കൊല്ലം ബൈപാസ് ഉദ്ഘാടനം രാഷ്ട്രീയ വിവാദമാകുന്നു; സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് ഇടതുജനപ്രതിനിധികള്‍
കൊല്ലം: കൊല്ലം ബൈപാസ് ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കൊല്ലം ബൈപാസ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണെന്നും റോഡ് ഇടതുപക്ഷ പ്രതിനിധികളായ കടന്നുപോകുന്ന സ്ഥലങ്ങളിലെ എം.എല്‍.എമാരും കോര്‍പറേഷന്‍ മേയറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കൊല്ലത്തിന്റെ വികസനകാര്യത്തില്‍ ഒരു നാഴികകല്ലുകൂടി പിന്നിടുകയാണെന്നും എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ്, എന്‍. വിജയന്‍പിള്ള, മേയര്‍ വി. രാജേന്ദ്രബാബു എന്നിവര്‍ വ്യക്തമാക്കി.
കൊല്ലം ബൈപാസ് എന്ന ആശയം 1970കളിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്‍.എച്ച് 47ന് സമാന്തരമായി മേവറം-അയത്തില്‍-കല്ലുംതാഴം, കടവൂര്‍, ആല്‍ത്തറമൂട് വഴി 13.14 കിലോമീറ്റര്‍ ദൂരത്തില്‍ ബൈപാസ് നിര്‍മിക്കാനായിരുന്നു പദ്ധതി. കേന്ദ്രഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നത് 1978 മേയ് മൂന്നിനാണ്. മേവറം മുതല്‍ അയത്തില്‍ വരെയുള്ള 3.266 കിലോമീറ്റര്‍ ഒന്നംഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കി. 1996 മേയ് 20ന് നാടിന് സമര്‍പ്പിച്ചു. 8.31 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. അയത്തില്‍ മുതല്‍ കല്ലുംതാഴം വരെയുള്ള 1.525 കിലോമീറ്ററായിരുന്നു രണ്ടാംഘട്ടം. യഥാസമയം ഇതിന്റെ നിര്‍മാണം നടന്നില്ല. അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. 1999ല്‍ പി.രാജേന്ദ്രന്‍ എം.പി ആയതിന് ശേഷമാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ചതെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. 2004 ഫെബ്രുവരി എട്ടിന് രണ്ടാംഘട്ടം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു.
കല്ലുംതാഴം മുതല്‍ തൃക്കടവൂര്‍ വരെയുള്ള 3.79 കിലോമീറ്ററായിരുന്നു മൂന്നാംഘട്ടം. തൃക്കടവൂര്‍ മുതല്‍ ആല്‍ത്തമറമൂട് വരെ 4.56 കിലോമീറ്ററായിരുന്നു നാലാംഘട്ടം. ഇവ കേന്ദ്രത്തിന് സ്വന്തം നിലയില്‍ ചെയ്യാനാകില്ലെന്നും ബി.ഒ.ടി വ്യവസ്ഥയില്‍ ചെയ്യണമെന്നും അന്നത്തെ വാജ്‌പേയ് സര്‍ക്കാര്‍ നിലപാടെടുത്തു. അങ്ങനെയെങ്കില്‍ ഇത് സംബന്ധിച്ച് സാധ്യതാപഠനം നടത്താന്‍ ഉപരിതല ഗാതാഗത മന്ത്രിയോട് പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചെന്നൈ ആസ്ഥാനമായ എല്‍ ആന്‍ഡ് ടി റാംബോളിനെ പഠനത്തിന് നിയോഗിച്ചു. ബി.ഒ.ടി പ്രായോഗികമല്ലെന്നായിരുന്നു അവരുടെ വാദം. വിഷയം വീണ്ടും എം.പി ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ റോഡ്ഭാഗം കേന്ദ്രം സ്വന്തം നിലയിലും പാലങ്ങള്‍ ബി.ഒ.ടി വ്യവസ്ഥയിലും ചെയ്യാമെന്ന് നിലപാടെടുത്തു.
