വേദനകളും പരിഭവവും മറന്ന് കിടപ്പു രോഗികളുടെ കുടുംബ സംഗമം
മുക്കം: നാല് ചുമരുകള്‍ക്കുള്ളില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും നെയ്‌തെടുത്ത് കാലം കഴിക്കേണ്ടി വരുന്ന കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകി 'സ്‌നേഹക്കൂട്ട്' കുടുംബസംഗമം. കൊടിയത്തൂര്‍ പഞ്ചായത്ത് പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിലാണ് പന്നിക്കോട് കുടുംബ സംഗമം നടത്തിയത്. ദുഃഖങ്ങളും കഷ്ടപ്പാടുകളും യാതനകളും മറന്ന് അവര്‍ ആഘോഷിച്ചപ്പോള്‍ പലരും നീണ്ട വര്‍ഷങ്ങള്‍ക്കുശേഷമാണ് സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ടത്. ഒന്നര പതിറ്റാണ്ടിനു ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്‍മുമ്പില്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു തോട്ടുമുക്കം സ്വദേശി ജ്യോജി. പതിറ്റാണ്ടിലേറെയായി കിടപ്പിലായ വളപ്പില്‍ അബ്ദുല്ലക്ക് അത് രോഗം മറന്നുള്ള സന്തോഷ നിമിഷങ്ങളായിരുന്നു. ജനനം മുതല്‍ വീട്ടില്‍ തളക്കപ്പെട്ട മുപ്പത്തിരണ്ടു വയസുകാരന്‍ ചാത്തപറമ്പ് ഉമൈബാനും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. പന്നിക്കോട് എ.യു.പി സ്‌കൂളില്‍ പ്രത്യേകം സജീകരിച്ച 'സ്‌നേഹക്കൂട്ടി'ല്‍ നൂറിലധികം പേരാണ് ഒത്തുകൂടിയത്.
ഇരു കൈകളും ഇല്ലാതിരുന്നിട്ടും പരിമിതികള്‍ അതിജീവിച്ച് ഉയരങ്ങള്‍ കീഴടക്കിയ സമദ് കൊട്ടപ്പുറം, മേഗ്‌ന അശോക്, കലാഭവന്‍ അനില്‍ കുമാര്‍, മജീഷ്യന്‍ കെ.ടി.എസ് നെല്ലിക്കാപറമ്പ് എന്നിവരുടെ സാന്നിധ്യവും കലാപരിപാടികളും സംവാദവും രോഗികള്‍ക്ക് പുത്തന്‍ അനുഭവമേകി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം. അബ്ദുറഹിമാന്‍ അധ്യക്ഷനായി. കെ.പി അബ്ദുറഹിമാന്‍, സ്വപ്ന വിശ്വനാഥ്, ഷിജി പരപ്പില്‍, താജുന്നിസ, കെ.പി ചന്ദ്രന്‍, ഉമാ ഉണ്ണികൃഷ്ണന്‍, പി. ഉപ്പേരന്‍, പി. ഷിനോ, മജീദ് പുതുക്കുടി, ബാബു മൂലയില്‍, സി. കേശവന്‍ നമ്പൂതിരി, ഡോ. നൗഷാദ്, മജീദ് കുവ്വപ്പാറ, പി.എം നാസര്‍, നിസാര്‍ കൊളായി, സി.ടി സലീജ, മജീദ് പുളിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."