ഹിന്ദുത്വ ഫാസിസം പുതിയ വഴിത്തിരിവില്‍
സത്യം ആയിരം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പറഞ്ഞാലും അതിലോരോന്നും സത്യമായിരിക്കുമെന്നാണ് സ്വാമി വിവേകാനന്ദന്‍ പറയാറ്. 1893 സെപ്റ്റംബര്‍ 11ന് ചിക്കാഗോയിലും 1897ല്‍ ബേലൂര്‍ മഠത്തിലും 1902ല്‍ അവിടെ അന്ത്യശ്വാസം വലിക്കുംവരെയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ലോകം ആ സത്യം ദര്‍ശിച്ചു. എന്നാല്‍ ജനുവരി 12ന് ബേലൂര്‍ മഠത്തില്‍ കണ്ടതും കേട്ടതും മറ്റൊന്നായി. തലേന്നുരാത്രി എത്തിയ പ്രധാനമന്ത്രി മോദി സ്വാമി വിവേകാനന്ദന്റെ മുറിയില്‍ ധ്യാനമിരിക്കുകയും പുലര്‍ച്ചെ വിവേകാനന്ദ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ആശ്രമ പ്രാര്‍ഥനയില്‍ പങ്കാളിയാവുകയും ചെയ്തു. ഒടുവില്‍ പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരം അവിടെ പ്രത്യേകം വിളിച്ചുചേര്‍ത്ത യുവാക്കളുടെ യോഗത്തില്‍ പൗരത്വ നിയമ ഭേദഗതി വിവാദം ഉയര്‍ത്തി മോദി രാഷ്ട്രീയ പ്രസംഗം നടത്തി മഠത്തിന്റെ അന്തരീക്ഷം മലിനപ്പെടുത്തി. 'പാകിസ്താനില്‍ നടന്നുവരുന്ന മതന്യൂനപക്ഷ പീഡനം തുറന്നുകാണിക്കാനാണ് നിയമം കൊണ്ടുവന്നത്. ഏതെങ്കിലും മതക്കാരുടെ പൗരത്വം എടുത്തുകളയാനല്ല. ചിലര്‍ യുവാക്കളെ വഴിതെറ്റിക്കുകയാണ്. അത് തിരുത്താന്‍ യുവാക്കള്‍ പ്രചാരണത്തിനിറങ്ങണം. അയല്‍ രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ സഹിക്കുന്നവരെ മരിക്കാന്‍ വിടണമോ - ലോക യുവജനദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ചോദിച്ചു. എന്നാല്‍ പാകിസ്താനില്‍നിന്നുള്ള മുസ്‌ലിം അഭയാര്‍ഥികളുടെയോ മ്യാന്മറില്‍ പീഡനത്തിനിരയാകുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യമോ ശ്രീലങ്കയിലെ പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ കാര്യമോ സ്വാമി വിവേകാനന്ദന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന അവിടെ പ്രധാനമന്ത്രി ഓര്‍ക്കാന്‍ ശ്രമിച്ചില്ല.
1893ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന സര്‍വമത ലോക പാര്‍ലമെന്റിലെ പ്രസിദ്ധമായ തന്റെ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: 'ഭൂമിയിലെ എല്ലാ മതങ്ങളിലെയും പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അഭയം നല്‍കിയ രാജ്യമാണ് എന്റേത്. അതില്‍ അഭിമാനംകൊള്ളുന്നു'. അതിപ്പോള്‍ കേവലം മൂന്ന് അയല്‍രാജ്യങ്ങളിലെ മുസ്‌ലിംകള്‍ ഒഴികെയുള്ള ആറ് മതവിഭാഗങ്ങളിലേക്ക് ഇന്ത്യ ചുരുക്കിയതിനെയാണ് പ്രധാനമന്ത്രി മോദി ബേലൂര്‍ മഠത്തില്‍ ഒരുരാത്രി തങ്ങി ന്യായീകരിച്ചത്. അതിനെതിരേ രാജ്യത്താകെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് യുവാക്കള്‍ നേതൃത്വം നല്‍കുന്നത് ചിലരുടെ തെറ്റിദ്ധരിപ്പിക്കലിന് വിധേയമായാണെന്നാണ് മോദി കുറ്റപ്പെടുത്തിയത്.
