വംശീയ ഉന്മൂലനത്തിനെതിരേയുള്ള ബഹുജന ഐക്യം എന്തുകൊണ്ട്?
തിരുദൂതരുടെ കാലത്തുതന്നെ ഇന്ത്യയില്‍ രൂപപ്പെട്ട ഇസ്‌ലാമിക സമൂഹം 1400 വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ അതിജീവന പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വിവേചനപരമായ സി.എ.എ എന്ന പൗരത്വ വിവേചന നിയമവും അതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിത നയമായി അവതരിപ്പിച്ച എന്‍.പി.ആര്‍, എന്‍.ആര്‍.സി ഇരട്ടകളും ചേര്‍ന്ന് മുസ്‌ലിംകളെ രാജ്യമില്ലാത്ത ജനതയാക്കിത്തീര്‍ക്കാന്‍ കളമൊരുക്കിക്കഴിഞ്ഞിരിക്കുന്നു. കുടിലമായ പ്രചാരണങ്ങളും വ്യാജനിര്‍മിതികളും കൊണ്ട് കേന്ദ്രഭരണ കക്ഷിയും അതിനെ താങ്ങി നിര്‍ത്തുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സമഗ്രാധിപത്യ ഫാസിസ്റ്റ് - നാസിസ്റ്റ് സംവിധാനവും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, നാസി ജര്‍മനി പോലും ധൈര്യപ്പെട്ടിട്ടില്ലാത്ത വിധം ഭയാനകമായ ഒരവസ്ഥയുടെ ശംഖൊലി രാജ്യത്ത് മുഴങ്ങിക്കഴിഞ്ഞു.
മുസ്‌ലിംകള്‍ മാത്രമല്ല ദേശത്തെ ഭൂരിപക്ഷം വരുന്ന മത ന്യൂനപക്ഷ, ദലിത് ബഹുജന്‍, ആദിവാസി, നാടോടി, ഗോത്ര, ദരിദ്ര ജനവിഭാഗങ്ങള്‍ ഘട്ടംഘട്ടമായി ഹിംസാത്മകമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഇരകളാക്കപ്പെടുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യനെ പൗരനായി പുനര്‍നിര്‍വചിച്ച്, പൗരത്വമെന്ന സാങ്കേതികത്വത്തിന്റെയടിസ്ഥാനത്തില്‍ അവകാശങ്ങള്‍ നിര്‍ണയിച്ചു കൊടുക്കുന്ന ആധുനിക ദേശരാഷ്ട്ര സംവിധാനത്തില്‍, മതത്തെ പൗരത്വത്തിന്റെ ആധാരമായി നിര്‍ണയിക്കുന്ന ലോകത്തെ ഒരേയൊരു രാഷ്ട്രമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഈ പശ്ചാത്തലത്തില്‍ വംശശുദ്ധി വാദത്തിലും വംശീയ ശുദ്ധീകരണത്തിലും വിശ്വസിക്കുന്ന, ലോകത്തെ സമഗ്രാധിപത്യ പ്രസ്ഥാനങ്ങളുടെ ക്ലാസിക്കല്‍ പ്രാതിനിധ്യം അവകാശപ്പെടാവുന്ന ആര്‍.എസ്.എസ് ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമാജത്തില്‍ എന്താണ് ലക്ഷ്യമാക്കുന്നതെന്ന് വിശദമായന്വേഷിക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. മനുഷ്യ സ്വത്വത്തെ പൗരത്വമെന്ന് പുനര്‍നിര്‍ണയിച്ചിട്ടുള്ള രാഷ്ട്രവ്യവഹാരത്തില്‍ എന്‍.പി.ആര്‍, എന്‍.ആര്‍.സിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന സി.എ.എ പോലുള്ള ഒരു പൗരത്വ വിവേചന നിയമത്തെ അടിമുടി പരിശോധിക്കേണ്ടിയിരിക്കുകയും ചെയ്യുന്നു.
