ജെ.എന്‍.യു: വര്‍ധിപ്പിച്ച ഫീസ് ഒഴിവാക്കി രജിസ്‌ട്രേഷന് തയാറെന്ന് വിദ്യാര്‍ഥികള്‍
.
ന്യൂഡല്‍ഹി: വര്‍ധിപ്പിച്ച ഫീസ് ഒഴിവാക്കി ശൈത്യകാല രജിസ്‌ട്രേഷനു തയാറാണെന്നു ജെ.എന്‍.യു വിദ്യാര്‍ഥികള്‍. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും കാംപസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കി.
മാനവ വിഭവശേഷി വികസന മന്ത്രാലയം ഫീസിളവ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ക്കാണ് കടുംപിടിത്തം. ഇദ്ദേഹം കഴിഞ്ഞ ദിവസം ചില വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അതിലേക്കു വിദ്യാര്‍ഥി യൂനിയനെ ക്ഷണിച്ചില്ലെന്നും എ.ബി.വി.പിക്കാരെ മാത്രമാണ് വിളിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ചട്ടം ലംഘിച്ചാണ് ഫീസ് വര്‍ധിപ്പിച്ചത്. ഇതിനെതിരേ കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. അതോടൊപ്പം കാംപസിലുണ്ടായ അതിക്രമത്തിലെ പൊലിസ് നിലപാടിനെതിരേ നാളെ ഡല്‍ഹി പൊലിസ് ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
അതിനിടെ, അധ്യാപകരെയും വിദ്യാര്‍ഥികളെയും ആക്രമിച്ച സംഭവത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത 37 പേരെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. അക്രമത്തിന് ആളെക്കൂട്ടാന്‍ രൂപീകരിച്ച യുനൈറ്റഡ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പേരുകളും പൊലിസ് പുറത്തുവിട്ടു. ഇതില്‍ മലയാളി വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രൂപ്പില്‍ 60 പേരാണ് അംഗങ്ങളായുള്ളതെന്നും ഇതില്‍ 37 പേരെയാണ് തിരിച്ചറിഞ്ഞതെന്നും പൊലിസ് പറഞ്ഞു. 10 പേര്‍ കാംപസിന് പുറത്തുള്ളവരാണ്.
എന്നാല്‍, അക്രമത്തിന് ആഹ്വാനം ചെയ്തവരെ ഒഴിവാക്കി ഗ്രൂപ്പില്‍ അറിയാതെ അംഗമായവരുടെ പേര് പൊലിസ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചില വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. ഗ്രൂപ്പില്‍ അംഗമായ 60 പേരുടെയും വിവരങ്ങള്‍ പൊലിസിന് ലഭിക്കാന്‍ പ്രയാസമില്ല. പിന്നെന്താണ് 37 പേരുടെ വിവരങ്ങള്‍ മാത്രം പുറത്തുവിട്ടിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ചോദിച്ചു. സെര്‍വര്‍ വിദ്യാര്‍ഥികള്‍ നശിപ്പിച്ചതിനാല്‍ സി.സി.ടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്ന പൊലിസിന്റെ വാദം കള്ളമാണെന്നു വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ജനുവരി അഞ്ചിനുണ്ടായ അക്രമത്തില്‍ സെര്‍വര്‍ കേടായെന്നാണ് പൊലിസ് വാദം. എന്നാല്‍, ഇതേ സെര്‍വര്‍ ഉപയോഗിച്ച് അഞ്ചിന് ഉച്ചയ്ക്ക് ശേഷം അഡ്മിനിസ്‌ട്രേഷന്‍ ഗ്രൂപ്പ് മെയില്‍ അയച്ചിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."