ശനിയാഴ്ച നടന്ന വിവിധ ഔദ്യോഗിക പരിപാടികളില്‍ പ്രധാനമന്ത്രിയെ അതിശക്തമായ പ്രതിഷേധവും 'മടങ്ങിപ്പോകൂ' വിളികളും ഉയര്‍ത്തിയാണ് സ്വാമി വിവേകാനന്ദന്റെ ജന്മദേശക്കാര്‍ വഴിനീളെ എതിരേറ്റത്. പ്രധാനമന്ത്രിയെ രാജ്ഭവനില്‍ ചെന്നുകണ്ട മുഖ്യമന്ത്രി മമതാ ബാനര്‍ജി വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നേരില്‍ ആവശ്യപ്പെട്ടിരുന്നു.
യുവാക്കളുടെ യോഗത്തില്‍ സ്വാഗതം പറഞ്ഞ സ്വാമി സുവിരാനന്ദ നമ്മുടെ ഏറ്റവും നല്ല പ്രധാനമന്ത്രിമാരില്‍ ഒരാള്‍ എന്നാണ് മോദിയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയപ്രസംഗം പരോക്ഷമായി തള്ളിപ്പറയാനാണ് പിന്നീട് അദ്ദേഹത്തിന് പത്രസമ്മേളനം വിളിക്കേണ്ടിവന്നത്. രാമകൃഷ്ണ മിഷന്റെ ലോക ആസ്ഥാനത്തെ പ്രമുഖ സന്യാസിവര്യന്മാര്‍ക്കിടയില്‍ ഉയര്‍ന്ന വിമര്‍ശനമാണ് ഈ അസാധാരണ നടപടിക്ക് ഇടയാക്കിയത്.
മുസ്‌ലിംകളടക്കം എല്ലാ വിഭാഗം മതസ്ഥരും ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏക സന്യാസി സംഘമാണ് രാമകൃഷ്ണ മിഷന്‍ എന്ന് മഠത്തിന്റെയും മിഷന്റെയും ജനറല്‍ സെക്രട്ടറിയായ സ്വാമി സുവിരാനന്ദ വിശദീകരിച്ചു. ഇറാനില്‍നിന്നും ഇറാഖില്‍നിന്നും മുസ്‌ലിം സന്യാസിമാരും ബുദ്ധ സന്യാസിമാരും ഇവിടെയുണ്ട്. ഇതിലേറെ ഉള്‍ക്കൊള്ളല്‍ ആര്‍ക്കും ആഗ്രഹിക്കാനാവില്ല. ഒരമ്മപെറ്റ സഹോദരന്മാര്‍ തമ്മിലുള്ളതിനേക്കാളും സാഹോദര്യത്തോടെയാണ് തങ്ങള്‍ കഴിയുന്നത്. നേരത്തെതന്നെ കാവി ഉടുക്കുന്നവരാണെന്നുവെച്ച് അതിനൊരു രാഷ്ട്രീയ ബന്ധവും ഇല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 120 വര്‍ഷങ്ങളായി ബേലൂരില്‍ കഴിയുന്ന തങ്ങള്‍ എന്നും രാഷ്ട്രീയത്തിനു മുകളിലുമാണെന്നും വ്യക്തമാക്കി.
'അതിഥി ദേവോ ഭവ' എന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. മഠത്തില്‍ ആദ്യമായി അതിഥിയായെത്തിയ പ്രധാനമന്ത്രിക്ക് അതിനുസരിച്ചുള്ള ഉപചാരവും മര്യാദയും നല്‍കി. പറയാന്‍ പാടില്ലാത്ത വല്ലതും അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആതിഥേയരുടേതല്ല. ലോകപ്രസിദ്ധ - മതനിരപേക്ഷ കേന്ദ്രമായ ബേലൂര്‍ മഠത്തെ പ്രധാനമന്ത്രി മോദി പരോക്ഷമായി സംഘ്പരിവാര്‍ രാഷ്ട്രീയ വേദിയാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം മോദിയുടെ തലയിലേക്കുതന്നെ എറിഞ്ഞുകൊടുക്കുകയാണ് സ്വാമി സുവിരാനന്ദ ചെയ്തത്.
