പൗരത്വ നിയമ ഭേദഗതിക്കെതിരേ കൂട്ടായ ചെറുത്തുനില്‍പ്പ് വേണം: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് നടന്ന യു.ഡി.എഫ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിക്കെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കണം. സമസ്ത രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാറില്ല.
എന്നാല്‍, നിര്‍ണായക ഘട്ടങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പാരമ്പര്യത്തെ നശിപ്പിക്കുമ്പോള്‍ അത് നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോരാട്ടങ്ങളിലും സമസ്ത ഒപ്പമുണ്ടാകും. പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിക്കാന്‍ തയാറാകണം.
സ്വാതന്ത്ര്യസമരത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരമാണിത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച മുതല്‍ ആരംഭിക്കേണ്ടിയിരുന്ന പ്രക്ഷോഭമായിരുന്നു ഇത്. അന്ന് മുസ്‌ലിംകള്‍ സമാധാനത്തിന് വേണ്ടിയാണ് നിലകൊണ്ടത്.
അന്ന് പ്രശ്‌നത്തിനെതിരേ നിലകൊള്ളുന്നതില്‍ ചെറിയ അനാസ്ഥയുണ്ടായി. അന്ന് മുസ്‌ലിംകള്‍ ദുര്‍ബലരായതുകൊണ്ടാണ് സമരം ചെയ്യാതിരുന്നതെന്ന് ആരും കരുതേണ്ടതില്ല.
രാജ്യത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിണ്ടാതിരുന്നത്. നോട്ട് നിരോധനം പോലുള്ള നിയമം കൊണ്ടുവന്നപ്പോഴും മുത്വലാഖ് നടപ്പാക്കിയപ്പോഴും നാം മിണ്ടാതിരുന്നു.
അന്ന് കൂട്ടായ സമരംചെയ്യാന്‍ ആരും തയാറായില്ല. ഇനിയെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."