സോഫ്റ്റ് വെയര്‍ അപ്‌ഡേഷന് ഊരാളുങ്കലിന് അനുമതിയില്ല; ഉത്തരവ് തിരുത്തി സര്‍ക്കാര്‍
കൊച്ചി: സോഫ്റ്റ് വെയര്‍ അപ്‌ഡേഷനായി ഊരാളുങ്കല്‍ സൊസൈറ്റിക്കു അനുമതി നല്‍യിട്ടില്ലെന്ന് സര്‍ക്കാര്‍.
സോഫ്റ്റ് വെയര്‍ നിര്‍മാണത്തിനു മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. സൂക്ഷിച്ചിട്ടുള്ള ഡാറ്റകള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു ലഭിക്കില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട മേഖലയില്‍ ഊരാളുങ്കലിനു പ്രവേശനാനുമതിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്കു കേരള പൊലിസിന്റെ ഡാറ്റാബേസ് അപ്‌ഡേഷന് അനുമതി നല്‍കിയ ഡി.ജി.പിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പാസ്‌പോര്‍ട്ട് അപേക്ഷയടക്കമുള്ളവ പരിശോധിക്കാനുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണത്തിനായാണ് സംസ്ഥാന പൊലിസിന്റെ ഡാറ്റാബേസ് സ്വകാര്യ സ്ഥാപനമായ ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്നുകൊടുക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ ഹരജി പരിഗണിക്കവെ ഡാറ്റാബേസ് തുറന്നുകൊടുക്കില്ലെന്നും ഉത്തരവില്‍ വന്ന അപാകതയാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. തിരുത്തല്‍ വരുത്തിയ ഉത്തരവിന്റെ പകര്‍പ്പ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. പൊലിസിന്റെയും സൈബര്‍ വിങിന്റെയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഊരാളുങ്കലിനു ലഭിക്കുന്നതു സുരക്ഷാ വീഴ്ചയ്ക്കു കാരണമാകുമെന്നു ഹരജിക്കാരന്‍ ആരോപിച്ചു. ഡാറ്റാ ബേസിന്റെ പ്രവൃത്തികള്‍ക്കായി ഊരാളുങ്കല്‍ സൊസൈറ്റിക്കു 35 ലക്ഷം രൂപയാണ് അനുവദിച്ചത്. 2019 നവംബര്‍ 29നു പ്രസിദ്ധീകരിച്ച ഉത്തരവാണ് തിരുത്തി ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."