ദേശീയ പൗര രജിസ്റ്റര്‍ (എന്‍.ആര്‍.സി) ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ടിയുള്ള കണക്കെടുപ്പ് (എന്‍.പി.ആര്‍) ദേശീയ പൗരത്വ ഭേദഗതി നിയമം (സി.എ.എ) എന്നിവ പരസ്പരം ബന്ധപ്പെട്ടതല്ലെന്നു വരുത്താനുള്ള ഗീബല്‍സിയന്‍ പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. അതിന്റെ രണ്ട് അനുഭവങ്ങളാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഗൃഹസന്ദര്‍ശന പരിപാടിയിലും പ്രധാനമന്ത്രി മോദിയുടെ കൊല്‍ക്കത്ത പരിപാടിയിലും കണ്ടത്. ഡല്‍ഹിയിലെ ലാജ്പഥ് നഗറില്‍ ഗൃഹസന്ദര്‍ശന പരിപാടിക്കിറങ്ങിയ അമിത് ഷായ്‌ക്കെതിരേ ഗോ ബാക്ക് വിളിച്ചത് മലയാളി ഉള്‍പ്പെടെ രണ്ട് യുവതികളാണ്. അവരെ വാടകവീട്ടില്‍നിന്ന് ഇറക്കിവിടാനും ഭീഷണിപ്പെടുത്താനും പൊലിസ് നടത്തിയ ശ്രമങ്ങള്‍ രാജ്യമാകെ വാര്‍ത്തയായി.
മോദിഭരണകൂടം ഫാസിസം നടപ്പാക്കുന്നതിന്റെ ചെറിയ സൂചനകളാണ് ഇതിലൊക്കെ കണ്ടതെങ്കില്‍ അതിന്റെ യഥാര്‍ഥ താണ്ഡവം എങ്ങനെയാകും എന്നതിന്റെ ഏകദേശ രൂപം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കണ്ടു. പുറത്തുനിന്ന് ആയുധവുമായെത്തിയ അക്രമികള്‍ക്ക് വൈസ് ചാന്‍സലറുടെയും സര്‍വകലാശാലാ സെക്യൂരിറ്റി വിഭാഗത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്ന ഡല്‍ഹി പൊലിസിന്റെയും പിന്തുണയും സഹായവും ഉണ്ടായിരുന്നുവെന്ന് ഇതിനകം വെളിപ്പെട്ടു.
'ഹിന്ദു രക്ഷാ ദളി'ന്റെ പേരില്‍ നടന്ന ഇതിന്റെ സംഘാടനം മോദി ഭരണത്തില്‍ നാളെ എന്തു സംഭവിക്കുമെന്നതിന്റെ കൃത്യമായ മുന്നറിയിപ്പാണ്. കോളജ് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് മുതല്‍ മുതിര്‍ന്ന അധ്യാപികമാരുടെവരെ തലയടിച്ച് തകര്‍ത്തിട്ടും യഥാര്‍ഥ അക്രമികളെ പിടികൂടാന്‍ പൊലിസ് ഇതുവരെ ശ്രമിച്ചില്ല. ഫാസിസ്റ്റുകള്‍ തലതല്ലിപ്പൊളിച്ച ഐഷെ ഘോഷിനെതന്നെ പ്രതിചേര്‍ത്താണ് പൊലിസ് നിയമം സംരക്ഷിക്കുന്നത്. ഇതേത്തുടര്‍ന്ന് ജെ.എന്‍.യു കാംപസിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ബോളിവുഡ് നടി ദീപിക പദുക്കോണിനുനേരെയും ബി.ജെ.പി ഫാസിസ്റ്റ് മുഷ്ടി ഉയര്‍ത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെയും സര്‍ക്കാരിനെ കുറ്റപ്പെടുത്താതെയും വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് തന്റെ മനസെന്ന് അറിയിച്ചതിന് ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തും സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിച്ചും സംഘ്പരിവാര്‍ തനിനിറംകാട്ടി.