മുത്വലാഖിനെ മുന്‍നിര്‍ത്തി ഒരു സിവില്‍ നിയമത്തെ ക്രിമിനല്‍വല്‍ക്കരിച്ചു കൊണ്ടാണ് രണ്ടാം മോദി സര്‍ക്കാര്‍ മുസ്‌ലിം വ്യവഹാരങ്ങളില്‍ കൈകടത്തിത്തുടങ്ങിയത്. തുടര്‍ന്ന് കശ്മിരിനെ അധിനിവേശം ചെയ്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും, എല്ലാ നിയമനീതിയുക്തികളെയും കീഴ്‌മേല്‍ മറിച്ച് ബാബരി മസ്ജിദ് അത് തകര്‍ത്തവര്‍ക്ക് തന്നെ ഏല്‍പ്പിച്ചു കൊടുക്കുന്ന വിചിത്രമായ വിധിക്ക് കളമൊരുക്കുകയും ചെയ്തു.
നിയമം, നിയമവാഴ്ച, ഭരണഘടന തുടങ്ങിയവയൊക്കെ ഒരു ബഹുസ്വര സമൂഹത്തില്‍ നീതിയുക്തമായ വ്യവസ്ഥിതി നടപ്പാക്കാനുള്ള ഉപാധികളാണ്. ദേശവാസികള്‍ക്ക് വോട്ടവകാശം, അധികാര പങ്കാളിത്തം ഉറപ്പുവരുത്തുന്ന സംവരണം, ഭൂരിപക്ഷാധിപത്യത്തില്‍ തനിമ നിലനിര്‍ത്തി ജീവിക്കാന്‍ അനുവാദം നല്‍കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ഇവയെല്ലാം ഇതിന്റെ ഉപോല്‍പന്നങ്ങളാണ്. ആധുനിക രാഷ്ട്രസംവിധാനത്തില്‍ ദേശത്തിലെ വിവിധ മത, ജാതി, ഭാഷാപക്ഷങ്ങള്‍ സഹവര്‍ത്തിത്തത്തോടെ കഴിയുകയും സാമൂഹിക നീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന ഘടകങ്ങളാണിവയെല്ലാം. അവക്കിടയില്‍ സ്വാഭാവികമായുണ്ടാകാവുന്ന ഭിന്നതകളും ഭേദങ്ങളും വ്യവസ്ഥാപിതവും സംവാദാത്മകവുമായ രീതിയില്‍ തീര്‍പ്പാക്കുന്നതിന് ദേശത്തെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംവാദത്തിലൂടെ എത്തിച്ചേരുന്ന പരസ്പരധാരണയുടെയും അതനുസരിച്ചുള്ള കരാറിന്റെയും പ്രത്യക്ഷീകരണമാണ് ഒരു നാടിന്റെ ഭരണഘടന. അതുറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ സാങ്കേതികമായും ധാര്‍മികമായും ഒരുകാലത്തും മാറ്റപ്പെടാവുന്നതോ തിരുത്തപ്പെടാവുന്നതോ അല്ല. അങ്ങനെയുണ്ടായാല്‍ അത് വലിയ അന്തഃഛിദ്രങ്ങള്‍ക്കും ദേശ രാഷ്ട്രത്തിന്റെ ആത്മനാശത്തിനും കാരണമാകും.അതുകൊണ്ട് തന്നെ സാമൂഹിക കരാര്‍ എന്ന നിലയില്‍ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും സംരക്ഷണവും പാലനവും അതില്‍ പങ്കാളികളായ മുഴുവന്‍ ജനവിഭാഗങ്ങളുടെയും മൗലികമായ ബാധ്യതയാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രീയമായ ബാധ്യത മാത്രമല്ല മതപരമായ ബാധ്യത കൂടിയാണ്.
യൂറോപ്യന്‍ വംശീയവാദത്തില്‍നിന്ന് ഊര്‍ജം കൊണ്ട്, എന്നാല്‍ 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സംഘടിതരൂപം കൈക്കൊണ്ട, ഹിന്ദു ദേശീയതയെന്ന വംശീയ ദേശീയ വാദത്തില്‍ വിശ്വസിക്കുകയും ഹിംസാത്മകമായ വംശശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ ആരാധിക്കുകയും ചെയ്തുപോന്ന സംഘ്പരിവാര്‍ തുടക്കം മുതലേ ഇന്ത്യയിലെ വിവിധ ദേശീയതകളുടെ സഹവര്‍ത്തിത്തത്തെ തള്ളിക്കളയുകയും അവര്‍ ചേര്‍ന്ന് തയാറാക്കിയ ഭരണഘടനയെ നിരാകരിക്കുകയും ചെയ്തിരുന്നു. അന്നുതൊട്ടിന്നോളം ഒളിഞ്ഞും തെളിഞ്ഞും കീഴാള ഉള്ളടക്കമുള്ള ഒരു ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍.
