ചില ഗര്‍ഭകാല സംശയങ്ങള്‍
ഡോക്ടര്‍ ഒരു മാസത്തേക്ക് ഗുളിക എഴുതിയിട്ടുണ്ട്. അതൊന്നും കഴിക്കേണ്ടല്ലോ. ഈ സമയത്ത് ഗുളിക കഴിക്കുന്നത് മോശമല്ലേ?''
ബന്ധുകൂടിയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞു കഴിഞ്ഞ ദിവസം ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയി വന്നു ചോദിച്ച ചോദ്യമാണിത്. ഇതേ ചോദ്യം തന്നെ പല രീതിയില്‍ പലരും ചോദിക്കാറുണ്ട്.
ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ നല്‍കുന്ന ഈ ഗുളികയെ കുറിച്ചു പല തെറ്റിദ്ധാരണകളുമുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് ഈ ഗുളിക? മുകളില്‍ പറഞ്ഞ പെണ്‍കുട്ടിയോട് ഗുളിക കാണിച്ചുതരാന്‍ പറഞ്ഞു. നോക്കിയപ്പോ ഫോളിക് ആസിഡ് ഗുളികകള്‍ ആണത്. ഗര്‍ഭാവസ്ഥയില്‍, കൃത്യമായി പറയുകയാണെങ്കില്‍ ഗര്‍ഭം പ്ലാന്‍ ചെയ്യുന്ന സമയം മുതല്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് ഫോളിക് ആസിഡ് ഗുളികകള്‍. ഗര്‍ഭസ്ഥ ശിശുവിന് നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധമാണ് ഈ ഗുളികകള്‍.
ഇതു കൂടാതെ ഗര്‍ഭിണികളോടു കഴിക്കാന്‍ നിര്‍ദേശിക്കുന്ന മറ്റു ഗുളികകളാണ് അയേണ്‍(ശൃീി) കാല്‍ഷ്യം ഗുളികകള്‍. ഈ രണ്ടു മൂലകങ്ങളുടെയും കുറവുകള്‍ കൊണ്ടുണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ളതാണ് ഈ ഗുളികകള്‍. അതുകൊണ്ട് 'സൈഡ് എഫക്ടുകള്‍', 'തകരാറുകള്‍' എന്നൊക്കെയുള്ള തെറ്റിദ്ധാരണകള്‍ മാറ്റിവച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ ഗുളികകള്‍ കഴിക്കുക.
സ്‌കാനിങ്
ചെയ്യാമോ?
'സ്‌കാന്‍ ഒന്നും ചെയ്യേണ്ട. കറന്റടിക്കും. സ്‌കാനിങ് എല്ലാം ഡോക്ടര്‍മാര്‍ പൈസ ഉണ്ടാക്കാന്‍ ചെയ്യുന്നതല്ലേ...' എന്നൊക്കെ പറഞ്ഞുപരത്താനും തെറ്റിദ്ധാരണ വളര്‍ത്താനും പലരുമുണ്ടാകും. എന്നാല്‍ സ്‌കാനിങ് എന്നറിയപ്പെടുന്ന അള്‍ട്രാസൗണ്ട് സ്‌കാന്‍ കൊണ്ടു ഗര്‍ഭിണിക്കോ ഗര്‍ഭസ്ഥശിശുവിനോ ദോഷങ്ങളൊന്നുമില്ല. ധൈര്യപൂര്‍വം നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം സ്‌കാന്‍ ചെയ്യാവുന്നതാണ്.
