കെ.എ.എസ് എഴുതാന്‍ ജീവനക്കാര്‍ കൂട്ട അവധിയില്‍; സ്വരം കടുപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരേ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍.
ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് പേരാണ് കെ.എ.എസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി എടുത്തിരിക്കുന്നത്. ഇത് അനുവദിക്കാനാകില്ലെന്നും കെ.എ.എസ് പരീക്ഷ എഴുതണമെന്നുള്ളവര്‍ രാജിവച്ച് പരീക്ഷയ്ക്ക് തയാറെടുക്കണമെന്നും അല്ലെങ്കില്‍ ലീവ് റദ്ദാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിക്കണമെന്നും പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്രയധികം പേര്‍ അവധിയെടുക്കുന്നത് സെക്രട്ടേറിയറ്റ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ധനബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ ശുപാര്‍ശയില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണ്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം ഒഴിവുകളില്‍ പി.എസ്.സിക്ക് പുതിയ ജീവനക്കാരെ റിപ്പോര്‍ട്ട് ചെയ്യുവാനും നിര്‍വാഹമില്ല. പൊതുജനത്തിന് നല്‍കേണ്ട സേവനം മറന്ന് സ്വന്തം കരിയര്‍ മാത്രം മെച്ചപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയ ശുപാര്‍ശയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."