രാഷ്ട്രത്തിന്റെ പ്രതീകമായ പതാക, ദേശീയ ഗാനം, രാഷ്ട്രപിതാവ് ഇവയോടെല്ലാം അവര്‍ക്കുള്ള വിയോജിപ്പും ശത്രുതയും പ്രകടമായിരുന്നു. ഗാന്ധിയുടെ വധത്തില്‍നിന്ന് സാങ്കേതികമായി അവര്‍ ഒഴിഞ്ഞുമാറിയെങ്കിലും പ്രബലമായ രേഖകള്‍ മറിച്ചാണ് പറയുന്നത്. സംഘ്പരിവാറിന് നിര്‍ണായക പങ്കാളിത്തമുണ്ടായിരുന്ന ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് മിതവാദിയായി മാധ്യമങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന വാജ്‌പേയിയുടെ കാലത്ത് തന്നെ ഭരണഘടനാ സംവിധാനത്തിന്റെ ആധാരങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തുടങ്ങി. പാസ്‌പോര്‍ട്ട് നിയമം, വിദേശികളെക്കുറിച്ചുള്ള നിയമം എന്നിവയുടെ പഴുതുകളില്‍ കൂടി അന്നുതന്നെ നിയമനിര്‍മാണം പരാജയപ്പെട്ടപ്പോള്‍ ഓര്‍ഡിനന്‍സുകള്‍ മുഖേന അവര്‍ ത്രിശൂലമെറിഞ്ഞു കഴിഞ്ഞിരുന്നു. അവര്‍ക്കധികാരമുണ്ടായിരുന്ന ഏഴ് സംസ്ഥാനങ്ങളില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍നിന്ന് മാറി അവരത് നടപ്പിലാക്കുകയും ചെയ്തു. പൗരത്വത്തിലെ തുല്യതയെന്ന അടിസ്ഥാനാശയം തകര്‍ക്കുന്നതിനുള്ള ആദ്യ ചുവടുവയ്പായിരുന്നു അത്. രണ്ടും മൂന്നും എന്‍.ഡി.എ സര്‍ക്കാരുകള്‍ പ്രസിഡന്‍സി, വിജിലന്‍സ്, കോടതി, വിവരാവകാശ കമ്മിഷന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, എന്തിന് സേനയെ പോലും രാഷ്ട്രീയവല്‍കരിച്ച് രാഷ്ട്ര സ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങി. അതിന്റെ ഒടുവിലത്തെ എപ്പിസോഡാണ് സി.എ.എ എന്ന പൗരത്വ നിയമ ഭേദഗതി.
ദേശരാഷ്ട്രങ്ങള്‍ പൗരത്വമെന്ന സങ്കേതത്തെ എങ്ങനെയാണ് കാണുന്നതെന്ന് കൂടി പരിശോധിക്കുമ്പോഴാണ് പൗരത്വനിഷേധത്തിന്റെ ഹിംസാത്മക സ്വരൂപം നമുക്ക് ബോധ്യപ്പെടുക. മനുഷ്യരായി പിറന്നതുകൊണ്ട് തന്നെ ഒരാളെ മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹനാക്കുന്നില്ല ദേശരാഷ്ട്ര പൗരത്വസങ്കല്‍പ്പം. മനുഷ്യനാകുന്നതിലൂടെയല്ല, പൗരനാകുന്നതിലൂടെ മാത്രമാണ് ഒരാള്‍ അവകാശങ്ങള്‍ക്ക് അര്‍ഹനാവുന്നത്. ഒരാള്‍ പൗരനല്ലെങ്കില്‍ അയാള്‍ക്ക് അവകാശങ്ങളില്ല. ഏകപക്ഷീയമായി പലരും ഭൂപടത്തില്‍ വരയ്ക്കുന്ന വരകള്‍ക്കും കുറികള്‍ക്കും ഇരുപുറമായിപ്പോകുന്ന ദുര്‍ബലനായ മനുഷ്യന് അവന്‍ പിറന്ന ഭൂമിയില്‍ ഒരവകാശവുമില്ല.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ നമ്മുടെ തൊഴില്‍ മോഷ്ടിക്കുന്ന ടെര്‍മൈറ്റ്‌സ് അഥവാ ചിതലുകളാണ്. മനുഷ്യരല്ല മൃഗം പോലുമല്ല കീടങ്ങള്‍. അത് ചിതലാകുമ്പോള്‍ രാഷ്ട്ര ഗാത്രത്തെ തിന്നുതീര്‍ക്കുന്ന മലിന കീടങ്ങള്‍. മനഃപൂര്‍വമുപയോഗിച്ച ആ പ്രയോഗം തന്നെ വെറുപ്പില്‍നിന്ന് ജനിച്ചതും വെറുപ്പ് ജനിപ്പിക്കുന്നതും തെരുവില്‍ വികസിക്കുന്ന നാസി ആള്‍ക്കൂട്ടത്തിന്റെ ഹിംസ വിളിച്ച് വരുത്തുന്നതുമാണ്. സംഘ് നാസിസത്തിന്റെ മുന്നണിപ്പോരാളിയായ ആഭ്യന്തര മന്ത്രി പരസ്യമായി തന്നെ തന്റെ അനുയായികളെ ഹിംസയിലേക്ക് ക്ഷണിക്കുകയായിരുന്നു.
