വടകരയില്‍ കേടായ തെരുവുവിളക്കുകള്‍ നന്നാക്കാന്‍ നടപടിയില്ല
വടകര: നഗരസഭാ പരിധിയില്‍ കേടായ തെരുവു വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി അനന്തമായി നീളുന്നു. നഗരസഭയിലെ 47 വാര്‍ഡുകളിലും ഭൂരിഭാഗം തെരുവുവിളക്കുകളും കത്തുന്നില്ല. ചില വാര്‍ഡുകളില്‍ തെരുവു വിളക്കുകള്‍ പൂര്‍ണമായും കണ്ണടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തെരുവു വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ണമായും നിലച്ചിരിക്കുന്നു. പൊതുജനങ്ങള്‍ വലിയ തോതിലുള്ള പരാതിയാണ് ഈ വിഷയത്തില്‍ ഉന്നയിക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.
കടകളില്‍ നിന്നുമുള്ള വെളിച്ചം ഓഫ് ചെയ്താല്‍ പൂര്‍ണമായി ഇരുട്ടിലാവുകയാണ് ഇപ്പോള്‍ നഗരം. ഇതിനാല്‍ തന്നെ സാമൂഹ്യ വിരുദ്ധര്‍ക്കും പിടിച്ചു പറിക്കാര്‍ക്കും ഇത് അനുഗ്രഹമായിരിക്കുകയാണ്. പുലര്‍ച്ചെ ട്രെയിനുകളിലും മറ്റുമെത്തുന്നവര്‍ ഭീതിയോടെയാണ് വഴി നടക്കുന്നത്.
തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കാത്തത് പല തവണ നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് വിഷയമായിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായില്ല. ഇതിനിടെ ടെന്‍ഡര്‍ നടപടികള്‍ നീണ്ടു പോവുകയുമാണ്. ടെന്‍ഡര്‍ എടുക്കാന്‍ ഒരാള്‍ മാത്രം എത്തിയതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കാനാണ് നഗരസഭയുടെ തീരുമാനം.
ഭൂരിഭാഗം തെരുവുവിളക്കുകളും കണ്ണടച്ചിട്ടും വൈകി മാത്രം ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോയത് കൊണ്ടാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."