മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും വീണ്ടും ഭായിഭായി
മുംബൈ: ബി.ജെ.പിയെ അധികാരത്തില്‍നിന്ന് തുരത്താന്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും വീണ്ടും ഒന്നിക്കുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇരുപാര്‍ട്ടികളും വഴിപിരിയുകയും പിന്നീട് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലക്ക് മത്സരിക്കുകയും ചെയ്ത ശേഷമാണ് വീണ്ടും ഇവര്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്.
ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ പലതവണ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് നല്കാന് നേതാക്കള്‍ തയാറായിട്ടില്ല. അതേസമയം, സംസ്ഥാനത്ത് ലോക്സഭയിലെ ആകെയുള്ള 48 സീറ്റില്‍ 20 സീറ്റുകളില്‍ വീതം കോണ്‍ഗ്രസും എന്‍.സി.പിയും മത്സരിക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ശേഷിക്കുന്ന എട്ടു സീറ്റ് സഖ്യത്തില്‍ വരുന്ന മറ്റു പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പിയും ശിവസേനയും തമ്മില്‍ സഖ്യത്തിലാണ്. എന്നാല്‍ ഇരുപാര്‍ട്ടികളും ആശയപരമായി കടുത്ത വിയോജിപ്പിലാണ് ഇപ്പോള്‍. അതേസമയം, നവനിര്‍മാണ്‍ സേനയുമായി യോജിക്കാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും തയാറല്ലെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
2014ല്‍ കോണ്‍ഗ്രസ് 26 സീറ്റിലും എന്‍.സി.പി 21 സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. അന്ന് എന്‍.സി.പി നാലു സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമാണ് നേടാനായത്. ഇരുപാര്‍ട്ടികളും 15 വര്‍ഷമായി സഖ്യത്തിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായാണ് ഇരുവരും പിരിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 ല്‍ 42 സീറ്റില്‍ കോണ്‍ഗ്രസും 41 സീറ്റില്‍ എന്‍.സി.പിയും വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."