ഭരണപരാജയം: പ്രക്ഷോഭ പരിപാടികളുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം:യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ നിര്‍ത്തുന്നതടക്കം ഇടതു സര്‍ക്കാരിന്റെ ഭരണ പരാജയം ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതി സമരപരിപാടികള്‍ക്കു രൂപം നല്‍കി.
പ്രമുഖ നടിക്കെതിരായ അക്രമം ഉള്‍പ്പെടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 25ന് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സമരത്തിന്റെ ഭാഗമായി കൊച്ചിയില്‍ രാജേന്ദ്ര മൈതാനത്ത് പി.ടി തോമസ് എം.എല്‍.എ 48 മണിക്കൂര്‍ സത്യഗ്രഹം നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് രണ്ടണ്ടിനു മുന്‍പ് എല്ലാ ജില്ലകളിലും ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തും. കാരുണ്യ,സുകൃതം, ആരോഗ്യ കിരണം തുടങ്ങിയ ആരോഗ്യക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരേ വി.എസ് ശിവകുമാര്‍ എം.എല്‍.എ 25ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിക്കും. മാര്‍ച്ച് എട്ടിന് പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി മാര്‍ച്ച് രണ്ടണ്ടിന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ശിക്ഷ ഇളവ് നല്‍കാനായി സര്‍ക്കാര്‍ തയാറാക്കിയ തടവുകാരുടെ പട്ടിക പുറത്തുവിടണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
വരള്‍ച്ച നേരിടാനുള്ള മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ നേതൃത്വം നല്‍കണമെന്ന് കെ.പി.സി.സി നിര്‍ദേശിച്ചു. വിജിലന്‍സിന് നേരെ കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ തെറ്റു തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."