തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം
ബെയ്‌റൂത്: വടക്കന്‍ ഇസ്‌റാഈലില്‍ ആക്രമണം തുടര്‍ന്ന് ഹിസ്ബുല്ല. റാമത് ഡേവിഡ് വ്യോമത്താവളത്തിന് നേരെ രണ്ട് തവണ മിസൈല്‍ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഫാദി 1, ഫാദി 2 എന്നീ മിസൈലുകളാണ് വിക്ഷേപിച്ചത്. ലബനാനിലെ നിരവധി സാധാരണക്കാരെ ഇസ്‌റാഈല്‍ വധിച്ചതിനുള്ള തിരിച്ചടിയായിട്ടാണ് ആക്രമണമെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്‌റാഈലില്‍ സൈറന്‍ മുഴങ്ങുന്നത് കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലബനാനില്‍നിന്ന് 10 വിക്ഷേപണങ്ങള്‍ തിരിച്ചറിഞ്ഞതായും അതില്‍ ഭൂരിഭാഗവും പ്രതിരോധിച്ചതായും ഇന്നലെ രാത്രി ഇസ്‌റാഈലി സൈന്യം അറിയിച്ചിരുന്നു. മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റതായും ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം, തെക്കന്‍ ലബനാനിലെ 400 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുല്ലയുടെ തിരിച്ചടി ഉണ്ടാകുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് വടക്കന്‍ ഇസ്‌റാഈല്‍ സാക്ഷ്യം വഹിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഇസ്‌റാഈലിലെ നഹാരിയ്യ, ഏക്കര്‍, തിബിരിയാസ്, ഹൈഫ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ഇസ്‌റാഈലിന് നേരെ ഇറാഖില്‍നിന്നും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് ആണ് ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."