എന്തിനാണ് അള്‍ട്രാസൗണ്ട് സ്‌കാന്‍? ഗര്‍ഭവും പ്രസവവും എന്നു പറയുന്നത് ഏതു ഘട്ടത്തില്‍ വേണമെങ്കിലും പല രീതിയില്‍ ബുദ്ധിമുട്ടുകള്‍ വരാവുന്ന പ്രക്രിയയാണ്. ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ എടുക്കുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഗര്‍ഭം ഗര്‍ഭപാത്രത്തിന് അകത്തുതന്നെയാണോ എന്നറിയുക പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഗര്‍ഭപാത്രത്തിനു പുറത്തുള്ള ഗര്‍ഭം അഥവാ ലരീേുശര ുൃലഴിമിര്യ നേരത്തെ കണ്ടുപിടിച്ചില്ലെങ്കില്‍ അമ്മയുടെ ജീവന്‍വരെ നഷ്ടമാകാം. കൂടാതെ അകത്ത് ഒന്നില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുണ്ടോ എന്നും അറിയണം.
തുടര്‍ന്ന് ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ കിടപ്പ്, ചലനങ്ങള്‍, ആന്തരിക അവയവങ്ങള്‍, പൊക്കിള്‍കൊടിയുടെ സ്ഥാനം, ജനിതക തകരാറുകള്‍, ഗര്‍ഭപാത്രത്തിനകത്തെ ഫ്‌ലൂയിഡിന്റെ അളവ്, പ്ലാസെന്റയുടെ സ്ഥാനം എന്നിവയൊക്കെ അറിയല്‍ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഇതൊക്കെ ഒരു പരിധിവരെ അറിയാന്‍ ആള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി സാധിക്കും. അതുവഴി എത്രയും പെട്ടെന്നു വേണ്ട കരുതലുകളും ചികിത്സയും സ്വീകരിക്കാനും കഴിയും. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം എക്‌സ്‌റേ, സി.ടി തുടങ്ങിയ പരിശോധനകള്‍ നടത്തേണ്ടിവരുമ്പോഴും, മറ്റ് അസുഖങ്ങള്‍ക്കു ചികിത്സ എടുക്കേണ്ട സാഹചര്യം വരുമ്പോഴും നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ ആ വിവരം ഡോക്ടറോട് പറഞ്ഞിരിക്കണം.
ഗര്‍ഭിണിയും ആഹാരവും
ഗര്‍ഭകാലത്ത് സാധാരണ കഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ കലോറി ഭക്ഷണം ശരീരത്തിന് ആവശ്യമാണ്. പക്ഷെ എന്നുവച്ചു പല വീടുകളിലും നടക്കുന്ന പോലെ, ഗര്‍ഭിണിയെക്കൊണ്ട് ഒരു പറ ചോറുതീറ്റിക്കലോ, വെള്ളം കൊടുത്താല്‍ വയറുവീര്‍ത്തു ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നു പറഞ്ഞു വെള്ളം കൊടുക്കാതിരിക്കലോ അല്ല ചെയ്യേണ്ടത്.
ഏതാണ്ട് ഒരു ദിവസം 300 കിലോ കാലറിയാണു ഗര്‍ഭിണിക്കു കൂടുതലായി ആവശ്യമുള്ളത്. അതു പോഷകസമ്പുഷ്ടമായ, ആരോഗ്യപ്രദമായ ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തിക്കുക. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. കൊഴുപ്പുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കുക. ഗര്‍ഭാവസ്ഥയില്‍ ആദ്യ മൂന്നു മാസങ്ങള്‍ക്കുശേഷം മാസത്തില്‍ ഏതാണ്ടു രണ്ടു കിലോയോളം തൂക്കം വര്‍ധിക്കുന്നതു ഗുണകരമാണ്. മുഴുവന്‍ ഗര്‍ഭകാലത്തെ തൂക്കം എടുത്തുനോക്കുകയാണെങ്കില്‍ ഏതാണ്ട് 11 കിലോയോളം ഭാരവര്‍ധനയാണ് ആരോഗ്യപരം.
വ്യായാമവും ശുചിത്വവും
നടത്തമാണു ഗര്‍ഭാവസ്ഥയില്‍ ഏറ്റവും നല്ല വ്യായാമം. ആവശ്യത്തിനു വ്യായാമം വേണം. എന്നാല്‍ ഭാരം ഉയര്‍ത്തുന്ന തരത്തിലുള്ള ജോലികള്‍ ഒഴിവാക്കുക.