നാസി ജര്‍മനിയിലെ സ്റ്റോംട്രൂപ്പര്‍ ബറ്റാലിയനെ പോലെ ആയുധപരിശീലനം ലഭിച്ച സംഘ്പരിവാര്‍ പടകള്‍ കര്‍ണാടകയിലും യു.പിയിലും ഡല്‍ഹിയിലും അസമിലും അത് നടപ്പില്‍ വരുത്തുകയും ചെയ്തു. ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ചെകുത്താന്‍മാരെ നായ്ക്കളെ പോലെ വെടിവച്ച് കൊല്ലണമെന്ന് വിളിച്ച് പറയുന്നത് 1930-40 കളിലെ ജര്‍മന്‍ തെരുവുകളിലെ ഹിംസാത്മകമായ കൊലവിളികളുടെ കൃത്യമായ ഏറ്റുവിളിയാണ് എന്ന് മറക്കണ്ട. കാരണം ഓര്‍മകളാണ് പ്രതിരോധത്തിന്റെ ഏറ്റവും വലിയ ഇന്ധനം. മതമൗലികവാദി, ജിഹാദി, തീവ്രവാദി, ഭീകരവാദി ഈ വിളിപ്പേരുകളൊക്കെ പിന്നിട്ടാണ് മതേതര ഇന്ത്യയിലെ മുസ്‌ലിം പൗരന്‍ 2020ല്‍ എത്തിനില്‍ക്കുന്നത്. അവിടെയവനെ കാത്തുനില്‍ക്കുന്നത് കുറേകൂടി ഹീനവും പഴയ വേട്ടക്കാരന്റെ രക്തദാഹം ഇപ്പോഴും ചുരത്തുന്ന, ലിഞ്ചിങ് വിദഗ്ധരായ ആള്‍ക്കൂട്ടത്തെ അതിവേഗം ഹരംപിടിപ്പിക്കുന്നതുമായ നുഴഞ്ഞുകയറ്റക്കാരന്‍ എന്ന പേരാണ്. രാജ്യവും പൗരത്വവും ഇല്ലാത്തവനുമേല്‍ എന്തും അനായാസം സാധ്യം!
