ഡല്‍ഹി തെരഞ്ഞെടുപ്പ്: എ.എ.പി സ്ഥാനാര്‍ഥികളായി
ന്യൂഡല്‍ഹി: അടുത്ത മാസം ആദ്യം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് എ.എ.പി. ഫെബ്രുവരി എട്ടിനു നടക്കുന്ന തെരഞ്ഞെടുപ്പിന് എഴുപതു സീറ്റിലേക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി ഇന്നലെ പുറത്തുവിട്ട ലിസ്റ്റില്‍ നിലവിലെ എം.എല്‍.എമാരില്‍ 46 പേര് വീണ്ടും മത്സരിക്കുന്നുണ്ട്. ആറുപേര്‍ പുതുമുഖങ്ങളാണ്. സ്ഥാനാര്‍ഥികളില്‍ എട്ടു വനിതകളും ഉള്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പാര്ഗഞ്ചിലും സത്യേന്ദ്ര ജയ്ന്‍ ഷാകൂര്ബാസ്റ്റിയിലും ജിതേന്ദ്ര തോമര്‍ ത്രീ നഗറിലും മത്സരിക്കും. നേരത്തെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
ഫെബ്രുവരി എട്ടിനു തെരഞ്ഞെടുപ്പിനു ശേഷം 11നാണ് വോട്ടെണ്ണല്‍ നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ബി.ജെ.പി, കോണ്‍ഗ്രസ്, എ.എ.പി പാര്‍ട്ടികള്‍ക്കു നിര്‍ണായകമാണ്.
അതേസമയം, തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസും ഏകദേശം പൂര്‍ത്തിയാക്കിയതായാണ് വിവരം. എന്നാല്‍, എ.എ.പി, ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശേഷം മാത്രമാകും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഈയാഴ്ച അവസാനത്തോടെ തന്നെ ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകളുമായാണ് എ.എ.പി അധികാരത്തിലെത്തിയിരുന്നത്. ബി.ജെ.പിക്കു മൂന്നു സീറ്റുകള്‍ ലഭിച്ചപ്പോള്‍ 1998 മുതല്‍ സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസിനു സീറ്റൊന്നും ലഭിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."