എം.പിയുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് മൂന്നും നാലും ഘട്ടങ്ങള്‍ ദേശീയപാത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 80 കോടി രൂപയായിരുന്നു അടങ്കല്‍ തുക. 2009ല്‍ പി.രാജേന്ദ്രന്‍ എം.പി സ്ഥാനം ഒഴിഞ്ഞു. അന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ.എന്‍ ബാലഗോപാലും ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തി. 2010ല്‍ രാജഗോപാല്‍ രാജ്യസഭാംഗമായതോടെ ഈ ശ്രമങ്ങള്‍ക്ക് ഗതിവേഗം വന്നു.
ദേശീയപാത നാലുവരിയാക്കുന്നതിന് സമ്മതമാണെന്ന് രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാത്രമേ കേരളത്തിലെ ദേശീയപാതകളുമായി ബന്ധപ്പെട്ട എല്ലാവിധ പദ്ധതികള്‍ക്കും അനുവാദം നല്‍കൂ എന്ന ഉറച്ച നിലപാടായിരുന്നു രണ്ടാം യു.പി.എ സര്‍ക്കാരിന്. വി.എസ് സര്‍ക്കാര്‍ ഇത് അംഗീകരിച്ചു. ഇതിനെ തുടര്‍ന്നാണ് പദ്ധതി ചെലവ് പങ്കിടല്‍ വ്യവസ്ഥയില്‍ കേരളത്തിലെ ബൈപാസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് കേരളത്തിന് കേന്ദ്രം ഉറപ്പുനല്‍കിയത്.
തുടര്‍ന്ന് സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 2014ല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ല. 46 പില്ലറുകളില്‍ ഒന്‍പത് മാത്രമാണ് ഈ കാലയളവില്‍ നിര്‍മിച്ചതെന്നും എം.എല്‍.എമാര്‍ പറഞ്ഞു. 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പ്രവൃത്തി പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പദ്ധതി വിഹിതം പൂര്‍ണമായി നല്‍കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിരന്തര ഇടപെടല്‍ നടത്തിയാണ് മണ്ണും പാറ ഉത്പന്നങ്ങളും ലഭ്യമാക്കിയത്. ഇതിനായി നിരവധി തവണ ഉദ്യോഗസ്ഥ തലത്തില്‍ യോഗം വിളിച്ച് ചേര്‍ക്കുകയുമുണ്ടായി.
ജിയോളജി വകുപ്പിന്റേതടക്കം സാങ്കേതിക തടസങ്ങള്‍ ഉയര്‍ന്നപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെട്ടു. 46ല്‍ 37 പില്ലറുകളും ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മിച്ചത്. 75 ശതമാനത്തിലധികം നിര്‍മാണ പ്രവര്‍ത്തനവും ഇക്കാലയളവിലാണ് നടന്നത്. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ കീഴിലാണ് നിര്‍മാണം നടന്നുവരുന്നത്. 2018 ഒക്ടോബര്‍ 25ന് മന്ത്രിമാരായ ജി.സുധാകരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു, എം.എല്‍.എമാരായ എന്‍.വിജയന്‍പിള്ള, എം.നൗഷാദ്, മേയര്‍ വി.രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും ബൈപാസ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനയോഗം നടത്തി.
ബൈപാസിന്റെ ഇരുവശങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കാനും റോഡ് സുരക്ഷാനിയമം അനുശാസിക്കുന്ന സിഗ്നല്‍ സംവിധാനമുണ്ടാക്കാനും മന്ത്രി ജി.സുധാകരന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്‍കി. ഈമാസം തന്നെ നിര്‍മാണത്തിന്റെ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നി ദേശീയപാത ചീഫ് എന്‍ജിനിയര്‍ മന്ത്രി ജി. സുധാകരനെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."