ആരോഗ്യഭാരതി എന്ന പരിവാരസംഘടന, തങ്ങള്‍ നീളവും നിറവും മിടുക്കുമുള്ള ശുദ്ധവംശനിര്‍മാണത്തിലാണെന്ന അറിയിപ്പിറക്കിയത് ( മെയ് 8, 2017 ) ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 450 കുട്ടികളെ ഇത്തരത്തില്‍ നിര്‍മിച്ചെന്നും 2020 ഓടെ അത് ആയിരത്തിനു മേലെയാവുമെന്നും സംഘടനാ വക്താവ് അറിയിച്ചിരുന്നു. വംശീയ ദേശീയതയുടെ അസംബന്ധങ്ങള്‍ക്ക് എത്ര വരെ പോകാന്‍ കഴിയുമെന്നറിയുവാനും താരതമ്യങ്ങള്‍ ഒന്ന് നോക്കിവയ്ക്കാനും ഇനിയും ഫാസിസം വരവറിയിച്ചോ എന്ന് സംശയിച്ച് നില്‍ക്കുന്നവര്‍ക്ക് നോക്കിവായിക്കാനും ചില ഡേറ്റ്‌ചെയ്‌നുകള്‍ അനുസ്മരിക്കാവുന്നതാണ്. ക്ലാസിക്കല്‍ വംശീയ ഇന്ത്യന്‍ നാഷനലിസം ( ഇന്ത്യന്‍ നാസിസം ) അതിന്റെ ഗൃഹപാഠത്തിന്റെ ഏതാണ്ട് 80വും ചെയ്തു തീര്‍ത്തുകഴിഞ്ഞിരിക്കുന്നുവെന്ന് ബോദ്ധ്യപ്പെടാന്‍ ഒരുപക്ഷെ ഇത് സഹായിച്ചേക്കും.
1933: ജര്‍മനി യഹൂദരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍നിന്ന് നീക്കുന്നതിന് നിയമം കൊണ്ടുവരുന്നു. പബ്ലിക് സ്‌കൂളുകളില്‍ യഹൂദ വിദ്യാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്തി. അവര്‍ വക്കീല്‍പണി ചെയ്യുന്നത് നിരോധിച്ചു. വിദേശത്തുനിന്ന് വന്ന യഹൂദന്മാരുടെ പൗരത്വം റദ്ദാക്കി. കോഷര്‍ ചടങ്ങും അതിനോടനുബന്ധിച്ച മൃഗബലിയും നിരോധിച്ചു.
1934: മെഡിസിന്‍, ദന്തചികിത്സ, ഫാര്‍മസി, നിയമം എന്നീ കോഴ്‌സുകളിലെ യഹൂദ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതും യഹൂദന്മാര്‍ സൈന്യത്തില്‍ ചേരുന്നതും നിരോധിച്ചു.
1935: ന്യൂറംബര്‍ഗ് നിയമങ്ങള്‍. യഹൂദരുടെ പൗരത്വം റദ്ദാക്കി, വോട്ടവകാശം നിരോധിച്ചു. ജര്‍മന്‍ സ്ത്രീകളെയോ, ജര്‍മന്‍ രക്തബന്ധത്തിലുള്ള സ്ത്രീകളെയോ യഹൂദര്‍ വിവാഹം ചെയ്യുന്നത് നിരോധിച്ചു.
1938: യഹൂദര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ടില്‍ ചുകപ്പില്‍ ജെ എന്ന അക്ഷരം, തിയറ്ററുകള്‍, ബീച്ചുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിലക്ക്. പേരിനൊപ്പം സാറ എന്നോ ഇസ്‌റാഈല്‍ എന്നോ ചേര്‍ക്കണം.
1938: വീടുകളില്‍നിന്ന് പുറത്താക്കല്‍. റേഡിയോകള്‍ പിടിച്ചെടുത്തു. ആഭരണങ്ങള്‍ നഷ്ടപരിഹാരമില്ലാതെ സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ ഉത്തരവ്. ജൂതന്മാര്‍ക്ക് മാത്രമായി കര്‍ഫ്യൂ.
1940: യുദ്ധകാല റേഷന്‍ കാര്‍ഡുകളില്‍ വസ്ത്രം വാങ്ങുന്നതിന് വിലക്ക്. ടെലഫോണുകള്‍ പിടിച്ചെടുത്തു.
1941 : പൊതുടെലഫോണ്‍ ഉപയോഗിക്കാന്‍ വിലക്ക്. രാജ്യം വിടാന്‍ വിലക്ക്.
1942: കമ്പിളിവസ്ത്രങ്ങളും പുതപ്പുകളും ഉപയോഗിക്കുന്നതിനും മുട്ടക്കും പാലിനും വിലക്ക്.
