കനകം കൊയ്തവര്‍ക്ക് പെന്‍ഷനില്ല , ജോസഫിനെയും പ്രീജയെയും അവഗണിച്ചു കേന്ദ്രകായിക മന്ത്രാലയം
യു.എച്ച് സിദ്ദീഖ്
കോട്ടയം: രാജ്യാന്തര ട്രാക്കുകളില്‍ കനകം കൊയ്ത ചാംപ്യന്‍മാര്‍ക്ക് കേന്ദ്രകായിക മന്ത്രാലയത്തിന്റെ അവഗണന. ഏഷ്യന്‍ ചാംപ്യന്‍ ജോസഫ് അബ്രഹാമിനും ഒളിംപ്യന്‍ പ്രീജ ശ്രീധരനും കേന്ദ്ര കായിക മന്ത്രാലയം പെന്‍ഷന്‍ നിഷേധിച്ചു. ഒളിംപിക്‌സ്, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് നല്‍കുന്ന 'മെറിറ്റോറിസ് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ പെന്‍ഷന്‍ പദ്ധതി' ആണ് ഇരുവര്‍ക്കും നിഷേധിച്ചത്.
അപേക്ഷ നല്‍കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ അനുവദിക്കാന്‍ കായിക മന്ത്രാലയം തയാറായിട്ടില്ല. കായിക രംഗത്തുനിന്ന് വിരമിച്ച 30 വയസ് പിന്നിട്ട രാജ്യാന്തര മെഡല്‍ ജേതാക്കള്‍ക്കുള്ള പദ്ധതിയാണ് മെറിറ്റോറിസ് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ പെന്‍ഷന്‍. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പ്രതിമാസ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കായിക രംഗത്തുനിന്ന് വിരമിച്ചുകഴിഞ്ഞാല്‍ മെഡല്‍ നേട്ടം അനുസരിച്ച് 6000 -7000 രൂപയായിരുന്നു പെന്‍ഷന്‍ നല്‍കിയിരുന്നത്. 2018 ല്‍ ഇതു 12,000-14,000 രൂപയായി കേന്ദ്ര കായിക മന്ത്രാലയം വര്‍ധിപ്പിച്ചിരുന്നു. പെന്‍ഷന്‍ നല്‍കാനുള്ള തുക കേന്ദ്ര കായിക മന്ത്രാലയം എല്‍.ഐ.സിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ട്രാക്കില്‍നിന്ന് വിരമിച്ചതോടെ 2015 ഒക്ടോബറില്‍ തന്നെ ജോസഫും പ്രീജയും പെന്‍ഷന്‍ ലഭിക്കാനായി അപേക്ഷ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന് കൈമാറിയിരുന്നു.
കര്‍ണാടകയുടെ ഹെപ്റ്റത്‌ലണ്‍ താരം ഒളിംപ്യന്‍ പ്രമീള അയപ്പയും ആന്ധ്രയുടെ സ്പ്രിന്റര്‍ സതി ഗീതയും ഇവര്‍ക്കൊപ്പം തന്നെയാണ് പെന്‍ഷന് അപേക്ഷിച്ചത്. നാല്‍വര്‍ സംഘത്തിന്റെ അപേക്ഷ 2016 ജൂണ്‍ 16 ന് എ.എഫ്.ഐ കേന്ദ്ര കായിക മന്ത്രാലത്തിന് കൈമാറി. എന്നാല്‍, മൂന്നുവര്‍ഷം പിന്നിടുമ്പോഴും പെന്‍ഷന്‍ അനുവദിക്കാന്‍ കായിക മന്ത്രാലയം തയാറായിട്ടില്ല. പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകിയതോടെ 2017 മാര്‍ച്ചില്‍ ജോസഫും പ്രീജയും ഉള്‍പ്പെടെ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഉടന്‍ തന്നെ ഉത്തരവിറങ്ങുമെന്ന ഉറപ്പാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. നടപടികള്‍ വൈകിയതോടെ വീണ്ടും കായിക മന്ത്രാലയത്തെ സമീപിച്ചു.
ഉത്തരവ് ഇറങ്ങിയെന്നും പണം എല്‍.ഐ.സിക്ക് കൈമാറിയെന്നും കായിക മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇരുവരെയും അറിയിച്ചു. എല്‍.ഐ.സിയാണ് പെന്‍ഷന്‍ വൈകിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. എന്നാല്‍, പെന്‍ഷന്‍ അനുവദിച്ചത് സംബന്ധിച്ച ഉത്തരവോ ഫണ്ടോ കായിക മന്ത്രാലയം കൈമാറിയിട്ടില്ലെന്നാണ് എല്‍.ഐ.സി അധികൃതരുടെ നിലപാട്. ജോസഫ് അബ്രഹാം പലതവണ ഡല്‍ഹിയിലെ കായികമന്ത്രാലയത്തില്‍ കയറിയിറങ്ങിയെങ്കിലും നടപടികള്‍ മാത്രമില്ല. ഇതിനിടെ പ്രമീള അയ്യപ്പക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങുകയും ചെയ്തു. രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളിലെ കരിയറിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടം വ്യക്തമാക്കിയാണ് കായിക താരങ്ങള്‍ പെന്‍ഷന് അപേക്ഷിക്കുന്നത്.
2010 ലെ ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസിലെ 400 മീറ്റര്‍ ഹര്‍ഡില്‍സ് സ്വര്‍ണനേട്ടം ചൂണ്ടിക്കാട്ടിയാണ് ജോസഫ് അബ്രഹാം അപേക്ഷ നല്‍കിയത്. ഇതേ ഏഷ്യന്‍ ഗെയിംസിലെ 10,000 മീറ്ററിലെ സ്വര്‍ണനേട്ടം വ്യക്തമാക്കിയാണ് പ്രീജ ശ്രീധരന്‍ പെന്‍ഷന് അപേക്ഷിച്ചത്. ഇരുവര്‍ക്കും പിന്നാലെ അപേക്ഷ നല്‍കിയ മലയാളി കായിക താരങ്ങള്‍ക്ക് ഉള്‍പ്പെടെ പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, രാജ്യത്തിന്റെ അഭിമാന താരങ്ങളായ ജോസഫിനോടും പ്രീജയോടും മാത്രം കായിക മന്ത്രാലയത്തിന്റെ അവഗണന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."