നേരത്തെ ജാമിഅ മില്ലിയ സര്‍വകലാശാലയിലും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും അതിക്രമിച്ചു കടന്ന് പൊലിസ് കലാപം അഴിച്ചുവിട്ടിരുന്നു. ഫീസ് വര്‍ധനയ്‌ക്കെതിരേ സമരം നടത്തുന്ന ജെ.എന്‍.യുവിന്റെ ഇടതുപക്ഷ ചായ്‌വ് കണക്കിലെടുത്താണ് എ.ബി.വി.പിയെ ഉപയോഗിച്ച് സംഘ്പരിവാര്‍ അവിടെ സായുധാക്രമണം നടത്തിയത്. 'തുക്കടേ തുക്കടേ' പാര്‍ട്ടികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്ന് മോദിയും അമിത് ഷായും ആവര്‍ത്തിക്കുമ്പോഴും ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞ് കൂടുതല്‍ പ്രമുഖര്‍ രംഗത്തുവരുന്നത് ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്‍, മുന്‍ സുപ്രിംകോടതി ജഡ്ജി ചെലമേശ്വര്‍, മുന്‍ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹര്‍ചരണ്‍ജിത് സിങ് പനാഗ്, പ്രമുഖ സിനിമാനടി ശര്‍മ്മിള ടാഗോര്‍, മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷ്ണര്‍ എസ്.വൈ ഖുറേഷി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നതും മതപരമായ വ്യത്യാസങ്ങളെ മൗലിക മനുഷ്യാവകാശങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് അമര്‍ത്യാസെന്‍ ചൂണ്ടിക്കാട്ടുന്നു. അധികാര ദുര്‍വിനിയോഗം നടത്തുന്നതിന് ഭരണഘടന കേവലം ഭരിക്കാനുള്ള മാന്വല്‍ അല്ലെന്നാണ് മുതിര്‍ന്ന പൗരന്മാരെന്ന നിലയില്‍ ചെലമേശ്വരടക്കം പ്രമുഖര്‍ പ്രസ്താവനയില്‍ പറഞ്ഞത്. ബഹുസ്വരതയും മതനിരപേക്ഷ സമൂഹവും ഭരണഘടനാ ലക്ഷ്യങ്ങളും വെല്ലുവിളിക്കപ്പെടുകയാണ്.
അതേസമയം പൗരത്വ ഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പിക്കൊപ്പം നിന്ന പാര്‍ട്ടികളില്‍ പലതും ഇപ്പോള്‍ നിയമത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കുമാറും ഭിന്നത തടയാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയും എന്‍.ഡി.എ നയത്തിന് വിഭിന്നമായി രംഗത്തുവന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് നിയമസഭയില്‍ചെന്നു പറയേണ്ടിവന്നു. പൗരത്വ നിയമ ഭേദഗതി ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സി.പി.എം - സി.പി.ഐ ഉള്‍പ്പെടെ ഇരുപത് പാര്‍ട്ടികള്‍ പങ്കെടുത്ത് തുടര്‍പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.
ചൊവ്വാഴ്ച ഈ കുറിപ്പ് തയാറാക്കുന്നതിനിടയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് ഡല്‍ഹി പൊലിസിനെതിരേ ഉയര്‍ന്ന വിമര്‍ശനം ഉന്നത നീതിപീഠങ്ങള്‍ മോദി സര്‍ക്കാരിന്റെ നീക്കത്തെ എങ്ങനെ കാണുന്നു എന്നതിന്റെ സൂചനയാണ്. ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം നല്‍കരുതെന്ന് വാദിച്ച പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു: 'അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രിംകോടതി വിധി അറിയില്ലേ? എന്താ ജുമാമസ്ജിദ് പാകിസ്താനിലാണോ? പ്രതിഷേധിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലേ എന്നായിരുന്നു.
ഹിന്ദുത്വ ഫാസിസം പുതിയൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു. ഭരണഘടനയ്ക്കും ജനങ്ങളുടെ മുന്നേറ്റത്തിനും മുമ്പില്‍ ഒന്നുകില്‍ പിന്‍വാങ്ങണം. അല്ലെങ്കില്‍ കോടതിയെക്കൂടി നിശബ്ദമാക്കാതെ ഇനി മുന്നോട്ട് ചുവടുവെക്കാനാകില്ല. പക്ഷെ, ഫാസിസത്തിന്റെ വഴി എന്നും എങ്ങനെയെങ്കിലും മുന്നോട്ടുപോകലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."