ആ കാലത്ത് ഇവയോട് സര്‍വ് സംഘ്ചാലക് മാധവ് സദാശിവ് ഗോള്‍വാല്‍ക്കറുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ജര്‍മനി ജൂതമുക്തമാകുന്നത് കണ്ട് പലരും പകച്ചു. വംശാഭിമാനം അതിന്റെ മൂര്‍ധന്യതയില്‍ എത്തിയതാണ് നാം കണ്ടത്. പല വംശങ്ങളെയും സംസ്‌കാരങ്ങളെയും ഏകാത്മതയില്‍ ലയിപ്പിക്കുന്നത് അസാധ്യമല്ലെന്നാണ് ജര്‍മനി കാണിച്ചത്. നാം ഹിന്ദുസ്ഥാനിലുള്ളവര്‍ക്ക് പഠിക്കാനും ഉപകാരപ്പെടുത്താനും പറ്റിയ നല്ല ഒരു പാഠം ''.
( പേജ്: 87, 88. നാം നമ്മുടെ ദേശീയത )
ഒടുവില്‍ ഗുരുജി പ്രകീര്‍ത്തിക്കുകയും ഹിന്ദുസ്ഥാനിലെ സംഘ്പരിവാരത്തിന് പഠിച്ച് ഉപകാരപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്ത നാസി ജര്‍മനിയുടെ വംശീയ ശുദ്ധീകരണ യജ്ഞം 60 ലക്ഷം യഹൂദന്മാരെ ഗ്യാസ് ചിമ്മിനികളില്‍ വെണ്ണീരാക്കി ജര്‍മന്‍ മണ്ണില്‍ ലയിപ്പിച്ചു. ആ മഹാഭീകരതയില്‍ നിന്ന് ലോകം വിമുക്തമായതിന്റെ 75 ാം വാര്‍ഷികം ലോകം ആചരിക്കുകയാണ് ഈ 2020ല്‍. നാസി ജര്‍മനിയുടെ വംശശുദ്ധീകരണ കര്‍മങ്ങളില്‍ ഹരം കൊണ്ടാസ്വദിച്ച ഇന്ത്യന്‍ നാസിസം പൗരത്വനിയമങ്ങള്‍ക്ക് മേല്‍ കൈവച്ചുകൊണ്ട് വംശശുദ്ധീകരണപാഠങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഈ 75ാം വാര്‍ഷികത്തിന്റെ ആദ്യപാദം നമ്മെ ഉണര്‍ത്തുന്നത്. ഓര്‍ക്കണം 60 ലക്ഷം ജൂതന്മാര്‍ ചൂളകളില്‍ കത്തിത്തീര്‍ന്നതുകൊണ്ടല്ല ഹിറ്റ്‌ലര്‍ തോല്‍പ്പിക്കപ്പെട്ടത്. അയാള്‍ സ്റ്റാലിന്‍ഗ്രാഡിലേക്ക് മാര്‍ച്ച് ചെയ്യുകയും അയാളുടെ സഖ്യകക്ഷി പേള്‍ ഹാര്‍ബര്‍ ആക്രമിക്കുകയും ചെയ്തതുകൊണ്ടായിരുന്നു.
ഈ നിയമം ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് മുസ്‌ലിംകളെയാണ്. യഹൂദനുപിറകെ കമ്മ്യൂണിസ്റ്റുകളും നിരീശ്വരരും നാടോടികളും ഭിന്നശേഷിക്കാരും ചെറു ന്യൂനപക്ഷ സമുദായങ്ങളും നാസികള്‍ക്കിരയായിത്തീര്‍ന്നുവെന്നാണ് ചരിത്രപാഠം. പഴയ നാസി വേട്ടക്കാരന്റെ ഹിംസാത്മകതയോടെ, വംശശുദ്ധിവാദിയായ നാസി, ചോരയുടെ മണം പിടിച്ച് ഓടിത്തുടങ്ങുമ്പോള്‍ തെരുവുകള്‍ പ്രതിരോധത്തിന്റെ കളരിത്തറകളാവണം. ജാതി, മത, കക്ഷി, ഭാഷ ഭേദമന്യേ സര്‍വരും നാസി വംശഹത്യാ വിരുദ്ധ മുന്നണിയില്‍ അണിചേരണം. മരണത്തിന്റെ വ്യാപാരികളും ജീവിതത്തിന്റെ പ്രണയികളും തമ്മില്‍ മുഖാമുഖം നില്‍ക്കുന്ന ഈ വേളയില്‍ നിരത്തില്‍ ഇന്ന് നിങ്ങളില്ലായെങ്കില്‍, ഇനിയൊരിക്കലും നിങ്ങള്‍ക്കൊരു അവസരമുണ്ടാവണമെന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."