മുസ്ലിംകളെ രാജ്യത്ത് നിന്ന് ആട്ടിയോടിക്കാന്‍ ആര്‍ക്കും സാധിക്കില്ല: കാന്തപുരം
കോഴിക്കോട്: മുസ്ലിംകളെ രാജ്യത്തു നിന്ന് ആട്ടിയോടിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എന്തുകൊണ്ടാണ് മുസ്ലിംകള്ക്ക് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്നത് എന്നതിന്റെ കാരണം പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. കോഴിക്കോട് നടന്ന യു.ഡി.എഫ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വത്തിനു നിയമം ആവശ്യമാണ്. എന്നാല്‍ മുസ്ലിം സമുദായത്തെ മാത്രം ഒഴിവാക്കാന്‍ എന്താണ് കാരണം. മുസ്ലിംകള് രാജ്യത്തോട് എന്തെങ്കിലും അന്യായം ചെയ്തിട്ടുണ്ടോ? ഇന്ത്യയിലെ രണ്ടു പ്രധാനമന്ത്രിമാരെ കൊന്നതിന്റെ പ്രതിപ്പട്ടികയില്‍ മുസ്ലിംകളില്ല. എന്തിനാണ് മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിക്കുന്നതെന്നും കാന്തപുരം ചോദിച്ചു.
എല്ലാ ജനങ്ങളും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ ഭരണഘടന നിലനിര്‍ത്താനാണ്. മുത്വലാഖ് ക്രിമിനല്‍ നിയമമാക്കി മാറ്റി. ഭര്‍ത്താവിന് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയും നല്കി. അവര്‍ക്ക് തുടര്‍ന്നും ഒരുമിച്ച് ജീവിക്കാനുള്ള നിയമവമുണ്ടാക്കി. ഇത്തരം നിയമ നിര്‍മാണങ്ങള്‍ നടത്തുന്ന സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. കശ്മീര്‍ വിഷയമുണ്ടായപ്പോഴും നാം വേണ്ട രീതിയില്‍ ശബ്ദിച്ചില്ല. ഭിന്നിപ്പില്ലാതെ, രാഷ്ട്രീയ താത്പര്യങ്ങളൊന്നുമില്ലാതെ എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."