സിറിയ: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ഇസ്‌റാഈലില്‍
വാഷിങ്ടണ്‍: സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം വിവാദവും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിരിക്കെ, വിഷയത്തില്‍ പുതിയ നിലപാടുമായി അമേരിക്ക. സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ഇസ്‌റാഈലിലെത്തിയ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഐ.എസിനെ തുരത്തുകയും കുര്‍ദുകളുടെ സുരക്ഷ തുര്‍ക്കി ഉറപ്പുനല്‍കുകയും ചെയ്താല്‍ മാത്രമേ സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുകയുള്ളൂവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സിറിയയിലെ അമേരിക്കന്‍ സൈന്യം എല്ലാ കാലത്തേക്കുമുള്ളതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സൈന്യത്തെ പിന്‍വലിക്കുന്നതിന് ടൈംടേബിള്‍ തയാറാക്കിയിട്ടില്ലെന്നും പറഞ്ഞു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഈ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം തുര്‍ക്കിയിലും സന്ദര്‍ശനം നടത്തും.
സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ട്രംപ് പെടുന്നനെ തീരുമാനിച്ചത് ജനങ്ങള്‍ക്കിടയിലും സഖ്യകക്ഷികള്‍ക്കിടയിലും വലിയ എതിര്‍പ്പിനു കാരണമായിരുന്നു. ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രധാന ഉദ്യോഗസ്ഥരടക്കം രാജിവയ്ക്കുകയും ചെയ്തു. സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതായി കഴിഞ്ഞ മാസമാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ആഴ്ചകള്‍ക്കുള്ളില്‍തന്നെ തീരുമാനം നടപ്പാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനമെങ്കിലും പ്രതിഷേധങ്ങളും എതിര്‍പ്പുമുയര്‍ന്നതോടെ നടപടികള്‍ക്ക് വേഗം കുറഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ ഇസ്‌റാഈല്‍ അടക്കമുള്ള രാജ്യങ്ങളിലേക്കയച്ചിരിക്കുന്നത്.
സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നത് മേഖലയില്‍ ഇറാന്റെ ശക്തി വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് ഇസ്‌റാഈലിന്റെ നിലപാട്. കൂടാതെ, സൈനിക പിന്‍മാറ്റം കുര്‍ദുകള്‍ക്കെതിരായി തുര്‍ക്കി നടത്തുന്ന നീക്കങ്ങള്‍ക്ക് ഉത്തേജനമാകുമെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ, സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കരുതെന്ന് ചില സഖ്യകക്ഷികളും ചില സംഘടനകളും അമേരിക്കയോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്. സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തിന് അമേരിക്കയുടെ സഹായം തുടര്‍ന്നും ലഭ്യമാക്കണമെന്ന് തുര്‍ക്കിയും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."