ചരിത്രത്തിനരികെ...
സിഡ്‌നി: ആസ്‌ത്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ചരിത്ര ജയത്തിനരികേ. മഴ മേഘങ്ങള്‍ ചതിച്ചില്ലെങ്കില്‍ ആദ്യമായൊരു പരമ്പര ജയവുമായി വിരാട് കോഹ്‌ലിയും സംഘവും ചരിത്രം രചിക്കും. 40 വര്‍ഷത്തിന് ശേഷം സിഡ്‌നിയില്‍ ടെസ്റ്റ് വിജയമെന്ന ചരിത്രനേട്ടത്തിനും അരികേയാണ് ടീം ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 300 റണ്‍സിന് ഇന്ത്യ ഓസീസിനെ പുറത്താക്കി. ഫോളോ ഓണ്‍ ചെയ്യാന്‍ ഇറങ്ങിയ ഓസീസിന് കാലാവസ്ഥ രക്ഷയൊരുക്കി. വിക്കറ്റ് നഷ്ടപ്പെടുത്താതെ ആറ് റണ്‍സ് എന്ന നിലയിലാണ് കങ്കാരുക്കള്‍. വെളിച്ചക്കുറവ് മൂലം നാലാം ദിനം കളിനിര്‍ത്തിവച്ചു. നാലാം ദിനമായ ഇന്നലെ 25.2 ഓവറുകള്‍ മാത്രമാണ് കളിനടന്നത്. ചായക്ക് പിരിഞ്ഞ ശേഷം മത്സരം തുടരാനായില്ല. നാലാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ മാര്‍ക്കസ് ഹാരിസും (2) ഉസ്മാന്‍ ഖവാജയുമാണ് (4) ക്രീസില്‍. ഇന്ത്യയേക്കാള്‍ 316 റണ്‍സ് പുറകിലാണ് ഓസീസ്.
ഫോളോ ഓണ്‍ @30 വര്‍ഷം
ഓസീസ് സ്വന്തം മണ്ണില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത് 30 വര്‍ഷത്തിന് ശേഷം. 1988 ല്‍ ഇംഗ്ലണ്ടിന് മുന്നിലാണ് കങ്കാരു പടയ്ക്ക് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നത്. ഇതിന് ശേഷം മൂന്നു പതിറ്റാണ്ടിനിടെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസിന് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നിട്ടില്ല. 1986 ലാണ് അവസാനമായി ഇന്ത്യ ഓസീസിനെ ഫോളോ ഓണിലേക്ക് തള്ളിയിട്ടത്. അന്ന് സിഡ്‌നിയിലെ ഇതേ മൈതാനത്ത് ജനുവരി ആറിനായിരുന്നു കപില്‍ദേവും സംഘവും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിച്ചത്. ആ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിന് ഫോളോ ഓണ്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയിരുന്നു. അവസരം വിനിയോഗിക്കാതെ ഇന്ത്യന്‍ ടീം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
അടിതെറ്റി ഓസീസ്
കാലുറപ്പിച്ചു നില്‍ക്കാനുള്ള ഒരവസരവും ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിന് നല്‍കിയില്ല. ഓസീസിനെ 300 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ 322 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. അഞ്ചു വിക്കറ്റ് പിഴുതെടുത്ത ചൈനാമാന്‍ കുല്‍ദീപ് യാദവാണ് തകര്‍ച്ച പൂര്‍ണമാക്കിയത്. മുഹമ്മദ് ഷമിയാണ് ഇന്നലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ജസ്പ്രീത് ബുംമ്രയും വിക്കറ്റ് പിഴുതു. മഴയെ തുടര്‍ന്ന് നാലാം ദിനത്തിലെ ആദ്യ സെഷന്‍ നഷ്ടമായി. വെളിച്ചകുറവ് മൂലം മൂന്നാം ദിനം കളി നേരത്തെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇന്നലെ കളി ഒരു മണിക്കൂര്‍ നേരത്തെ ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും കാലാവസ്ഥ വീണ്ടും വില്ലനായി.
വാലില്‍ക്കുത്തി വാലറ്റം
ആറിന് 236 റണ്‍സ് എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് പുരനാരംഭിച്ചത്. പാറ്റ് കമ്മിന്‍സും (25), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും (28) ആയിരുന്നു ക്രീസില്‍. ഒരു റണ്‍സ് പോലും എടുക്കാന്‍ അനുവദിക്കാതെ പാറ്റ് കമ്മിന്‍സിന്റെ കുറ്റി മുഹമ്മദ് ഷമി തെറുപ്പിച്ചു. ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെ (37) ജസ്പ്രീത് ബുംമ്ര മടക്കി. തൊട്ടുപിന്നാലെ അഞ്ചു പന്തുകളുടെ ആയുസുമായി പൂജ്യനായി നഥാന്‍ ലിയോണും മടങ്ങി. ലീയോണിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓസീസ് സ്‌കോര്‍ 258 ല്‍ നില്‍ക്കേ അവസാന വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തി. സ്റ്റാര്‍ക്ക് - ഹെയ്‌സല്‍വുഡ് സഖ്യം 42 റണ്‍സാണ് ഓസീസിന് സംഭാവന ചെയ്തത്. അക്കൗണ്ട് തുറക്കും മുന്‍പേ ഹെയ്‌സല്‍വുഡ് നല്‍കിയ ക്യാച്ച് ഹനുമാ വിഹാരി വിട്ടുകളഞ്ഞതാണ് ഓസീസിന് രക്ഷയായത്. ഒടുവില്‍ 45 ബോളില്‍ 21 റണ്‍സ് എടുത്ത ഹെയ്‌സല്‍വുഡിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഓസീസ് ഇന്നിങ്‌സിന് അന്ത്യമായത്. 55 പന്തില്‍ 29 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താവാതെ നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."