറിയസ്, ഇബ്രാഹിം മൗലവി, തമ്പാനൂര്‍ രവി, പാലോട് രവി, എന്‍. ശക്തന്‍, എം. വിന്‍സന്റ് എം.എല്‍.എ, പന്തളം സുധാകരന്‍, വര്‍ക്കല കഹാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."