പൊന്നാനിയില്‍ പൊലിസുകാര്‍ക്കുനേരേ വധശ്രമം; അന്വേഷണം ഊര്‍ജിതം
പൊന്നാനി: ഹര്‍ത്താലിന്റെ മറവില്‍ പൊന്നാനിയിലെ എസ്.ഐ ഉള്‍പ്പെടെ ഏഴു പൊലിസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഓപറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ പ്രകാരം അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം അറസ്റ്റിലായ നാലു ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊന്നാനി സി.ഐ പറഞ്ഞു. കടവനാട് തലക്കാട്ട് ഹൗസില്‍ ജിതിന്‍ (21 ), എം.എല്‍.എ റോഡ് സ്വദേശിയായ അക്ഷയ് (21) പുറങ്ങ് മാരാമുറ്റം അജിത്ത് (20), ഈഴവതിരുത്തി തൊട്ടിവളപ്പില്‍ മണികണ്ഠന്‍ (53)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ വധശ്രമം, ഗൂഡാലോചന, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അക്രമത്തിലുള്‍പ്പെട്ട 40 പേരും ഒളിവിലാണ്. പലരുടെയും വീടുകളില്‍ പൊലിസ് റെയ്ഡ് നടത്തി മൊബൈല്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ഫോണുകളില്‍നിന്നു സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പന്ത്രണ്ടോളം വാഹനങ്ങളും കസ്റ്റസിയില്‍ എടുത്തിട്ടുണ്ട്.
എസ്.ഐ നൗഫല്‍, രഞ്ജിത്, അഭിലാഷ്, വാസുണ്ണി എന്നീ പൊലിസുകാരെയാണ് ഹര്‍ത്താലിന്റെ മറവില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതര പരുക്കേറ്റ എസ്.ഐക്ക് മൂന്നുമാസത്തിന് ശേഷമെ ഇനി ജോലിയില്‍ പ്രവേശിക്കാനാകൂ. ഇതിനു പുറമെ ഹര്‍ത്താലില്‍ വാഹനങ്ങള്‍ ആക്രമിച്ചതിനും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അക്രമത്തിലുള്‍പ്പെട്ടവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയും കേസ് എടുക്കുമെന്നും പ്രതികളില്‍നിന്ന് ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം ഈടാക്കുമെന്നും പൊന്നാനി സി.ഐ സണ്ണി ചാക്കോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."