മേഖലയിലെ സംഘർഷം അഫ്‌ഗാൻ സമാധാന പ്രക്രിയയെ സാരമായി ബാധിക്കുമെന്ന് പാകിസ്ഥാൻ
റിയാദ്: മേഖലയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി പാകിസ്ഥാൻ വിദേശ കാര്യ മന്ത്രി ഷാഹ് മഹ്‌മൂദ് ഖുറൈശി സഊദിയിലെത്തി. സഊദി, ഇറാൻ, യു എസ് ത്രിരാഷ്‍ട്ര പര്യടനത്തിന്റെ ഭാഗമായി സഊദിയിലെത്തിയ ഷാഹ് മഹ്‌മൂദ് ഖുറൈശി സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായി മേഖലയിലെ നിലവിൽ സംഭവ വികാസങ്ങൾ ചർച്ച ചെയ്‌തതായി സഊദി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മേഖലയിൽ ഉരുണ്ടു കൂടിയ സംഘർഷം ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഗുരുതര ആഗോള പ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കുമെന്നുമാണ് പാകിസ്ഥാന്റെ നിലപാട്. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനും പ്രാദേശിക സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് പാകിസ്ഥാൻ വിദേശ കാര്യ മന്ത്രി ആവശ്യപ്പെട്ടു.
നിർണ്ണായക ഘട്ടത്തിലേക്ക് കടന്ന അഫ്‌ഗാൻ സമാധാന പ്രക്രിയയെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.മേഖലയിലെ സമാധാന ശ്രമങ്ങൾക്കായി ഇടപെടാമെന്നും ഇതിന്റെ ഭാഗമായി തങ്ങളുടെ വിദേശ കാര്യ മന്ത്രി ത്രിരാഷ്‍ട്ര പര്യടനത്തിനായി പുറപ്പെടുമെന്നും നേരത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. പര്യടനത്തിന്റെ ഭാഗമായി നേരത്തെ ഇറാനിലെത്തിയ പാക് വിദേശ കാര്യ മന്ത്രി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായും വിദേശ കാര്യ മന്ത്രി ജാവേദ് ശരീഫുമായും തെഹ്‌റാനിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തങ്ങളുടെ പ്രദേശം ആർക്കും എതിരായി ഉപയോഗിക്കാൻ അനുവദിക്കുകയില്ലെന്നും പാകിസ്താൻ പ്രദേശത്തെ യുദ്ധത്തിന്റെയോ സംഘട്ടനത്തിന്റെയോ ഭാഗമാക്കില്ലെന്നും പാകിസ്ഥാന് സമാധാനത്തിന്റെ പങ്കാളിയാകാൻ മാത്രമേ കഴിയൂവെന്നും ഖുറേഷി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."