നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഹൈകോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. അടുത്ത മാസം മൂന്നിലേക്കാണ് മാറ്റിയത്. കേസില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ നടി സഞ്ചരിച്ച വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുകയാണ്. സംഭവത്തില്‍ സിനിമാ രംഗത്തുള്ളവരെയും ചോദ്യം ചെയ്യാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. സംഭവദിവസം സുനിക്ക് വന്ന സംശയാസ്പദമായ ചില കോളുകളില്‍ സിനിമാരംഗത്തെ ചിലരുമുണ്ടെന്ന് പൊലിസ് കരുതുന്നു.
പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെ സുനിയുടേയും കൂട്ടാളികളുടേയും ജാമ്യാപേക്ഷക്കൊപ്പം മൊബൈല്‍ ഫോണും ഇവരുടെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പള്‍സന്‍ സുനിയെന്ന് പിടിയിലായ കൂട്ടുപ്രതി മണികണ്ഠന് പൊലിസിന് മൊഴി നല്കി. എല്ലാം പ്ലാന്‍ ചെയ്തത് സുനി ഒറ്റയ്ക്കാണെന്നും ഒരു 'വര്‍ക്ക്' ഉണ്ടെന്നു പറഞ്ഞ് തന്നെ കൂടെക്കൂട്ടുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താന്‍ കരുതിയതെന്നും മണികണ്ഠന് വ്യക്തമാക്കി. സുനിക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ഇയാള്‍ പൊലിസിനോട് വെളിപ്പെടുത്തി.
നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തില്‍ കയറിയശേഷം മാത്രമാണ് അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മണികണ്ഠന് പറഞ്ഞു. കൃത്യത്തിനുശേഷം പണത്തെച്ചൊല്ലി താനും സുനിയും തമ്മില്‍ തര്‍ക്കമുണ്ടായതായും മണികണ്ഠന് മൊഴി നല്കി. എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണമായും പൊലിസ് മുഖവിലക്കെടുത്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."