ദിവസവും കുളിക്കുക. മുലക്കണ്ണ്, കക്ഷം, ഗുഹ്യഭാഗങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക. അധികം ചൂടുള്ള വെള്ളം ഉപയോഗിക്കേണ്ട.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ എന്നു പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഗര്‍ഭവുമായി ബന്ധപ്പെട്ട മറ്റ് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു കുഴപ്പമില്ല. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളിലും അവസാന മാസങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കുക. മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക.
പണ്ടുകാലത്ത് ഈ ഡോക്ടറും ആശുപത്രിയുമൊക്കെ ഉണ്ടായിട്ടാണോ എല്ലാരും പ്രസവിച്ചത് എന്നു ചോദിക്കുന്നവരോടു പറയാനുള്ള കാര്യം. പണ്ടത്തെ കാലത്ത് പ്രസവത്തില്‍ എത്ര അമ്മമാര്‍ മരിക്കാറുണ്ടായിരുന്നു? എത്ര കുട്ടികള്‍ ശിശുമരണങ്ങളില്‍നിന്നു രക്ഷപ്പെട്ടു ജീവിക്കാറുണ്ട്? മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഇത്രയും കുറയാനും ആരോഗ്യമുള്ള ജനത രൂപപ്പെടാനും കാരണം നമ്മുടെ ആരോഗ്യരംഗത്തെ കുതിച്ചുചാട്ടം തന്നെയാണ്. ആശുപത്രി പ്രസവങ്ങളും മാതൃശിശു പരിചരണവുമൊക്കെയാണ് അതിന്റെ പ്രധാന നെടുംതൂണുകള്‍ എന്ന കാര്യം നമ്മള്‍ മറക്കരുത്.
ശാരീരികമായ പരിചരണങ്ങള്‍ക്കും ശ്രദ്ധയ്ക്കും ഉപരിയായി, ഗര്‍ഭിണിയുടെ മാനസികാരോഗ്യം സംരക്ഷിക്കല്‍ പങ്കാളിയുടെയും ഉറ്റവരുടെയും കടമയാണ്. അമ്മയുടെ ആരോഗ്യമുള്ള മനസാണു രണ്ടു ജീവനുകളുടെ അടിസ്ഥാനമെന്ന കാര്യം മറക്കാതിരിക്കുക.
എപ്പോള്‍ ഗര്‍ഭിണിയാവാം?
20 വയസില്‍താഴെയുള്ള ഗര്‍ഭിണികളില്‍ ശിശുമരണ നിരക്കും മറ്റ് അപകടസാധ്യതകളും കൂടുതലാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 35 വയസിനുമുകളില്‍ ജന്മ വൈകല്യങ്ങള്‍ക്കു സാധ്യത കൂടുതലാണ്.
ഇതോടൊപ്പം കുഞ്ഞിനെ സ്വീകരിക്കാന്‍ രണ്ടു പങ്കാളികളും പൂര്‍ണമനസോടെ തയാറാവുമ്പോള്‍ മാത്രം ഗര്‍ഭം പ്ലാന്‍ ചെയ്യുക. അല്ലാതെ ബന്ധുക്കളുടെ നിര്‍ബന്ധമോ നാട്ടുനടപ്പുകളോ ഒന്നുമല്ല നമ്മുടെ ശരീരത്തെയും പ്രത്യുല്‍പാദന അവകാശത്തെയും നിയന്ത്രിക്കേണ്ടതെന്നു ശക്തമായ തീരുമാനമെടുക്കുക. അപ്പോള്‍ മാത്രമേ ഒരു വേവലാതിയോ വൈകാരിക പിരിമുറുക്കമോ ആയി മാറാതെ ഗര്‍ഭകാലം പരമാവധി ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."